Flash News

മാധ്യമ വിചാരണ ഗൂഢാലോചനയുടെ ഭാഗം; സീറോ മലബാര്‍ കാത്തലിക് കോണ്‍‌ഗ്രസ്: ഒരു പ്രതികരണം

February 12, 2018 , ചാക്കോ കളരിക്കല്‍

my photoഫെബ്രുവരി 10, 2018 -ല്‍ ‘ഈമലയാളി’ പ്രസിദ്ധീകരണത്തില്‍ ‘മാധ്യമ വിചാരണ ഗൂഢാലോചനയുടെ ഭാഗം: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്’ എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖനമാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഇന്ന് എറണാകുളം-അങ്കമാലി അതിരൂപത, മാനന്തവാടി രൂപത, കോതമംഗലം രൂപത, കൊല്ലം രൂപത തുടങ്ങിയ കത്തോലിക്കാ രൂപതകളില്‍ ഭൂമി കുംഭകോണത്തെ സംബന്ധിച്ചും അമേരിക്കയിലെ സീറോ മലബാര്‍ രൂപതയിലെ വൈദിക ലൈംഗിക അരാജകത്വത്തെ സംബന്ധിച്ചും കോട്ടയം തെക്കുംഭാഗ രൂപതയിലെ സ്വവംശ വിവാഹ നിഷ്ഠയെ അപലപിച്ചുമെല്ലാം മാധ്യമ വിചാരണ തകൃതിയായി നടക്കുന്നുണ്ട്.

അത് പൊതുജനത്തിന്റെ അറിവിലേയ്ക്കായി മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തു കൊണ്ടിരിക്കുന്ന അവരുടെ കടമ നിര്‍വഹണമാണ്. അത്തരം വാര്‍ത്തകളെല്ലാം അമേരിക്കയിലെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ് എം സി സി) -ന്റെ നോട്ടത്തില്‍ ”തികച്ചും അപക്വവും അടിസ്ഥാന രഹിതവുമാണ്”! മെത്രാന്മാരുടെ ഇടയലേഖനത്തില്‍കൂടി ആലഞ്ചേരി മെത്രാപ്പോലീത്തായ്ക്ക് പിഴവുകള്‍ സംഭവിച്ചു എന്ന മിതമായ കുറ്റസമ്മതമെങ്കിലും ചെയ്തിരിക്കെ എസ്എംസിസിക്ക് അതൊരു അപക്വവും അടിസ്ഥാന രഹിതവുമായ വാര്‍ത്തയാണ്

എസ്എംസിസി ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ ഞങ്ങള്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഖേദിക്കുന്നു. അമേരിക്കയിലെ എസ്എംസിസിയുടെ ജന്മത്തെയും അതിന് സമയവും ധനവും ഉദാര മനസോടെ അര്‍പ്പിച്ച ആദ്യകാല കുടിയേറ്റക്കാരുടെ പരിശ്രമങ്ങളെയും മെത്രാനും വൈദികര്‍ക്കും പാട്ടുപാടാന്‍ തയ്യാറായി നില്‍ക്കുന്ന പുത്തന്‍ കുടിയേറ്റ ഭാരവാഹികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഇത്തരം അപക്വവും ഉത്തരവാദിത്വ രഹിതവുമായ മണ്ട പ്രസ്താവന ഇറക്കുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ എസ്എംസിസി പരസ്യമായി താറടിക്കുകയാണ് ആ പ്രസ്താവന ചെയ്തത്.

എസ്എംസിസിക്ക് ദുഖകരമായ ഒരു ചരിത്രമുണ്ട്. 1999 ആഗസ്റ്റ് 13-15 തീയതികളില്‍ അല്മായരുടെ മാത്രം നേതൃത്വത്തില്‍ ഫിലഡല്‍ഫിയായില്‍ വെച്ച് ആദ്യത്തെ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ നടന്നു. മെത്രാന്മാരും വൈദികരും അന്ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രയിരുന്നു. 2001 ജൂലൈ 1-3 -ന് എസ്എംസിസിയുടെ രണ്ടാമത്തെ കണ്‍വെന്‍ഷന്‍ നടക്കുമ്പോളാണ് ഷിക്കാഗോ രൂപത നിലവില്‍ വരുന്നതും രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ അങ്ങാടിയത്തിന്റെ പട്ടാഭിഷേകവും സ്ഥാനാരോഹവും നടന്നതും.

പിന്നീട് 2003 -ല്‍ പുരോഹിത നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍ വെച്ച് എസ്എംസിസിയുടെ മൂന്നാമത്തെ കണ്‍വെന്‍ഷന്‍ നടന്നു. യഥാര്‍ത്ഥത്തില്‍ അത് എസ്എംസിസിയുടെ മൂന്നാമത്തെ കണ്‍വെന്‍ഷന്‍ ആയിരുന്നെങ്കിലും എസ്എംസിസിയുടെ ഒന്നാമത്തെ കണ്‍വെന്‍ഷനാണെന്ന് പുരോഹിതര്‍ പ്രഖ്യാപിച്ചു. ചരിത്രത്തിന്റെ ഭാഗമായ എസ്എംസിസിയെ അങ്ങനെ മാമ്മോദീസമുക്കി ഇന്നത്തെ മെത്രാന്‍/വൈദിക സംരക്ഷണ സമതിയായി രൂപാന്തരപ്പെടുത്തി.  അച്ചന്മാരുടെ അടുത്ത കളിയേ? ഏതായാലും അതിന്റെ പ്രതിഫലനമാണല്ലോ ഇത്തരം പ്രസ്താവന. അല്മായന്റെ കാലില്‍ ചവിട്ടിനിന്ന് അല്മായനെതിരായി ഒരു സംഘടന പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്.

ഒരു രൂപതയും സ്വതന്ത്ര അല്മായ സംഘടനകളെ വച്ചുപൊറുപ്പിക്കുകയില്ല. കേരളത്തിലെ AKCC-യെയും സീറോ മലബാര്‍ മെത്രാന്മാര്‍ പണ്ടേ നശിപ്പിച്ചു കളഞ്ഞു. ചില അല്‌മേനികള്‍ക്ക് വൈദിക മേലാളന്മാരുടെ കിരാത വ്യവസ്ഥയില്‍ അടിമകളായി കഴിയുന്നതാണിഷ്ടം. പുരോഹിതര്‍ക്ക് പാട്ടുപാടുന്ന നല്ല അനുസരണയുള്ള കുഞ്ഞാടുകളെ തപ്പിത്തേടി കണ്ടുപിടിച്ച് തലപ്പത്തുവെച്ച് അവര്‍ പള്ളികൃഷി നടത്തുന്നു.

മെത്രാന്മാര്‍ നമ്മുടെ അന്നദാതാക്കന്മാരായ പൊന്നുതമ്പുരാക്കന്മാര്‍ ആയിരുന്നെങ്കില്‍ നാം പഞ്ചപുഛമടക്കി മര്യാദ രാമന്മാരായി നില്കണമായിരുന്നു. പക്ഷെ എസ്എംസിസി നേതാക്കള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ?

നൂറ്റാണ്ടുകളായി നമ്മുടെ കാരണവന്മാര്‍ ദാനം ചെയ്ത് സ്വരുപിച്ച സ്വത്തുക്കളാണ് ഈ മെത്രാന്മാര്‍ വിറ്റു തുലച്ചത്. എസ്എംസിസി സംഘടന മെത്രാന്മാരുടെ കുഴലൂത്തു സംഘടനയായാല്‍ പോലും മുഖ്യധാരാ മാധ്യമങ്ങളെയും ഓണ്‍ ലൈന്‍ മാധ്യമങ്ങളെയും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് തികച്ചും അവിവേകമായിപ്പോയി. ഈ ഓലപ്പാമ്പുകളിയില്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ വായുംപൊത്തി ഇരിക്കുമെന്നാണോ എസ്എംസിസി കരുതിയത്?

എസ്എംസിസിയുടെ പ്രസ്താവനയ്ക്ക് കമെന്റ്റായി ശ്രീ ജോണ്‍ കുന്തറ ഇങ്ങനെ എഴുതി: ‘അധികാരമുണ്ടെങ്കില്‍ എല്ലാം മൂടിയിടാം. അതുതന്നെയല്ലേ കെ എം മാണിയും സിനിമാക്കാരും ഒക്കെ നടത്തുന്നത്. മറ്റു മതങ്ങളുടെ മുന്‍പില്‍ നാം ചെറുതായിപ്പോകും അതല്ലേ ഭയം? സദാചാരം പ്രസംഗിച്ചാല്‍ പോരാ അനുസരിച്ചു ജീവിച്ചു കാണിക്കണം.’

വസ്തു വില്പനയിലെ എല്ലാ പിഴവുകളെയും വിശ്വാസികളെ അറിയിക്കാന്‍ സഭാധികാരത്തിന് കടമയുണ്ട്. മാധ്യമങ്ങള്‍ അവരുടെ പണി തുടരും. സഭയിലെ അല്മായര്‍ സഭയോടൊത്തു നില്‍ക്കണമെന്ന് (പണ്ട് പൗവ്വത്തില്‍ മെത്രാപ്പോലീത്ത ‘സഭയോടൊത്തു ചിന്തിക്കണം’ എന്ന വിമര്‍ശനപരമായ അഭിപ്രായ പ്രകടനം നടത്തിയതിപ്പോള്‍ ഓര്‍മ്മ വരുന്നു) പറയുമ്പോള്‍ ഭൂമി കച്ചവടങ്ങളില്‍ വെട്ടിപ്പുകള്‍ നടത്തിയ സഭാധികാരികളോടു ചേര്‍ന്നു നില്‍ക്കണമെന്നാണോ എസ്എംസിസിയുടെ ഉപദേശം. കള്ളന് കാവല്‍ നില്‍ക്കണമെന്നല്ലേ.

ഏതായാലും എസ്എംസിസി നാഷണല്‍ ടീം അംഗങ്ങള്‍ ആലഞ്ചേരി മെത്രാപ്പോലീത്തയെയും, മെത്രാന്മാരെയും, മെത്രാന്മാരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വൈദികരെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ സഭാ നവീകരണ സംഘടനകള്‍ സഭയിലെ സാധാരണ വിശ്വാസികളെ മൊത്തമായി നാണംകെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ഭാവിയിലെങ്കിലും ഉണ്ടാകാതിരിക്കാന്‍ ‘ചര്‍ച്ച് ആക്റ്റ്’ നിയമമാക്കി നടപ്പിലാക്കാന്‍ വേണ്ടി പരിശ്രമിക്കാം. സഭാ നവീകരണ സംഘടനകളെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിലേക്ക് എസ്എംസിസി നീങ്ങുകയില്ലെന്ന് പ്രത്യാശിക്കുന്നു!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top