നദിക്കിക്കരെയുള്ള നാട്ടു വഴിയില്‍ തന്റെ ഓലക്കുടയും ചൂടി നമ്മുടെ കണിയാന്? നദിക്കക്കരെയുള്ള വീട്ടുമുറ്റത്ത് തുടലില്‍ തളച്ചിട്ടിരിക്കുന്ന നാടന്‍ പട്ടി. പട്ടിയുടെ കുര കൂടുതല്‍ ഉച്ചത്തിലായതോടെ കണിയാന് ഒന്ന് നടുങ്ങി?
“ഹേയ് ഒന്നും സംഭവിക്കുകയില്ല. തനിക്കും പട്ടിക്കുമിടയില് നിറഞ്ഞൊഴുകുന്ന പുഴയുണ്ട്. പോരെങ്കില്‍, പട്ടി തുടലില്‍ പൂട്ടപ്പെട്ടിരിക്കുകയുമാണ്. പിന്നെന്താ ?”
കണിയാന് നടക്കാന്‍ തുടങ്ങിയെങ്കിലും, ശൗര്യത്തോടെ ചാടിക്കുരക്കുന്ന പട്ടിയെ ഒന്നുകൂടി നോക്കിപ്പോയി. പെട്ടന്ന് നക്ഷത്രവും, തിഥിയും, ഗ്രഹ നിലയുമെല്ലാം കണിയാന്റെ മനസ്സിലേക്കോടിയെത്തി. കണിയാന് ഞെട്ടി. തനിക്കറിയുന്ന ഗണന സൂത്രത്തില്‍ അപകടം കണിയാന് ഗണിച്ചെടുത്തു. “പുഴ വറ്റിപ്പോവുകയും, തുടല് അറ്റുപോവുകയും ചെയ്താല്‍ കടി പറ്റിയത് തന്നെ.”
പിന്നെ താമസിച്ചില്ല, തന്റെ ഓലക്കുടയുടെ ചൂരല്ക്കാല് ചവിട്ടിയൂരിയെടുത്ത് കണിയാന് തയ്യാറെടുത്തു നിന്നു – പട്ടി വന്നാല്‍ അതിനെ നേരിടാനായി.
ഇ മലയാളിയില്‍ പ്രസിദ്ധീകരിച്ച ‘ദൈവകണം കണ്ടു, ദൈവത്തെ കണ്ടില്ല’ എന്ന എന്റെ ലേഖനത്തെക്കുറിച്ചുള്ള കമന്റ് കര്ത്താക്കളില് പലരും ( ഇവരില്‍ ചിലരെങ്കിലും വ്യാജന്മാരാണ് -പിന്നീട് വിശദീകരിക്കുന്നുണ്ട്) ഒന്നാന്തരം ഓലക്കുട ചവിട്ടിയൊടിച്ചു കാല് ഊരിയെടുത്ത പാവം കണിയാരുടെ അവസ്ഥയിലാണ്. കാരണം എന്നെ ഒരു ശാസ്ത്ര വിരോധിയും, മത വാദിയും ആക്കി ചിത്രീകരിച്ചുകൊണ്ടാണ് ഇവരുടെ ആരോപണങ്ങള്‍. ഇത് രണ്ടും ശരിയല്ല. ശാസ്ത്രത്തെ അതര്‍ഹിക്കുന്ന ആദരവുകളോടെ അംഗീകരിക്കുന്നുവെന്ന് ലേഖനത്തില്‍ ഞാന്‍ പറയുന്നുണ്ട്. ഒരു മതത്തിന്റെയും വക്താവായി നില്ക്കുന്ന ഒരു വാക്കു പോലും ഞാനെഴുതിയിട്ടുമില്ല. ഞാനെഴുതിയത്, പ്രസ്തുത ഗവേഷണ സംഘത്തിലെ അംഗങ്ങളായ ശാസ്ത്രജ്ഞന്മാര് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പുകളുടെയും, പ്രസ്താവനകളുടെയും അടിസ്ഥാനത്തില്‍ അതിനുള്ളില്‍ നിലനില്‍ക്കുന്ന വൈരുധ്യങ്ങളെക്കുറിച്ചാണ്, വൈചിത്ര്യങ്ങളെക്കുറിച്ചാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ ഒരു സാധാരണ മനുഷ്യന്റെ സാധാരണ ബുദ്ധിയില്‍ ഉയര്‍ന്നു വരാവുന്ന ചില ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചു പോയിട്ടുള്ളത്. സ്വാഭാവികമായും ഇവകളോട് പ്രതികരിക്കേണ്ടതിന് പകരം ചുമ്മാ ഓലക്കുട ചവിട്ടിയോടിച്ചെടുത്ത വടിയുമായി നില്‍ക്കുകയാണിവര്‍ ?
പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന ഹിഗ്സ് ബോസോണുകള്‍ ( ശ്രീ രാജു തോമസിനോട് കടപ്പാട്) ഊര്‍ജ്ജം സ്വീകരിച്ചത് ഹിഗ്സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മണ്ഡലത്തിലൂടെ സഞ്ചരിച്ചിട്ടാണ് എന്ന് ഗവേഷകര്‍ പ്രസ്താവിക്കുമ്പോള്‍, ഹിഗ്സ് ബോസോണ്‍ ആണ് പ്രപഞ്ചമുണ്ടാക്കിയത് എന്ന വാദം എങ്ങിനെ നിലനില്ക്കും എന്നാണ് എന്റെ ചോദ്യം. എന്തുകൊണ്ടെന്നാല്‍, ഈ ഹിഗ്സ് ബോസോണുകള്‍ പ്രപഞ്ചമുണ്ടാക്കുന്നതിനും മുന്‍പ് ഹിഗ്സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മേഖല ഇവിടെ നിലവിലുണ്ട്. ഈ ഊര്‍ജ്ജ മേഖല തന്നെ എന്നു മുതല്ക്കോ ഇവിടെ നിലനില്‍ക്കുകയായിരുന്നു. അപ്പോള്‍ ഹിഗ്സ് ഫീല്‍ഡുമല്ല പ്രപഞ്ചം എന്ന് വരുന്നു. അതുകൊണ്ട് തന്നെ യുക്തിഭദ്രമായ ഒരന്വേഷണത്തിന് ഇവിടെ നിന്നും വീണ്ടും പിന്നോട്ട് പോകുക തന്നെ വേണം. എങ്ങിനെ പോകും എന്ന ചോദ്യത്തിന് സയന്‍സിനും ഉത്തരമില്ല. അവരുടെ അന്വേഷണം ബിഗ് ബാങ്ങില്‍ എത്തി മുരടിച്ചു നില്‍ക്കുകയാണ്. പിന്നെയുള്ളത് മനുഷ്യവര്‍ഗ്ഗത്തിന് പൈതൃകമായി ലഭിച്ചിട്ടുള്ള ദാര്‍ശനികതയുടെ ഒരു നേര്‍ത്ത വെളിച്ചമാണ്. ഇത് പിന്തുടര്ന്ന് പിന്നോട്ട്, പിന്നോട്ട് ചെല്ലുമ്പോള്‍ ഇനിയും പോകാന്‍ ഇടമില്ലാത്ത ഒരിടത്ത് നാം എത്തിച്ചേരുന്നു.അതാണ് ആദി. ആദി എന്ന ഒന്ന്. ഈ ഒന്നിന് പിന്നില്‍ വേറെ ഒന്നുമില്ല. ഈ ഒന്നിനെയാണ് ചിന്താശേഷിയുള്ള മനുഷ്യന് ദൈവം എന്ന് വിളിക്കുന്നതും, നന്ദിപൂര്‍വം നമ്ര ശിരസ്കനാവുന്നതും !
ചില ശാസ്ത്രജ്ഞന്മാര് ഇതിനെ ‘ഊര്‍ജ്ജം’ അഥവാ ‘പവ്വര്‍’ എന്നും, മറ്റു ചിലര്‍ ഇതിനെ ‘ദ്രവ്യം’ എന്നും, ‘തമോ’ എന്നും ഒക്കെ വിളിക്കുന്നുണ്ട്. ഇതിനേക്കാളൊക്കെ നല്ലൊരു വാക്ക് നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അത് വിളിച്ചുകൊള്ളു. നിങ്ങളോളം യുക്തിയില്ലാത്ത കുറെ സാധാരണക്കാര്‍ ഇതിനെ ദൈവം എന്ന് വിളിച്ചു പോയത് കൊണ്ട് സ്വന്തം ഓലക്കുട ചവിട്ടിപ്പൊളിച്ചൂരിയെടുത്ത വലിയ വടി കൊണ്ട് അവരെ തല്ലിക്കൊല്ലാന്‍ പോകുന്നതെന്തിനാണ് കണിയാന്മാരേ?
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആഴത്തില്‍ അറിഞ്ഞ ദാര്‍ശനികരാണ് പ്രപഞ്ചത്തെ അനാദ്യന്തം എന്ന് വിളിച്ചത്. മഹാ പ്രപഞ്ചത്തിലെ ഇങ്ങേ അരികിലെ മണ്ണില്‍ നിന്ന് മുളച്ച്, മണ്ണ് തിന്ന് വളര്‍ന്ന്, മണ്ണടിയുന്ന ഈ മനുഷ്യന് കോടാനുകോടി യുഗാന്തരങ്ങളുടെ വിശാല കാന്‍വാസില്‍ ദൈവം (നിങ്ങളുടെ ഭാഷയില്‍ പവ്വര്‍) കോറിയിട്ട ഈ വര്‍ണ്ണചിത്രത്തെ സിദ്ധാന്തങ്ങള്‍ കൊണ്ട് വ്യവച്ഛേദിക്കുവാനോ, ഇരുന്നൂറു ഗ്രാം തലച്ചോറ് കൊണ്ട് തൊട്ടറിയുവാനോ ഒന്നും സാധിക്കുകയില്ല. ഒന്നാന്തരം ഓലക്കുട ചവിട്ടിയൊടിച്ചുകളഞ്ഞ മണ്ടത്തരത്തിന്റെ ബാക്കി പത്രമായ വലിയ വടി വെറുതെ കുത്തിപ്പിടിച്ചു നില്ക്കാം- ജീവിതകാലം?
മനുഷ്യവംശ ചരിത്രത്തിലെ ചിന്താശക്തിയുള്ള ഏതൊരുവന്റെയും മുന്നില്‍ നിത്യവിസ്മയമായ ഒരു സത്യമായി ഈ പ്രപഞ്ചം നിലനിന്നു, ഇന്നും നിലനില്ക്കുന്നു. മനുഷ്യ വര്‍ഗ്ഗങ്ങള്‍ കൂട്ടമായി ജീവിച്ച ആവാസ മേഖലകളിലെല്ലാം ഒറ്റക്കും, കൂട്ടായും എന്താണ് പ്രപഞ്ചം എന്ന അന്വേഷണങ്ങള്‍ നടന്നിരുന്നതായി നമുക്ക് കാണാം.
സിന്ധുവിന്റെയും,ഗംഗയുടെയും തടങ്ങളില്‍, നീല നദിയുടെ തീരഭൂമികളില്‍, യവന സംസ്കൃതിയുടെ വിത്തുകള്‍ വീണുമുളച്ച ഗ്രീസിലെ മണ്ണില്‍ എല്ലാം ഈ അന്വേഷണ ത്വര വേരിറക്കി വളരുകയും, അവക്കുള്ള ഉത്തരങ്ങളാകുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. വേദേതിഹാസങ്ങളും, ബൈബിളും, ഗ്രീക്ക് പുരാണങ്ങളുമെല്ലാം ഇപ്രകാരം ഉളവായ ഫലങ്ങളാണ്.
നിസ്സാരനായ മനുഷ്യന്റെ ചിന്തകളില്‍ വിളഞ്ഞ ഈ ഉത്തരങ്ങളൊന്നും തന്നെ പിന്നാലെ വന്ന തലമുറകളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയില്ല. ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും സഹായത്തോടെ എല്ലാ പൂര്‍വ നിഗമനങ്ങളെയും പുനര്‍ വായിക്കുവാനും,പുനര്‍ നിര്‍ണ്ണയിക്കുവാനും മനുഷ്യന് ശ്രമിച്ചു, ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അവിരാമമായ ഈ അന്വേഷണ യജ്ഞത്തിന്റെ വര്‍ത്തമാന കാല വേദിയായിരുന്നു സ്വിസ്സ് – ഫ്രഞ്ച് അതിര്‍ത്തി പ്രവിശ്യയിലുള്ള സേണിലെ ഹാഡ്രോണ്‍ കൊളൈഡര്‍.
ഒരു കണികാ പരീക്ഷണത്തിലൂടെ ഒരു കൃത്രിമ സ്പോടനമുണ്ടാക്കി പ്രപഞ്ചസൃഷ്ടിയുടെ അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കാം എന്ന ആത്മ വിശ്വാസം നല്ലതു തന്നെ. പക്ഷെ, അതിന്റെ പേരില്‍ ഉപജ്ഞാതാക്കള്‍ തന്നെ ഇറക്കി വിടുന്ന പരസ്പര വിരുദ്ധമായ നിഗമനങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അത്രയും മാത്രമാണ് ഇവിടെ സംഭവിച്ചത്. ( ഓലക്കുടക്കാല് ഗണകന്മാര് ക്ഷമിക്കുമല്ലോ?).
ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച ‘ദൈവകണം കണ്ടു…., ദൈവത്തെ കണ്ടില്ലാ’ എന്ന എന്റെ ലേഖനത്തെ അധികരിച്ചു ഒട്ടേറെ പ്രതികരണങ്ങള്‍ എഴുതിക്കണ്ടു. തല്ലിയും, തലോടിയും. എന്റെ എളിയ രചന ഇത്രയേറെ ആളുകളെ സ്പര്‍ശിച്ചു എന്നാണല്ലോ ഇതിനര്‍ത്ഥം ? ഞാന്‍ കൃതാര്‍ത്ഥനാണ്. പ്രതികരണങ്ങള്‍ കേറിക്കേറി മത-രാഷ്ട്രീയ സംഘര്‍ഷത്തിന്റെ വക്കിലെത്തി നില്ക്കുകയാണിപ്പോള്, ഇത് നല്ല പ്രവണതയല്ല.
ഇ.മലയാളിയില്‍ ഡസന്‍ കണക്കിന് വ്യാജപ്പേരുകളില്‍ കമന്റ് എഴുതുന്നത് ഒരാള്‍ തന്നെ ആയിരിക്കണം. ഒരു മൂന്നാം കിട എഴുത്തുകാരന് തന്റെ രചനകളെ പ്രമോട്ട് ചെയ്യുന്നതിനും, നിലവാരമുള്ള രചനകളെ തമസ്ക്കരിക്കുന്നതിനുമായി ചെയ്യുന്ന തരികിട പരിപാടിയാണിത്. ഇയാള്‍ ഇതവസാനിപ്പിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു കുട്ടി നാളെ ‘മഹാരാജാവ് നഗ്നനാണേ’ എന്ന് വിളിച്ചു പറയുമ്പോള്‍ പരിതപിക്കേണ്ടി വന്നേക്കാം. ഇതൊരു ദുരാരോപണമാണെന്ന് ആക്ഷേപമാണെങ്കില്‍ വിദ്യാധരന് ഉള്‍പ്പടെയുള്ള വ്യാജന്മാരില് രണ്ടുപേര്‍ സ്വന്തം പേരും ഐഡിന്റിറ്റിയുമായി എഴുതി എന്നെ വെല്ലുവിളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജയന് വര്‍ഗീസ് എഴുതുന്നത് കൈയടി നേടാനാണെന്ന് ഒരു കമന്റ് കണ്ടു. കൈയടിയും കല്ലേറും എനിക്കൊരുപോലെയാണ് സുഹൃത്തേ. പ്രശ്നങ്ങളുടെ അഗ്നികുണ്ഡത്തില്‍ ജനിച്ചു വളര്‍ന്ന് വിളഞ്ഞ എന്നെ ഈ പോക്കുവെയിലുകള്‍ തളര്‍ത്തുകയില്ല. ഈ കല്ലേറുകളെ പൂക്കള്‍ കൊണ്ടുള്ള ഒരു തടവലായേ ഞാന്‍ കാണുന്നുള്ളൂ. എന്റെ ദൈവം, എന്റെ ജീവിതത്തില്‍ എന്നും സജീവ സാന്നിധ്യമായി നില്ക്കുന്ന എന്റെ ദൈവം എന്നില്‍ കൊളുത്തി വച്ച വിളക്കില്‍ നിന്നുള്ള പ്രകാശമാണ് എന്റെ എഴുത്തുകളിലൂടെ ഞാന്‍ പ്രസരിപ്പിക്കുന്നത്. ആയിരം കല്ലുകള്‍ എറിയപ്പെട്ടാലും ഒരാള്‍ക്ക് ഇത് വെളിച്ചമാവുന്നുണ്ടങ്കില് അതാണെന്റെ റവന്യൂ. ഈ വിളക്ക് കെടുന്നത് വരെ ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും, അതെന്റെ നിയോഗമാണ്.
നിങ്ങള്‍ വിമർശിക്കുക, അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷെ, ഒളിഞ്ഞുനിന്ന് മാമാപ്പണി ചെയ്യരുത് – അത് അപമാനമാണ് – ചെയ്യുന്ന ആള്‍ക്കും, അമേരിക്കന്‍ മലയാള സാഹിത്യത്തിനും.
ആദരവുകളോടെ, വിനയപൂര്‍വം ജയന് വർഗീസ്.