ഗുലാം മുസ്തഫ ഖാനും ഇളയരാജക്കും പരമേശ്വരനും പത്മവിഭൂഷണ്‍; പത്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹരായവരില്‍ മാര്‍ ക്രിസോസ്റ്റം, ധോണി എന്നിവരും

padmaന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷണ്‍ സമ്മാനിക്കും. ഭാരതരത്‌നയ്ക്കു ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയാണു പത്മവിഭൂഷണ്‍. ഇളയരാജയ്ക്ക് 2009ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണ്‍ സമ്മാനിക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി, സ്‌നൂക്കര്‍ താരം പങ്കാജ് അദ്വാനി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ അരവിന്ദ് പരീഖ്, ആര്‍ക്കിയോളജിസ്റ്റ് രാമചന്ദ്രന്‍ നാഗസ്വാമി, ചിത്രകാരന്‍ ലക്ഷ്മണ്‍ പൈ എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി. പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചവരില്‍ 16 പേര്‍ വിദേശികളും പ്രവാസികളുമാണ്. മരണാനന്തര ബഹുമതിയായി മൂന്നു പേര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.

സാന്ത്വന ചികില്‍സാരംഗത്തു നിന്നുള്ള ഡോ.എം.ആര്‍.രാജഗോപാല്‍, പാരമ്പര്യ വിഷ ചികില്‍സാമേഖലയില്‍ ‘വനമുത്തശ്ശി’ എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നീ മലയാളികള്‍ക്ക് ഉള്‍പ്പെടെ പത്മശ്രീ പുരസ്‌കാരം. മലയാളിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പരംവിശിഷ്ട സേവാമെഡല്‍ നല്‍കും. പശ്ചിമ വ്യോമ കമാന്‍ഡ് മേധാവിയാണ് ചന്ദ്രശേഖരന്‍ ഹരികുമാര്‍.

പത്മശ്രീ പുരസ്‌കാരങ്ങള്‍:

മിരാഭായ് ചാനു (ഭാരോദ്വഹനം)

സോംദേവ് ദേവരാമന്‍ (ടെന്നിസ്)

കിഡംബി ശ്രീകാന്ത് (ബാഡ്മിന്റന്‍)

മുരളീകാന്ത് പേട്കര്‍ (പാരാലിംപിക്‌സ് വിജയി)

അന്‍വര്‍ ജലാല്‍പുര്‍ (ഉറുദു സാഹിത്യം)

ഇബ്രാഹിം സത്താര്‍ (സൂഫി സംഗീതം)

മാനസ് ബിഹാറി വര്‍മ (പ്രതിരോധം–ശാസ്ത്രം)

സിത്തവ്വ ജോദ്ദാതി (സാമൂഹിക സേവനം)

നൗഫ് മര്‍വായ് (യോഗ)

വി.നാനമ്മാള്‍ (യോഗ)

അരവിന്ദ് ഗുപ്ത (വിദ്യാഭ്യാസം, സാഹിത്യം)

ഭാജു ശ്യാം (ചിത്രകല)

സുധാന്‍ഷു ബിശ്വാസ് (സാൂഹിക സേവനം)

മുര്‍ളികാന്ത് പേട്കര്‍ (കായികം)

രാജഗോപാലന്‍ വാസുദേവന്‍ (ശാസ്ത്രം)

സുഭാഷിണി മിസ്ത്രി (സാമൂഹിക സേവനം)

വിജയലക്ഷ്മി നവനീത കൃഷ്ണന്‍ (സാഹിത്യം)

സുലഗട്ടി നരസമ്മ (വൈദ്യശാസ്ത്രം)

യേഷി ദോഡെന്‍ (വൈദ്യശാസ്ത്രം)

റാണി/അഭയ് ഭാങ് (വൈദ്യശാസ്ത്രം)

ലെന്റിന അവോ താക്കര്‍ (സാമൂഹിക സേവനം)

റോമുലസ് വിറ്റേക്കര്‍ (വനസംരക്ഷണം)

സമ്പത്ത് റാംതെക് (സാമൂഹിക സേവനം)

സാന്‍ദുക് റൂയിത്ത് (വൈദ്യശാസ്ത്രം)

2017 ഏപ്രില്‍ 27ന് 99 വയസ്സ് പൂര്‍ത്തിയാക്കി ഈ വര്‍ഷം നൂറാം വയസിലേക്കു പ്രവേശിക്കുകയാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. 1918 ഏപ്രില്‍ 27നു വികാരി ജനറാള്‍ വട്ടക്കോട്ടാല്‍ അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടില്‍ ശോശാമ്മയുടെയും പുത്രനായി ജനനം. കോഴഞ്ചേരി ഹൈസ്‌ക്കൂളിലും ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂളിലും ആലുവ യുസി കോളജിലുമായി പഠനം. 1940ല്‍ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 1943ല്‍ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ വൈദിക പഠനം. 1944 ജനുവരി ഒന്നിന് ശെമ്മാശനും അതേ വര്‍ഷം ജൂണ്‍ മൂന്നിനു വൈദികനുമായി. 1944ല്‍ ബെംഗളൂരു ഇടവക വികാരിയായി.

1978 ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്ത. 1980ല്‍ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷന്‍. 1990ല്‍ റാന്നി– നിലയ്ക്കല്‍, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂര്‍– തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍. 1999 മാര്‍ച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്ത, 1999 ഒക്ടോബര്‍ 23ന് ഇരുപതാം മാര്‍ത്തോമ്മാ (മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത). 2007 ഒക്ടോബര്‍ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ് മാരാമണ്ണിലെ അരമനയിലേക്കു താമസം മാറ്റി. ഇപ്പോള്‍ വിശ്രമജീവിതം.

2017ലെ നവതി ആഘോഷത്തിനു പിന്നാലെയാണ് പി.പരമേശ്വരനെത്തേടി പത്മവിഭൂഷണ്‍ പുരസ്‌കാരമെത്തുന്നത്. ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ ചാരമംഗലം എന്ന ഗ്രാമത്തില്‍, താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ ജനത്തിന്റെയും ഇളയമകനായി 1926 ലായിരുന്നു ജനനം. ചിന്തകനും എഴുത്തുകാരനുമായ പരമേശ്വരന്‍ ആര്‍എസ്എസ് പ്രസ്ഥാനങ്ങളുടെയും ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘത്തിന്റെയും താത്വികാചാര്യനുമായിരുന്നു.

ചങ്ങനാശ്ശേരി എസ്ബി. കോളജിലും തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലുമായിരുന്നു ഉന്നതവിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്താണ് ആര്‍എസ്എസിലേക്ക് ആകൃഷ്ടനാകുന്നത്. ആര്‍എസ്എസ്. തലവന്‍ എം.എസ്. ഗോള്‍വാള്‍ക്കറുമായുള്‍പ്പെടെ അടുത്ത ബന്ധമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാപാര്‍ട്ടി അധികാരത്തിലേറിയെങ്കിലും മാറി നില്‍ക്കാനായിരുന്നു തീരുമാനം.

അക്കാലത്ത് ഡല്‍ഹിയില്‍ ദീനദയാല്‍ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. പിന്നീട് കേരളത്തിലേക്കു തിരിച്ചെത്തി 1982ല്‍ തിരുവനന്തപുരം ആസ്ഥാനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചു. അന്നുമുതല്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തുണ്ട്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചു.

Print Friendly, PDF & Email

Leave a Comment