Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

എന്റെ മരണാനന്തര ശേഷക്രിയകള്‍ (ചാക്കോ കളരിക്കല്‍)

January 26, 2018 , ചാക്കോ കളരിക്കല്‍

my photoഈ അടുത്ത കാലത്ത്, മരണാനന്തര ശുശ്രൂഷ സംബന്ധിച്ചുള്ള രണ്ടു സംഭവങ്ങള്‍ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുകയുണ്ടായി. ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ദഹിപ്പിക്കുകയുണ്ടായി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച അദ്ദേഹത്തിന്റെ ഭാര്യയെയും സ്വന്തം സ്ഥലത്തുവെച്ച് ദഹിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം ശ്രീ സാമുവേല്‍ കൂടല്‍ അദ്ദേഹത്തിന്റെ സ്വന്തം ഭവനത്തില്‍വെച്ച് മൂത്ത മകനെകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവരുടെ വീട്ടുവളപ്പില്‍ വെച്ച് ശവദാഹം നടത്തിക്കൊള്ളാമെന്ന് ക്ഷണിക്കപ്പെട്ട അനേകരുടെ മുന്‍പില്‍വെച്ച് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് യു ട്യൂബില്‍ കാണാനിടയായി. ഈ രണ്ട് ക്രിസ്തീയ മഹല്‍ വ്യക്തികളും മരണാനന്തരശുശ്രൂഷ എപ്രകാരം ആയിരിക്കണമെന്നുള്ളതിന്റെ വലിയ ഓരു മാതൃക ലോകര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. അവര്‍ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍.

2007-ല്‍ ഇടമറ്റംകാരനും CGH-Earth Group (Casino Hotel Group)-ന്റെ ഉടമയുമായിരുന്ന ശ്രീ. ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍നിന്നും അദ്ദേഹത്തിന്റെ ഭൗതികശരീരം ദഹിപ്പിക്കാനുള്ള അനുവാദം വാങ്ങിയെന്നും അദ്ദേഹം മരിച്ചപ്പോള്‍ ശവദാഹം നടത്തിയെന്നും അന്ന് എവിടെയോ വായിച്ചതായി ഓര്‍മ്മിക്കുന്നു. കത്തോലിക്കാ സഭയിലെ പരമാധികാരം അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് നാം എന്തിന് വീണ്ടും അനുവാദം വാങ്ങിക്കണം?

സീറോ-മലബാര്‍ സഭയിലെ എല്ലാകാര്യങ്ങളും അങ്ങനെയൊക്കെതന്നെ ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടല്ലേ പെസഹാവ്യാഴാഴ്ച സ്ത്രീകളുടെ പാദങ്ങള്‍ കഴുകണ്ടെന്ന് സീറോ-മലബാര്‍ സഭാധികാരം തീരുമാനിച്ചത്. പോപ്പിനെ വേദപാഠം പഠിപ്പിക്കുന്ന മെത്രാന്മാര്‍! വിശ്വാസികളെയും പ്രത്യേകിച്ച് സ്ത്രീകളെയും വെറും അടിമകളായി കാണാനേ, അഹങ്കാരികളായ ഇന്ത്യയിലെ മെത്രാന്മാര്‍ക്ക് കഴിയൂ. അവരോട് സഹതാപം തോന്നുന്നു.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മൃതശരീരത്തെ ചിതയില്‍ വെച്ചോ ക്രെമറ്റോറിയം (Crematorium) ഉപയോഗിച്ചോ ദഹിപ്പിക്കുന്ന രീതിയെ നാം പ്രോത്സാഹിപ്പിക്കണ്ടതാണ്. അത് ഭാരതിയ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു പാരമ്പര്യമാണ്. ഉദാഹരണത്തിന് ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിക്കുകാര്‍, ജൈനമതക്കാര്‍ എല്ലാം ശവദാഹമാണ് അവരുടെ സമുദായങ്ങളില്‍ കാലാകാലങ്ങളായിട്ട് നടത്തികൊണ്ടിരിക്കുന്ന സമ്പ്രദായം. ലോകത്തിലെ പല പ്രാചീന സംസ്‌ക്കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആസ്‌ട്രേലിയയില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യന്‍, യൂറോപ്യന്‍, ഹിന്ദുതട സംസ്‌കാരങ്ങളിലെല്ലാം മൃതശരീരം ദഹിപ്പിക്കല്‍ ഉണ്ടായിരുന്നു.

അഞ്ചാം നൂറ്റാണ്ടോടുകൂടി ശവം മണ്ണില്‍ സംസ്‌ക്കരിക്കുന്നതിലേക്ക് പാശ്ചാത്യ രാജ്യങ്ങള്‍ തിരിഞ്ഞത് ക്രിസ്ത്യന്‍ സ്വാധീനം കൊണ്ടുമാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാര്‍ ശവദാഹം നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികള്‍ ശവദാഹം ചെയ്യാന്‍ പാടില്ലെന്ന് 789-ല്‍ വിശുദ്ധ റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തി ചാര്‍ലി മെയ്ന്‍ കല്പന പുറപ്പെടുവിച്ചതു കൂടാതെ നിയമവിരുദ്ധമായി പെരുമാറുന്നവര്‍ക്ക് വധശിക്ഷയും പ്രഖ്യാപിച്ചു. മരണശേഷം പുന:രുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവമുന്‍പാകെ പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് മൃതശരീരം മണ്ണില്‍ സംസ്‌ക്കരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. കൂടാതെ, ശാസ്ത്രീയ അറിവിന്റെ പോരായ്മ മൂലമാവാം, ദൈവത്തിനും ക്രിസ്ത്യാനികള്‍ക്കും വിരുദ്ധമായ വൃത്തികെട്ട ഒരു പ്രവര്‍ത്തിയായി ശവദാഹത്തെ സഭ കാണാന്‍ ഇടയായത്.

നിത്യരക്ഷയുടെ അതീന്ദ്രിയമായ അഥവാ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം; സൃഷ്ടിയായ ആത്മാവ് സൃഷ്ടാവില്‍ (ബ്രഹ്മനില്‍) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ തിരിച്ചറിവിന്റെയും മൃതശരീരം ദാഹിപ്പിക്കുന്നതിലെ ശാസ്ത്രീയ ഗുണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്ക സഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കല്‍ അനുവദിച്ചത്. കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ശവദാഹത്തെ മുടക്കിയിരുന്നെങ്കിലും 1963-ല്‍ മാര്‍പാപ്പ ആ മുടക്കിനെ നീക്കം ചെയ്തു. 1966-ല്‍ കത്തോലിക്കാ പുരോഹിതര്‍ക്ക് ശവദാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കാനും മാര്‍പാപ്പ അനുവാദം നല്‍കി.

ശാസ്ത്രീയമായും സാമൂഹ്യമായും മതപരമായും മൃതശരീരം അഗ്‌നിക്കിരയാക്കുന്നതാണ് മണ്ണില്‍ സംസ്‌ക്കരിക്കുന്നതിലും അഭികാമ്യം. മണ്ണില്‍ സംസ്‌ക്കരിച്ചാല്‍ മൃതശരീരം ജീര്‍ണിക്കുമ്പോള്‍ അതില്‍നിന്നും ഒഴുകിവരുന്ന ദ്രാവകം കുടിവെള്ളത്തില്‍ കലര്‍ന്ന് അശുദ്ധമാകാന്‍ ഇടയുണ്ട്. ശവസംസ്‌കാരത്തിന് സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിധിയുള്ളതിനാല്‍ മൃതശരീരം ദഹിപ്പിക്കുന്നതാണ് പ്രായോഗികം. തന്നെയുമല്ല, ജനസംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ശവസംസ്‌കാരത്തിന്റെ ഫലമായി രോഗങ്ങള്‍ ഉണ്ടാകാം. മൃഗങ്ങളും പക്ഷികളും മറ്റും ഭക്ഷിച്ചെന്നിരിക്കാം. ഇതെല്ലാം ഒഴിവാക്കാന്‍ മൃതശരീരം ദഹിപ്പിക്കല്‍ സഹായകമാണ്.

കത്തോലിക്കരുടെ ഇടയില്‍പോലും, അമേരിക്കയില്‍ ഇന്ന് 35-40% വരെ ശവം ദഹിപ്പിക്കലാണ് ചെയ്യുന്നത്. മൃതശരീരം ദഹിപ്പിക്കല്‍ അമേരിക്കന്‍ സംസ്‌കാരത്തില്‍ പെട്ടതല്ലെങ്കിലും അതിന്റെ ശാസ്ത്രീയമായ ഗുണങ്ങളാണ് (സുരക്ഷിതവും ആരോഗ്യപരവും ഏറ്റവും ചിലവുകുറഞ്ഞതും) അവരെ അതിന് പ്രേരിപ്പിക്കുന്നത്. യൂറോപ്പില്‍ നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പുമുതല്‍ മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ (crematorium) നിര്‍മിച്ചുതുടങ്ങിയിരുന്നു.

ഭാരത സംസ്‌ക്കാരം മൃതശരീരത്തെ ദഹിപ്പിക്കലാണെന്നിരുന്നിട്ടും ആഗോള കത്തോലിക്ക സഭ മൃതശരീരം ദഹിപ്പിക്കുന്നതിന് അനുകൂല നിലപാടാണെന്നിരുന്നിട്ടും എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്ക സഭാധികാരം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ തീര്‍ച്ചയായും കാണും. സഭാപൗരര്‍ക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി) പള്ളിപറമ്പിലെ ശവസംസ്‌ക്കാരം വഴി ഇടവകാംഗങ്ങളെ സാമ്പത്തികമായി കുത്തിപ്പിഴിയാനും (കല്ലറ വില്പന) അത് ഏറെ പ്രയോജനപ്പെടും. മൃതശരീരം ദഹിപ്പിക്കുന്നതിനും അതല്ലെങ്കില്‍ പൊതു ശ്മശാനങ്ങളിലോ സ്വന്തം വീട്ടുവളപ്പിലോ സംസ്‌കരിക്കുന്നതിനും വിശ്വാസികള്‍ മുന്‍പോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദഹിപ്പിച്ചാലും സംസ്‌ക്കരിച്ചാലും മരണാനന്തര കര്‍മ്മങ്ങള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് പള്ളിയില്‍ നടത്താവുന്നതാണ്. ശവം ദഹിപ്പിക്കലും സംസ്‌ക്കരിക്കലും ഓരോ വ്യക്തിയുടെയും ആഗ്രഹത്തിന് വിട്ടുകൊടുക്കേണ്ടതാണ്.

സഭാധികാരികള്‍ വ്യക്തികളുടെ തീരുമാനത്തില്‍ കൈകടത്തുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ ഇനിയും വളരെയധികം വളരാനിരിക്കുന്നു. വിശ്വാസികളുടെ അറിവില്ലായ്മയെയും അന്ധവിശ്വാസത്തെയും മൂഢത്വത്തെയും പുരോഹിതര്‍ ചൂഷണം ചെയ്യുന്നു. അതിന് ഒരു അറുതിവരാന്‍ വിശ്വാസികളെ നാം ബോധാവല്‍ക്കരിക്കണ്ടിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ ചിലവിന് ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit) പൊതുപ്രദര്‍ശനമോ (funeral visitation or wake) പുരോഹിത സാന്നിധ്യമോ പ്രാര്‍ത്ഥനകളോ ഒന്നുമില്ലാതെ കഴിവതും വേഗം (സാധിക്കുമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍) എന്റെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്നാണ് ഞങ്ങളുടെ ഫാമിലി ട്രസ്റ്റില്‍ ഞാന്‍ എഴുതിവെച്ചിരിക്കുന്നത് എന്ന വിവരം ഞാനിവിടെ പരസ്യപ്പെടുത്തുന്നു.

ഈ പരസ്യപ്പെടുത്തല്‍ വഴി ശവദാഹത്തിനുള്ള ഉത്തേജനം ആര്‍ക്കെങ്കിലും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശവദാഹം തീരുമാനിച്ചുവെച്ചിരിക്കുന്ന വ്യക്തികള്‍ ശ്രീ സാമുവേല്‍ കൂടലിനെപ്പോലെ അവരുടെ തീരുമാനം പരസ്യപ്പെടുത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യൂന്നു.

ശ്രീ കൂടലിന്റെ യു ട്യൂബ് വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top