Flash News

ബിനോയ് കോടിയേരിയുടെ ദുബൈയിലെ സാമ്പത്തിക ഇടപാട്; വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍

January 30, 2018

binoy_kodiyeri_collage_useതൃശ്ശൂര്‍: മകനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ അറബി ഇന്ത്യയില്‍ വന്ന് എന്തിന് ബുദ്ധിമുട്ടണം, ബിനോയ് ദുബൈയില്‍ തന്നെയുണ്ടല്ലോ, നിയമനടപടികള്‍ അവിടെ സ്വീകരിക്കാവുന്നതാണെന്ന് കോടിയേരി പറഞ്ഞു.

‘സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞതിനപ്പുറം ഇക്കാര്യത്തിൽ ഒന്നും വിശദീകരിക്കാനില്ല. പരാതിക്കാരനായ ദുബൈ ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖിയെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിയമവിരുദ്ധ പ്രവർത്തനം നടത്തിയെങ്കിൽ ബിനോയ് നടപടി നേരിടട്ടെ. വ്യക്തിപരമായി കാര്യങ്ങൾക്കു പാർട്ടി വേദി ഉപയോഗിക്കില്ല. ബിനോയ് ദുബൈയിലുണ്ട്, നിയമനടപടികൾ അവിടെ സ്വീകരിക്കാം. മകനെതിരെ പരാതി നൽകിയ അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട’– കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത്, 2007ൽ, മകൻ ബിനോയിയുടെ സുഹൃത്ത് രാഖുൽ കൃഷ്ണനും യുഎഇ പൗരനും ചേർന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോൾ നിയമ നടപടികളിലേക്കും സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്കും എത്തിനിൽക്കുന്നത്. കേസിൽ പാർട്ടി കക്ഷിയല്ലെന്നും ഇടപെടില്ലെന്നുമാണു നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടില്‍ അന്ത്യശാസനവുമായി ദുബൈ കമ്പനി രംഗത്തെത്തിയിരുന്നു. ഫെബ്രുവരി അഞ്ചിനകം പണമിടപാട് ഒത്തുതീര്‍പ്പാക്കണമെന്ന് കമ്പനി അറിയിച്ചു. ഇല്ലെങ്കില്‍ വാര്‍ത്താ സമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിടുമെന്ന് കമ്പനി ഉടമയും യുഎഇ പൗരനുമായ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍ മധ്യസ്ഥരെ അറിയിച്ചു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മര്‍സൂഖിയുടെ അഭിഭാഷകന്‍ മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയം ധരിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയും വാര്‍ത്താസമ്മേളനം നടത്താനായി തിരുവനന്തപുരം പ്രസ് ക്ലബിന്റെ അനുമതിയും കമ്പനി അധികൃതര്‍ തേടിയിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാഹുല്‍ കൃഷ്ണയുടെയും പരാതി. ജാസ് ടൂറിസം കമ്പനി ഉടമയായ മര്‍സൂഖി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതി നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടില്‍ നിന്ന ലഭ്യമാക്കിയെന്നാണ് പരാതി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top