തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയില്‍ മേധാവി ഡി.ജി.പി. ആര്. ശ്രീലേഖയെ നിയമിച്ചേക്കും. ഇത് സംബന്ധിച്ച് ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. 15നകം നിയമനനടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്.
ശ്രീലേഖയ്ക്കുപുറമേ, വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന് എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ശ്രീലേഖയെ വിജിലന്‍സ് ഡയറക്ടറായി നിയോഗിച്ചാലും തത്കാലം ജയില്‍ ഡി.ജി.പി.യുടെ ചുമതലയിലും തുടരും. സംസ്ഥാനത്തെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയായ അവര്‍, സിബിഐയില്‍ സൂപ്രണ്ടായി നാലുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിജിപി റാങ്ക് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണ്. 1987 ബാച്ചില്‍പ്പെട്ട ശ്രീലേഖയ്ക്ക് മൂന്നുവര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്.
ജോലിഭാരംമൂലം വിജിലന്‍സിലെ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പലവട്ടം ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സില്‍നിന്ന് വിടുതല്‍ ആവശ്യപ്പെട്ട് അടുത്തിടെ ബെഹ്റ സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാനുള്ള തീരുമാനം. 11 മാസമായി ബെഹ്റ വിജിലന്‍സ് മേധാവിയുടെ അധികച്ചുമതല വഹിക്കുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ നിലപാടും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് മാറ്റാന്‍ നീക്കം വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡി.ജി.പി. റാങ്കില്‍നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തയച്ചു. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് അപേക്ഷയെന്നാണ് സൂചന.
കേഡര്‍ തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എക്സ് കേഡര്‍ തസ്തികയിലേക്ക് താഴ്ത്തണമെന്നാണ് അപേക്ഷ. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. കേഡര്‍ അവലോകനയോഗം ചേര്‍ന്നുമാത്രമേ ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കൂ. കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള ഡിജിപിമാരുടെ രണ്ട് കേഡര്‍ തസ്തികകളിലൊന്നാണ് വിജിലന്‍സ് ഡയറക്ടറുടേത്. മറ്റൊന്ന് ക്രമസമാധാനച്ചുമതലയുള്ള പോലീസ് മേധാവിയുടേതാണ്.
കേന്ദ്രമാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന് രൂപവത്കരിക്കാനുള്ള നിയമനിര്‍മാണം നടന്നുവരുന്നതായി കേരളം കേന്ദ്രത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോ ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും അധ്യക്ഷന്‍.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply