കണ്ണൂര്‍: കൂടുതല്‍ സിപിഐഎം നേതാക്കളുടെ മക്കള്‍ ദുബൈയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളാണെന്ന രേഖകള്‍ പുറത്തുവന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന് ബിനീഷ് കോടിയേരിയും ദുബൈയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിനീഷ് ശിക്ഷ അനുഭവിക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. മുന്‍ മന്ത്രി ഇ പി ജയരാജന്റെ മകന് ജിതിന് രാജും ചെക്ക് കേസില്‍ കുറ്റക്കാരനാണ്. കോടതി ശിക്ഷിച്ച ജിതിനും വിധിവരും മുന്‍പ് നാട്ടിലേക്ക് കടന്നു.
ബിനീഷ് കോടിയേരിക്ക് എതിരെ ദുബൈയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ അരക്കോടിയോളം രൂപയുടെ കേസുകളാണ് നിലനില്‍ക്കുന്നത്. ബര്‍ദുബൈ സ്റ്റേഷനില്‍ 2015 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത 18877 /15 നമ്പര്‍ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം അഥവാ 40 ലക്ഷത്തോളം രൂപ തിരിച്ചുനല്‍കിയില്ല എന്നാണ് പരാതി. 2017 ഡിസംബര്‍ 10ന് ജഡ്ജി ഉമര്‍ അത്തീഖ് മുഹമ്മദ് ദിയാബ് അല്‍ മറിയാണ് ശിക്ഷ വിധിച്ചത്. 48056/2017 നമ്പര്‍ വിധിയില്‍ രണ്ട് മാസം തടവാണ് ശിക്ഷയായി നല്‍കിയത്. ദുബൈ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തതിന് ബര്‍ഷ പൊലീസ് സ്റ്റേഷനിലും സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ കബളിപ്പിച്ചതിന് ഖിസൈസ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 ലും 2017ലുമാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ചില കേസുകള്‍ പണം നല്കി പരിഹരിച്ചുവെന്നാണ് സൂചന.
ഇ പി ജയരാജന്റെ മകന് ജിതിന് രാജ് ലോണെടുത്ത അഞ്ച് ലക്ഷം ദിര്‍ഹം തിരിച്ചടക്കാതെ മുങ്ങിയെന്നാണ് കേസ്. 2016 മാര്‍ച്ച് 15നാണ് ഈ കേസെടുത്തത്. അതേവര്‍ഷം ഒക്ടോബര്‍ 31ന് ഇദ്ദേഹത്തെ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. അപ്പോഴേക്കും ജിതിന് നാട്ടിലേക്ക് കടന്നു. എന്നാല്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രമുഖ വ്യവസായിയുടെ കുടുംബാംഗത്തെ കേസില്‍ നിന്ന് രക്ഷിക്കാനാണ് ജിതിന് ബാങ്കില്‍ നിന്ന് ലോണെടുത്തതെന്ന് നിയമരംഗത്തുള്ളവര്‍ വിശദീകരിക്കുന്നു. കൂടുതല്‍ നേതാക്കളുടെ മക്കള്‍ ദുബൈയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന തെളിവുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply