ബിനീഷ് കോടിയേരിയും ദുബൈയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി; ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് ദുബൈ പോലീസ്; ദുബൈയിലെത്തിയാല്‍ അറസ്റ്റു ചെയ്യും

kodദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് ദുബായ് പൊലീസ്. വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിനീഷ് യുഎഇയിലെത്തിയാല്‍ ഉടന്‍ അറസ്റ്റിലാകും.

പത്ത് ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസുമായി ബന്ധപ്പെട്ട് കോടിയേരിയുടെ മൂത്തമകന്‍ ബിനോയിക്ക് യാത്രവിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ രണ്ടാമത്തെ മകന്‍ ബിനീഷിനെതിരെയുള്ള കോടതി വിധിയുടെ വിവരങ്ങളും പുറത്തുവരുന്നത്. ഒരാള്‍ക്ക് യുഎഇ വിടാന്‍ പറ്റില്ല, മറ്റെയാള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണുള്ളത്.

സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംബ ഫിനാന്‍സിയേഴ്‌സിന്റെ ദുബായ് ശാഖയില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. 2015 ഓഗസ്റ്റ് ആറിന് സാംബ ഫിനാന്‍സ് നല്‍കിയ പരാതിയില്‍ ഖിസൈസ് പൊലീസ് രജിസ്റ്റര്‍ കേസിലാണ് കഴിഞ്ഞ ഡിസംബര്‍ പത്തിന് കോടതി വിധി പറഞ്ഞത്. വിധി വന്നപ്പോള്‍ ബിനീഷ് ദുബായിലുണ്ടായിരുന്നില്ല.

രണ്ടേകാല്‍ ലക്ഷം ദിര്‍ഹമാണ് ബിനീഷ് വായ്പയെടുത്തത്. പണം തിരിച്ച് പിടിയ്ക്കാന്‍ ബാങ്ക് റിക്കവറി ഏജന്‍സിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്നാണ് ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ബിനീഷ് യുഎഇയിലെത്തിയാല്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ സിഐഡി വിഭാഗം അറസ്റ്റ് രേഖപ്പെടുത്തുകയും പൊലീസ് ആസ്ഥാനത്തേയ്ക്ക് കൈമാറുകയും ചെയ്യും. പിന്നീട് കോടതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സിഐഡി ഓഫീസിന് കൈമാറുകയും വിധി പ്രഖ്യാപിച്ച ജഡ്ജിയ്ക്ക മുമ്പാകെ ഹാജരാക്കുകയും ചെയ്യും. പ്രതിവിധി അംഗീകരിക്കുന്നില്ലെങ്കില്‍ കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ അവസരമുണ്ട്. വിധി അംഗീകരിച്ചാല്‍ ജയിലില്‍ അടയ്ക്കും.

അല്ലെങ്കില്‍ കേസില്‍ പറഞ്ഞിരിക്കുന്ന തുക വാദിക്ക് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാം. വാദി നല്‍കിയ മോചന കത്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷയില്‍ നിന്ന് വിടുതല്‍ നേടുവാനും സാധിക്കും.

Print Friendly, PDF & Email

Related News

Leave a Comment