ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്വന്ഷന് സെന്റര്‍ & കസിനോയില്‍ വെച്ച് നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി എബ്രഹാം പോത്തനേയും, ഫിനാന്‍സ് കോഓര്‍ഡിനേറ്ററായി ജീമോന്‍ വര്‍ഗീസിനെയും, സുവനീര്‍ കോഓര്‍ഡിനേറ്ററായി ലീല മാരേട്ടിനെയും, കോ കോഓഡിനേറ്ററായി ഗണേശന് നായരെയും നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്, കണ്വന്ഷന് ചെയര്മാന് മാധവന് നായര്‍ എന്നിവര്‍ അറിയിച്ചു.
മലയാള സംസ്കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ സുവനീറില്‍ പൊട്ടിവിടരുന്നു. കേരളത്തനിമയും പഴമയും പാരമ്പര്യങ്ങളും ചേരുന്ന ദേവദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്നേഹികള്‍ക്കും ഭാഷാസ്നേഹികള്ക്കുമൊപ്പം മലയാള മുഖ്യധാരാ സാഹിത്യത്തിലെ പ്രശസ്തരും ഇതില്‍ ഭാഗമാകുന്നു.
നാം ഫിലഡല്ഫിയയില് ഒത്തുകൂടുമ്പോള്‍ നാളെ ഓര്‍ത്ത് വെയ്ക്കുവാന്‍ ഒരു സ്മരണിക. കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ സ്മരണിക. ജയാപജയങ്ങളുടെ ശിഷ്ടപത്രവുമല്ല. ഭൂത വര്‍ത്തമാന ഭാവികളെ ഒരു ചരടില്‍ കോര്‍ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാത്ക്കാരം ആണ് ഇത്. ഈ അഭ്യാസത്തില്‍ എത്രമാത്രം ഞങ്ങള്‍ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കാന്‍ മാന്യ വായനക്കാര്‍ക്ക് വിട്ടുതരികയാണ്. നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ സുവനീര്‍ തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്‍, അവശ്യം വേണ്ട പരിഹാരങ്ങള്‍ എല്ലാം ഈ ഏടുകളില്‍ നിങ്ങള്‍ക്കു വായിക്കാം. ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല.
ഈ സുവനീറിലേക്ക് കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവ വിവരണം, കാര്‍ട്ടൂണ്‍ തുടങ്ങിയവയും ക്ഷണിക്കുന്നു. ഇരുനൂറില്‍പ്പരം പേജുകളില്‍ മേന്മയേറിയ കടലാസില്‍ അച്ചടിക്കുന്ന സുവനീറില്‍ ഒട്ടനവധി പ്രശസ്ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും, ബിസിനസ് പരസ്യങ്ങളും സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്, ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ ജീമോന്‍ വര്‍ഗീസ്, സുവനീര്‍ കോഓര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കോ കോഓര്‍ഡിനേറ്റര്‍ ഗണേശന് നായര്‍ എന്നിവര്‍ അറിയിച്ചു.