Flash News

എന്തുകൊണ്ട് ഞാന്‍ വിമര്‍ശന ദര്‍ശിയായ കൃസ്ത്യന്‍?

February 13, 2018 , ജോസഫ് പടന്നമാക്കല്‍

christianഎന്തുകൊണ്ട് ഞാനൊരു ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന ചോദ്യം ചര്‍ച്ചാവിഷയമായി ‘ഇമലയാളി’ അവതരിപ്പിച്ചപ്പോള്‍ ഞാന്‍ ആരെന്ന് ഒരു നിമിഷം എന്നെപ്പറ്റി ചിന്തിച്ചുപോയി! ഈ ലേഖനം എഴുതുമ്പോഴും ശരിയായ ഒരു ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. ഞാനൊരു ക്രിസ്ത്യാനിയെന്നു പറഞ്ഞാല്‍ എന്റെ ലേഖനം വായിക്കുന്നവര്‍ പലരും അനുകൂലിച്ചെന്നു വരില്ല. പള്ളിയും പട്ടക്കാരും അവരോടു അടുത്തിരിക്കുന്നവരും ക്രിസ്തുവിനെ വിലയ്ക്കു മേടിച്ചിരിക്കുകയാണ്. നസ്രത്തില്‍ പിറന്ന ക്രിസ്തുവിനെ പണ്ടേ അവര്‍ പള്ളിയില്‍നിന്ന് പുറത്താക്കി കഴിഞ്ഞിരുന്നു. യഥാര്‍ഥ ക്രിസ്തുവില്ലാത്ത ബലിപീഠങ്ങള്‍ കൈകാര്യം ചെയ്യുന്നത് ക്രിസ്തുവാണെന്നു പറഞ്ഞു സ്വയം പ്രഖ്യാപിതരായ പുരോഹിത ലോകമാണ്. ക്രിസ്തുവെന്ന ദിവ്യനായ ആചാര്യന്‍ ഒരിക്കലും പൗരാഹിത്യത്തെ അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല.

ഓര്‍മ്മയായപ്പോള്‍ മുതല്‍ ഞാനൊരു കത്തോലിക്കനായ ക്രിസ്ത്യാനിയായിരുന്നു. എന്റെ മാതാപിതാക്കളും മുത്തച്ഛന്മാരും അവര്‍ക്കു മുമ്പുണ്ടായിരുന്നവരും ക്രിസ്ത്യാനികളായി അറിയപ്പെട്ടിരുന്നു. പൂര്‍വിക പിതാക്കന്മാരില്‍ ആരെങ്കിലും നമ്പൂതിരിയാണെന്നോ തോമ്മാശ്ലീഹായില്‍ ജ്ഞാനസ്‌നാനം ചെയ്‌തെന്നോ ചരിത്ര രേഖകളിലൊന്നിലും കാണുന്നില്ല. കോട്ടയത്തിനു കിഴക്ക് കാഞ്ഞിരപ്പള്ളിയെന്ന ഗ്രാമത്തില്‍ കൂടുതലും നസ്രാണികളുള്ള പ്രദേശത്തായിരുന്നു വളര്‍ന്നതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും. അന്നത്തെ ആചാരമനുസരിച്ച് ജനിച്ച ഏഴാം ദിവസം എന്നെ പള്ളിയില്‍ മാമ്മോദീസ മുക്കിയതായി രേഖയുണ്ട്. അമേരിക്കയില്‍ വരുന്നതിനുള്ള വിസായ്ക്കായി എനിക്ക് മാമ്മോദീസ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഔദ്യോഗികമായി ക്രിസ്ത്യാനിയാണെന്ന ഏറ്റവും വലിയ തെളിവ് എന്റെ മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് തന്നെയാണ്. ഏഴാം വയസില്‍ ആദ്യകുര്‍ബാന കൈകൊണ്ടപ്പോഴും പത്താം വയസില്‍ മാത്യു കാവുകാട്ട് ബിഷപ്പില്‍നിന്ന് സ്ഥൈര്യലേപനം ലഭിച്ചപ്പോഴും ആധികാരയുക്തമായ എന്നിലെ ക്രിസ്തീയതയ്ക്ക് അംഗീകാരം ലഭിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഇഷ്ടത്തിന് വഴങ്ങിയും പള്ളിയുടെ കൂദാശകള്‍ സ്വീകരിച്ചുകൊണ്ടും എന്റെ വിവാഹവും നടന്നു. ഈ ആചാരങ്ങളെല്ലാം എന്നിലെ ക്രിസ്തീയത്വം ദൃഢമാക്കുകയായിരുന്നു.

josemaആദ്യകുര്‍ബാന സമയത്ത് സുന്ദരിയായ ഒരു കന്യാസ്ത്രി ഒരു വെന്തിങ്ങ എന്റെ കഴുത്തില്‍ അണിയിച്ചുകൊണ്ടു പറഞ്ഞതും ഓര്‍ക്കുന്നു ‘എടാ ചെറുക്കാ! ഇത് ഉത്തരീയ ഭക്തിയുടെ അടയാളമാണ്. കത്തോലിക്കരെല്ലാം വെന്തിങ്ങ ധരിക്കണമെന്നു സഭയുടെ നിയമമാണ്. നീ എന്നും മാതാവിനോടു ഉത്തരീയ ഭക്തിയുള്ളവനായിരിക്കണമെന്നും’ പറഞ്ഞു. അന്നൊക്കെ ഭക്തിയെന്നും ഉത്തരീയമെന്നും പറഞ്ഞാല്‍ എനിക്ക് മനസിലാകില്ലായിരുന്നു. അങ്ങനെ ബാല്യകാലത്തില്‍ വെന്തിങ്ങാ കഴുത്തില്‍ ധരിച്ചു നടന്നതായും ഓര്‍മ്മയുണ്ട്. ‘വെന്തിങ്ങാ’യെപ്പറ്റിയും ‘വെന്തിങ്ങാ ഭക്തി’യുടെ പ്രാധാന്യത്തെപ്പറ്റിയും ഒരു മിനിറ്റുളള പ്രസംഗം കാണാപാഠം പഠിച്ച് അദ്ധ്യാപകരുടെ മുമ്പിലും കുട്ടികളുടെ മുമ്പിലും അവതരിപ്പിച്ചിട്ടുണ്ട്. വെടിയുണ്ടകള്‍ പോലും വെന്തിങ്ങയില്‍ തട്ടി തെറിച്ചുപോയ കഥ വണക്കമാസത്തില്‍ വായിക്കുമ്പോള്‍ ഞാന്‍ ആവേശഭരിതനായിരുന്നു. ഒരിക്കല്‍ ഒരു പെരുന്നാളുദിവസം എന്റെ സ്വര്‍ണ്ണമാല കള്ളന്‍ തട്ടിപറിച്ചുകൊണ്ടു പോയപ്പോഴും വെന്തിങ്ങ സുരക്ഷിതമായി കഴുത്തിലുണ്ടായിരുന്നു. മാലയ്ക്കുപകരം അന്ന് വെന്തിങ്ങ കഴുത്തില്‍നിന്ന് നഷ്ടപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ കൂടുതല്‍ ദുഃഖിതനാകുമായിരുന്നു.

ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ആചാരങ്ങള്‍ പലതും അനുഷ്ഠിക്കേണ്ടതായുണ്ട്. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോവണം. വരുമാനത്തിന്റെ പത്തുശതമാനം പള്ളിക്കു കൊടുക്കണം. കുര്‍ബാന കാണുകയും പാപപൊറുതിക്കായി കൂടെക്കൂടെ കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും വേണം. ബാല്യം മുതലേ കുമ്പസാരിക്കാനും കുര്‍ബാന കൈക്കൊള്ളാനും ഞാന്‍ മടിയനായിരുന്നു. മാതാപിതാക്കളില്‍ ‘അമ്മ’ ഭക്തികാര്യങ്ങളില്‍ വളരെ കര്‍ശനക്കാരിയായിരുന്നു. എന്റെ പിതാവിന് പട്ടക്കാരോടും പള്ളിയോടും വിശ്വസമില്ലായിരുന്നതിനാല്‍ സ്വതന്ത്രമായ ഒരു ജീവിതം നയിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. എങ്കിലും കത്തോലിക്കനെന്നുള്ള അഭിമാനം എനിക്കും കുടുംബത്തിലുള്ള മറ്റെല്ലാവര്‍ക്കും ഒരുപോലെയുണ്ടായിരുന്നു.

പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം കാഞ്ഞിരപ്പള്ളി പള്ളിവക കത്തോലിക്കാ സ്‌കൂളിലായിരുന്നതുകൊണ്ടു ഭൂരിഭാഗം കുട്ടികളും കത്തോലിക്കാ ഭവനത്തില്‍നിന്നുമുള്ളവരായിരുന്നു. എന്നിലെ മത യാഥാസ്തികതയും ഒപ്പം വളര്‍ന്നുകൊണ്ടിരുന്നു. സ്‌കൂളില്‍ മറ്റു വിഷയങ്ങളോടൊപ്പം ഒരു പീരിയഡ് വേദപാഠം പഠിപ്പിക്കുമായിരുന്നു. അന്നൊക്കെ ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുന്ന കഥകളൊക്കെ അദ്ധ്യാപകന്‍ വിവരിക്കുമ്പോള്‍ കണ്ണുനിറയുന്നതും ഓര്‍മ്മിക്കുന്നു. അക്കാലത്ത് എല്ലാ ഹിന്ദുക്കുട്ടികളുടെയും രണ്ടു കാതിലും കടുക്കനുണ്ടായിരുന്നു. വേഷവിധാനങ്ങളില്‍ക്കൂടി ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. സാരികള്‍ വിരളമായിരുന്ന കാലവും. ക്രിസ്ത്യന്‍ സ്ത്രീകള്‍ ഭൂരിഭാഗം പേരും ചട്ടയും മുണ്ടും ധരിച്ചിരുന്നു.

അക്കാലത്ത് ഒരു കുരുത്തക്കേട് കാണിച്ചതുകൊണ്ടു പള്ളി വികാരിയും അന്നത്തെ കുഞ്ഞാടായ പ്രഥമാധ്യാപകനും ഒത്തുചേര്‍ന്ന് എന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. എന്റെ പ്രായം അന്നു പതിനൊന്ന്. ഒരു പക്ഷെ പള്ളിയിലെ പുരോഹിതരോടുള്ള ബഹുമാനം എനിക്ക് നഷ്ടപ്പെട്ടതിന്റെ തുടക്കവും ഇവിടെനിന്നാകാം. പിന്നീടുള്ള കാലങ്ങളില്‍ എനിക്ക് പള്ളിയില്‍ പോക്കോ കുമ്പസാരമോ കുര്‍ബാന സ്വീകരിക്കുന്ന പതിവോ ഉണ്ടായിരുന്നില്ല. കത്തോലിക്കാ സ്‌കൂളില്‍നിന്നു പുറത്താക്കിയശേഷം ദിവസം രണ്ടര മൈല്‍ നടന്നു സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കേണ്ടി വന്നു. ഞങ്ങളുടെ കുടുംബം വാഴൂര്‍ക്ക് താമസം മാറ്റിയതുകാരണം നായന്മാരുടെ വക സ്‌കൂളില്‍ പഠിക്കാനും തുടങ്ങി. ഇതിനോടകം പള്ളിയും പട്ടക്കാരനുമില്ലാത്ത ഒരു ക്രിസ്ത്യാനിയായും മനസിനെ പൊരുത്തപ്പെടുത്തിയിരുന്നു. ആരും എന്നെ ചോദ്യം ചെയ്യാനും വന്നിരുന്നില്ല. പിന്നീട് ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷം വിവാഹ സമയത്ത് കുമ്പസാരിച്ചു കുര്‍ബാന കൈകൊണ്ട് കത്തോലിക്കനെന്നു തെളിയിച്ചു.

a1 (3)എന്റെ വിദ്യാഭ്യാസം പുരോഹിതര്‍ നിയന്ത്രിക്കുന്ന കത്തോലിക്ക സ്‌ക്കൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഞാനൊരു തികഞ്ഞ യാഥാസ്ഥിതികനായി മാറുമായിരുന്നു. ഹൈന്ദവ സ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ഹൈന്ദവരോട് എനിക്ക് കൂടുതല്‍ സ്‌നേഹവും ബഹുമാനവും വന്നത്. ഞാന്‍ ഒരു ഹിന്ദുവും കൂടിയാണെന്നുള്ള തോന്നലുമുണ്ടായി. ഹിന്ദു അദ്ധ്യാപകര്‍ ഒരിക്കലും മറ്റു മതങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് കേട്ടിട്ടില്ല. ക്രിസ്തുവിനെ വളരെ ആദരവോടെ മാത്രമേ അവര്‍ കണ്ടിരുന്നുള്ളൂ. ചെറുപുഴകള്‍ പല വഴികളിലായി മഹാസമുദ്രത്തില്‍ ലയിക്കുന്നപോലെ എല്ലാ മതങ്ങളും സഞ്ചരിക്കുന്നത് ഒരേ സൃഷ്ടാവിന്റെ സന്നിധാനത്തിലേക്കെന്നുള്ള തത്ത്വമാണ് ഹിന്ദുമതത്തിനുള്ളത്. വേദങ്ങളും ഉപനിഷത്തുക്കളും ഇന്ത്യയുടെ പൗരാണിക സംസ്‌ക്കാരത്തിന്റെ ഭാഗങ്ങളാണ്. ഹിന്ദുമതം ഒരു മതമല്ല, ഒരു സംസ്‌ക്കാരമാണ്. സിന്ധു നദി തടത്തില്‍ തഴച്ചുവളര്‍ന്ന വേദ സംസ്‌ക്കാരമായ ഹിന്ദുമതത്തിന് ക്രിസ്തീയ സംസ്‌ക്കാരത്തെയും ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്നത് ആ മതത്തിന്റെ പവിത്രതയെ മഹത്വപ്പെടുത്തുന്നു.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന കാലത്തു ഇസ്‌ലാം മതത്തെ അടുത്തറിയാനും കാരണമായി. വലിയൊരു പരന്ന പാത്രത്തില്‍ ചുറ്റിനുമിരുന്ന് സഹോദരരെപ്പോലെ അവര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ എന്നെയും ക്ഷണിക്കുമായിരുന്നു. മുസ്ലിമും ക്രിസ്ത്യാനിയുമെന്ന വ്യത്യാസം ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിമുകള്‍ എന്റെ മതം ചോദിക്കുന്ന സമയങ്ങളിലെല്ലാം ‘നീ എന്റെ സഹോദരനെന്നു’ പറയുന്നതും ഓര്‍ക്കുന്നു. ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവും പരസ്പ്പരം സാമ്യങ്ങളുള്ള മതങ്ങളാണ്. രണ്ടു മതക്കാരും ഒരേ ദൈവത്തെ ആരാധിക്കുകയും ഒരേ ദൈവത്തിന്റെ മക്കളെന്നു വിശ്വസിക്കുകയും ചെയ്യുന്നു. നോവ, എബ്രാഹം, മോസസ്, ദാവീദ്, ജോസഫ്, ജോണ്‍ ബാപ്റ്റിസ്റ്റ് എന്നീ പ്രവാചകര്‍ ഇസ്‌ലാമിന്റെ വിശ്വാസത്തിലുമുണ്ട്. പ്രവാചകന്‍ മുഹമ്മദിനെപ്പോലെ യേശുവിനും തുല്യമായ സ്ഥാനം മുസ്ലിമുകള്‍ കല്പിച്ചിരിക്കുന്നു. ബൈബിളും ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഒന്നാണ്. മുസ്ലിമുകളും ക്രിസ്ത്യാനികളും ഒരുപോലെ മേരി കന്യകയായിരുന്നുവെന്നും യേശുവിനെ മേരി ദിവ്യഗര്‍ഭം ധരിച്ചുവെന്നും യേശു അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. യേശു വാഗ്ദാനം ചെയ്ത രക്ഷകനായിരുന്നുവെന്നും അന്ത്യനാളില്‍ യേശു വീണ്ടും വരുമെന്നും ഇരുമതങ്ങളും വിശ്വസിക്കുന്നു. ലോകാവസാനത്തില്‍ തിന്മയുടെ പ്രതീകമായ അന്തി ക്രിസ്തുവിലും ഇസ്‌ലാമികള്‍ വിശ്വസിക്കുന്നുണ്ട്. ഭൂമിയില്‍ ജീവിച്ചതനുസരിച്ച് തിന്മ ചെയ്യുന്നവര്‍ക്ക് നരകവും നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും ഇസ്‌ലാമിലുമുണ്ട്.

a2സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പുരയിടത്തില്‍ താമസിച്ചിരുന്ന ‘മറിയ’ എന്ന് പേരുള്ള ഒരു ദളിത സ്ത്രീ മരണമടഞ്ഞു. അവര്‍ നിത്യം പള്ളിയില്‍ പോയിക്കൊണ്ടിരുന്ന ഒരു സാധു പുലയ സ്ത്രീയായിരുന്നു. കൂലിവേല ചെയ്തുകൊണ്ട് ആറേഴു മക്കളെ വളര്‍ത്തിക്കൊണ്ടിരുന്നു. ലത്തീന്‍ പള്ളി ഇടവക അംഗമായിരുന്ന അവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസത്തെ കൂലി പള്ളിക്ക് കൊടുക്കണമായിരുന്നു. അവരുടെ ഭര്‍ത്താവ് ദേവസ്യ പരസ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞു ലത്തീന്‍പള്ളിയിലെ വികാരി മൃതദേഹം സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കില്ലായിരുന്നു. എട്ടുദിവസം ദുര്‍ഗന്ധം വമിച്ചു അവരുടെ മൃതദേഹം ആ കുടിലിന്റെ മുമ്പില്‍ കിടക്കുന്നതു ഇന്നും ഓര്‍മ്മിക്കുന്നു. മനുഷ്യത്വം നശിച്ചുപോയ വികാരിയുടെ മുമ്പില്‍ നാട്ടുകാര്‍ ഒന്നടങ്കം കേണപേക്ഷിച്ചിട്ടും വികാരിയുടെ മനസ് തുറന്നില്ല. സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ യാതൊരു ആചാരവുമില്ലാതെ ഞങ്ങളുടെ പറമ്പിനുള്ളില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. യേശുവിന്റെ അനുയായികളെന്ന് സ്വയം പ്രഖ്യാപിച്ച പുരോഹിത വര്‍ഗങ്ങളിലും കരുണയുടെ സ്ഥാനത്ത് ക്രൂരതയുടെ മുഖങ്ങളുമുണ്ടെന്ന് വ്യക്തമായി എനിക്കന്നു മനസിലാക്കാന്‍ സാധിച്ചു. അന്നുമുതല്‍ പള്ളിയോടും പൗരാഹിത്യ വ്യവസ്ഥിതിയോടുമുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയും ചെയ്തു.

ബൈബിള്‍ ഒരു സാഹിത്യ കൃതിയാണ്. അതിനുള്ളിലെ വാക്യങ്ങള്‍ ദൈവത്തിന്റെ അരുളപ്പാടെന്നു പഠിപ്പിച്ചാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ദഹിക്കാന്‍ പ്രയാസമാണ്. ബൈബിളില്‍ സുവിശേഷകര്‍ എഴുതിയിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങള്‍ അപ്പാടെ ദൈവം അരുളിചെയ്തതെന്ന് വിശ്വസിച്ചാലെ പുരോഹിതന്റെ കണ്ണിലെ ക്രിസ്ത്യാനിയാവുള്ളൂ. യേശുവിന്റെ ജന്മസ്ഥലവും പൂര്‍വിക തലമുറകളും വ്യത്യസ്തമായിട്ടാണ് സുവിശേഷകര്‍ വിവരിച്ചിരിക്കുന്നത്. ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അവര്‍ കന്യകയല്ലെന്നറിഞ്ഞാല്‍ അവരെ കൊന്നുകളയണമെന്നാണ് പഴയ നിയമം നിയമാവര്‍ത്തന (Deuteronomy 22:13-21) പുസ്തകത്തിലുള്ളത്. അങ്ങനെ യുക്തിചിന്തകള്‍ ചൂണ്ടി കാണിക്കുന്നതിനെ മതം മുഴുവനായി വിലക്കിയിരിക്കുകയാണ്. തെറ്റു തെറ്റാണെന്നു സമ്മതിക്കാന്‍ മതം നടപ്പാക്കിയിരിക്കുന്ന നീതിബോധം അനുവദിക്കില്ല.

യേശു മാത്രം വഴിയും സത്യവുമെന്ന് ബൈബിളും പറയുന്നു. എന്നാല്‍ ഒരു ഹിന്ദുവിന് മുഹമ്മദിനെയും യേശുവിനെയും വിശ്വസിച്ചാലും ഹിന്ദുവാകാന്‍ സാധിക്കും. ബൈബിളനുസരിച്ച് ദൈവം ഈ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും ഏഴുദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നാണ് ലിഖിതം ചെയ്തിരിക്കുന്നത്. പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയേയും പ്രപഞ്ചാദികളെയും ദൈവം സൃഷ്ടിച്ചു. എന്നാല്‍ മുകളില്‍ പറഞ്ഞ ദിവസത്തിന് 24 മണിക്കൂറായിരുന്നില്ല. ഒരുപക്ഷേ ആയിരങ്ങളോ മില്ലിയനുകളോ വര്‍ഷങ്ങളെ ഒരു വര്‍ഷമായി ഗണിക്കാമെന്ന് മതം വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ഒരു ക്രിസ്ത്യാനി ബൈബിളിലെ വചനങ്ങള്‍ അപ്പാടെ ദിവ്യമായി സ്വീകരിക്കണം. അതിലെഴുതിയിരിക്കുന്ന ഒരു വചനത്തെയും വിമര്‍ശിക്കാന്‍ പാടില്ല. എഴുതിയിരിക്കുന്ന വചനങ്ങള്‍ ലക്ഷോപലക്ഷം ജനങ്ങളില്‍നിന്ന് തലമുറകളായി കൈമാറിയതാണ്. ദൈവിക വാക്കുകളെന്നു പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റപ്പെട്ടതെന്നു വ്യക്തമായി മനസിലാക്കാനും സാധിക്കും. ഏതു നൂറ്റാണ്ടിലാണ് ബൈബിള്‍ എഴുതിയതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. ഭാഷകള്‍ മറ്റൊരു ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യുമ്പോള്‍ അനുയോജ്യമായ സാഹിത്യ പദങ്ങള്‍ കണ്ടെന്നു വരില്ല. അതുമൂലം ആശയങ്ങള്‍ക്കു തന്നെ വ്യത്യാസങ്ങളും വരാം. ഓരോ ജനതയുടെയും സാംസ്‌ക്കാരിക ചിന്തകളുടെ മാറ്റങ്ങളനുസരിച്ചും ബൈബിള്‍ തര്‍ജ്ജിമ ചെയ്യുന്നു. അതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചിന്തകള്‍ തര്‍ജ്ജിമ ചെയ്യുന്നവരുടെ മനസ്സില്‍ നിഴലിച്ചിരിക്കുന്നതും കാണാം. ആദ്യ പിതാക്കന്മാര്‍ എഴുതിയ ബൈബിള്‍ തന്നെയാണോ നാം പാരായണം ചെയ്യുന്ന ബൈബിളെന്നതിലും വ്യക്തതയില്ല. വിശുദ്ധ പോളിനുണ്ടായ സ്വപ്നമാണ് പുതിയ നിയമത്തിലെ പോളിന്റെ സുവിശേഷങ്ങള്‍ക്ക് കാരണമായത്. ഒരുവന്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടാല്‍ ഉണര്‍ന്നു കഴിഞ്ഞശേഷം അതുപോലെ പകര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? പിന്നെയും ചോദ്യം വരുന്നു, ഈ സ്വപ്നം വാസ്തവത്തില്‍ ദൈവത്തിങ്കല്‍ നിന്നായിരുന്നുവോ? അതോ ദൈവത്തിങ്കല്‍ നിന്നായിരുന്നുവെന്ന് കഥയുണ്ടാക്കിയതോ? ഇത് പോളിനുണ്ടായ ഒരു മാനസിക വിഭ്രാന്തിയോ? ഏതോ നൂറ്റാണ്ടില്‍ നടന്ന സുവിശേഷത്തിലെ പോളിനു കിട്ടിയ ദൈവത്തിന്റെ അശരീരി നൂറായിരം ജനങ്ങളില്‍ കൈമറിഞ്ഞ ശേഷം നമ്മളോട് വിശുദ്ധ ഗ്രന്ഥം തുറന്നുകൊണ്ടു പുരോഹിതന്‍ പറയുന്നു, ‘വിശ്വസിക്കുവിന്‍, വിശ്വസിച്ചാല്‍ സ്വര്‍ഗം, അല്ലെങ്കില്‍ നരകം!’

a1 (1)ബൈബിളില്‍ നിന്ന് വചനമെടുത്തു വായിച്ചശേഷം പുരോഹിതന്‍ ആവര്‍ത്തിച്ചാല്‍ അതെങ്ങനെ സത്യമാകുന്നു. നാം അതെല്ലാം ശരിയെന്നു വിശ്വസിക്കണം. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ സ്വയം യുക്തിപൂര്‍വം ചിന്തിക്കുന്നതല്ലേ നല്ലത്? വിശ്വസിക്കുന്നവരുടെ ചിന്തിക്കാനുള്ള കഴിവുകള്‍ നശിപ്പിച്ചുവെങ്കില്‍ മാത്രമേ പള്ളിക്കും പുരോഹിതര്‍ക്കും വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ സാധിക്കുള്ളൂ. ചിലര്‍ പറയും, വിശുദ്ധഗ്രന്ഥങ്ങള്‍ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടു വിശുദ്ധ ഗ്രന്ഥവും സത്യമായിരിക്കും. എന്നാല്‍ ശാസ്ത്രം എക്കാലവും ശരിയായിരിക്കണമെന്നില്ല. പുതിയവ കണ്ടുപിടിക്കുമ്പോള്‍ പഴയതിനെ ശാസ്ത്രത്തില്‍നിന്നും നീക്കം ചെയ്യാറുണ്ട്. ശാസ്ത്രീയ തത്ത്വങ്ങളും വസ്തുതകളും പിന്നീട് തെറ്റാണെന്നും തെളിയിച്ചിട്ടുണ്ട്. കൂടാതെ നൂറായിരം കാര്യങ്ങള്‍ ശാസ്ത്രത്തിന് മനസിലാകുന്നില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രം ഒന്നിനും അതിന്റെ അവസാനത്തെ തീര്‍പ്പല്ല.

ക്രിസ്തുമതത്തെ ക്രിസ്തുപോലും സങ്കല്‍പ്പത്തില്‍ കാണാഞ്ഞ അന്ധവിശ്വാസങ്ങള്‍ കൊണ്ട് നിറച്ചിരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും ക്രിസ്തുവിന്റെ കഷ്ടപ്പാടുകളും നിരത്തി വെച്ചുകൊണ്ട് കുരിശുരൂപത്തിന്റെ മുമ്പില്‍ കരയാനാണ് സഭ പഠിപ്പിക്കുന്നത്. ക്രിസ്ത്യന്‍ കലകളെല്ലാം കുരിശിന്റെ വഴിയേ അനുസ്മരിക്കുന്ന രൂപങ്ങളായി കൊത്തിവെച്ചിരിക്കുന്നു. കുരിശുമരണത്തിനുമുമ്പില്‍ കണ്ണീര്‍ വാര്‍ക്കാനും വിലപിക്കാനും പഠിപ്പിക്കും. ക്രൂശിതനായ ക്രിസ്തുവിനെ സംബന്ധിച്ചുള്ള ദുഃഖകരമായ കഥകള്‍ ബാലമനസുകളില്‍ അടിച്ചു കേറ്റും. കോടാനുകോടി ജനങ്ങളാണ് ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തി വരുന്നത്. ബുദ്ധിജീവികളും ചിന്തിക്കുന്നവരും സഭയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും പാടില്ല.

1982നു ശേഷം പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും കരിഷ്മാറ്റിക്ക് ഗ്രുപ്പുകളും കേരളത്തില്‍ കൂണുപോലെ പൊന്തിവന്നു. അതിനുശേഷം സീറോ മലബാര്‍ സഭയുടെ രൂപവും ഭാവവും മൊത്തം ഉടച്ചു വാര്‍ക്കപ്പെട്ടു. മാനസിക വൈകല്യമുള്ളവരുടെ എണ്ണവും വര്‍ദ്ധിച്ചു. സീറോ മലബാര്‍ പള്ളികളില്‍ കുര്‍ബാനയുടെ ദൈര്‍ഘ്യം ഇരുപതു മിനിറ്റില്‍ നിന്ന് ഒന്നര മണിക്കൂറായി. അതിനിടെ പുരോഹിതരുടെ ബോറടിച്ച നീണ്ട പ്രസംഗവും. പള്ളി പൊളിച്ചുപണിയുന്ന കാര്യവും പിരിവിന്റെ കാര്യവും ഓര്‍മ്മിപ്പിക്കും. സാധാരണക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടും ഞെക്കിപ്പിഴിഞ്ഞുകൊണ്ടും പണവും പിരിക്കും. കരിഷ്മാറ്റിക്ക് ഗുരുക്കന്മാരുടെ തീവ്ര പ്രാര്‍ത്ഥനകളും രോഗസൗഖ്യങ്ങളും കേരളത്തില്‍ പുരോഹിതരുടെ നിയന്ത്രണത്തിലുള്ള വലിയൊരു വ്യവസായമായി മാറിക്കഴിഞ്ഞു.

a1 (2)അമേരിക്കയിലെ ഒരു മെഡിക്കല്‍ ജേര്‍ണലില്‍ പ്രാര്‍ത്ഥനകളെപ്പറ്റി നടത്തിയ ഒരു ശാസ്ത്രീയ റിപ്പോര്‍ട്ടുണ്ട്. അവര്‍ നടത്തിയ പഠനത്തില്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു കണ്ടെത്തിയിരിക്കുന്നു. രോഗികളെ മൂന്നായി തരം തിരിച്ച് ഒരു കൂട്ടം രോഗികള്‍ക്കുവേണ്ടി കഠിനമായി പ്രാര്‍ത്ഥിക്കുകയും അതേസമയം മറ്റൊരു കൂട്ടം രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാതെയും ഇരുന്നു. മൂന്നാമതുള്ള ഒരു പ്രാര്‍ത്ഥനാക്കൂട്ടം രോഗികളറിയാതെ രോഗികള്‍ക്കുവേണ്ടി രഹസ്യമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍ രോഗികളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവരുടെ രോഗം മറ്റു രണ്ടു കൂട്ടരേക്കാളും വഷളായിരിക്കുന്നതാണ് കണ്ടത്. രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടര്‍ രോഗികളില്‍ യാതൊരു വ്യത്യാസവും കണ്ടില്ല. ‘നിനക്ക് പ്രാര്‍ത്ഥിണമെന്നുണ്ടെങ്കില്‍ ധ്യാന നിരതനായി ഏകാന്തമായ മുറിയില്‍ പ്രാര്‍ത്ഥിക്കാന്‍’ യേശു പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനയുടെ പേരില്‍ കരിഷ്മാറ്റിക്ക് പുരോഹിതരുടെ ചെണ്ടകൊട്ടും മേളങ്ങളും ഒരു സമൂഹത്തെ മൊത്തമായി ഭ്രാന്തന്‍ ലോകത്തിലേക്ക് നയിക്കുകയേയുള്ളൂ. .

പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടുവെന്ന് പലരും അവകാശപ്പെടുന്നുമുണ്ട്. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടാല്‍ തന്നെയും ബൈബിളിലെ ദൈവമാണ് ആ പ്രാര്‍ത്ഥന കേട്ടതെന്നും നിശ്ചയമില്ല. സത്യമെന്തന്നാല്‍ ഈ പ്രപഞ്ചമെന്നു പറയുന്നത് അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. കണികകളും പരമാണുകളും തന്മാത്രകളും വൈദ്യുത കാന്ത തരംഗങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊണ്ടതാണ് ഈ പ്രപഞ്ചം. ഇതിലെ ജീവജാലങ്ങളും പ്രകൃതിയും ശാസ്ത്രത്തിനും അതീന്ദ്രങ്ങള്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ ബുദ്ധിവൈഭവമുള്ളതാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അതിനെ ദൈവമെന്നു വിളിച്ചു. അദ്ദേഹം കണ്ടത് യഹൂദന്റെ ദൈവമോ ക്രിസ്ത്യന്‍ ദൈവമോ ആയിരുന്നില്ല. ഈ പ്രപഞ്ചം അനന്തവും കലാപരമായി സൃഷ്ടിക്കപ്പെട്ടതുമാണ്. നാം വസിക്കുന്ന ഈ ഭൂമിയും നിഗൂഢാത്മകമായ സത്യങ്ങള്‍കൊണ്ട് കോര്‍ത്തിണക്കിയതാണ്. ചിലപ്പോള്‍ നമ്മുടെ ആഗ്രഹങ്ങളും പ്രാര്‍ത്ഥനകള്‍ വഴി പ്രതിഫലിച്ചേക്കാം. സഫലീകൃതമാകാം. അത് യാദൃശ്ചികമായി സംഭവിക്കുന്നതുമാണ്. ബൈബിളിലെ ദൈവമാണ് ആ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നതെന്നുള്ള ന്യായികരണങ്ങളും നീതിയുക്തമല്ല. പാകതയില്ലാത്ത മനസാണ് അങ്ങനെ ചിന്തിക്കുന്നതിനു കാരണമാവുന്നത്.

ഞാന്‍ വളരെ ചെറുപ്പകാലം മുതല്‍ ഗാന്ധിയന്‍ ചിന്തകളിലും ഗാന്ധിജിയുടെ മതങ്ങളോടുള്ള മനോഭാവത്തിലും തല്‍പ്പരനായിരുന്നു. സ്വന്തം മതത്തെപ്പോലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്‌നേഹിക്കണമെന്ന ചിന്തകളായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗാന്ധിജി പറഞ്ഞിരുന്നു; ‘ഞാനൊരു ക്രിസ്ത്യനീയാണ്, ഹിന്ദുവാണ്, മുസ്ലിമാണ്, യഹൂദനാണ്. നിന്ദിക്കുന്നവനേയും തോക്കും മുനകള്‍ നെഞ്ചത്തു നീട്ടുന്നവനെയും സ്‌നേഹിക്കാന്‍ പഠിക്കണം. ഹിന്ദുവും മുസ്ലിമും സാഹോദര്യത്തില്‍ അധിഷ്ഠിതമായി നിലകൊള്ളുന്ന ഒന്നായ ജനതയാണ്. എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ്, ക്രിസ്തുദേവന്റെ സന്ദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു; എന്നാല്‍ ക്രിസ്ത്യാനികളെ ഇഷ്ടമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാനമായ ഭാരതം ഒന്നിച്ചുനിന്നാല്‍ ഒരു വിദേശ ശക്തിയും നമ്മുടെമേല്‍ മേധാവിത്വം പുലര്‍ത്തില്ല.’

a3ക്രിസ്തുമതത്തെപ്പറ്റി കൂടുതല്‍ പഠിക്കും തോറും ഇത്തരം ചിന്തകള്‍ ചിന്താശക്തിയുള്ള ക്രിസ്ത്യാനികള്‍ക്കും ഉണ്ടാകാവുന്നതാണ്. സഭയെ വിമര്‍ശിക്കാന്‍ പാടില്ലെന്നുളളതാണ് പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്. വിമര്‍ശിക്കുന്നവരുടെ നാവടക്കാന്‍ എല്ലാവിധ തരികിട ഗുണ്ടായിസങ്ങളും പുരോഹിതര്‍ പ്രയോഗിക്കും. ബുദ്ധിജീവികളായ ജോസഫ് പുലിക്കുന്നേല്‍, എം.പി.പോള്‍, ജോസഫ് മുണ്ടശേരി എന്നിവരോട് സഭ ചെയ്ത ദ്രോഹം കാലത്തിനുപോലും പൊറുക്കാന്‍ സാധിക്കില്ല. എം.പി. പോളിനെ തെമ്മാടിക്കുഴിയില്‍ അടക്കിയ ചരിത്രമാണ് സഭയ്ക്കുള്ളത്. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരും കക്കുന്നവരും കൊലചെയ്യുന്നവരും ക്രിസ്ത്യാനികളാണ്. എന്നാല്‍ സഭയെ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരുടെ നാവടപ്പിക്കാന്‍ പൗരാഹിത്യ ലോകം അവര്‍ക്കെതിരെ സകല അടവുകളും പ്രയോഗിക്കും.

ശാസ്ത്രം എന്തുകണ്ടുപിടിച്ചാലും അതിന്റെ നേട്ടങ്ങളുമായി മതവും മുമ്പിലെത്തുക പതിവാണ്. ജനാല്‍പ്പഴുതുകളില്‍ക്കൂടി നോക്കുകയാണെങ്കില്‍ ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ കണികകളുമെല്ലാം നമുക്ക് വിവരിക്കാന്‍ സാധിക്കും. നാം കാണുന്നതെല്ലാം സുപരിചിതവുമായിരിക്കാം. പലവിധത്തില്‍ വ്യാഖ്യാനിക്കാം. മഴയും സ്‌നോയും പെയ്യുന്ന നാളുകളില്‍ വഴികള്‍ ചെളിപിടിച്ചതെന്ന് വര്‍ണ്ണിച്ചേക്കാം. കുറച്ചു കഴിയുമ്പോള്‍ ഭൂമി വരണ്ടതാകും. മതവും അതിലെ അദ്ധ്യാത്മികതയും നാം വാതിലിനു പുറത്തുനോക്കുന്ന അതേ വൈകാരികതയിലാണ് ചഞ്ചലിക്കുന്നത്. പുറത്തേക്ക് നോക്കുമ്പോള്‍ കാണപ്പെടാത്തതിനെ വിവരിക്കാന്‍ സാധിക്കില്ല. അതുപോലെ ഓരോ മതങ്ങളും ദൈവികത്വത്തെപ്പറ്റി അവരുടെ പരിമിതമായ അറിവില്‍ നിന്ന് ഒരു ഭാഗം മാത്രം വിവരിക്കുന്നു. നാം ജനാലില്‍ക്കൂടി കണ്ടതിനെ വിവരിക്കുമ്പോള്‍ അവ്യക്തമായി നമുക്കു ലഭിച്ച അറിവുകള്‍ ശരിയെന്ന് മറ്റുള്ളവരില്‍ സ്ഥാപിക്കാന്‍ ശ്രമിക്കും. അതുപോലെ ഓരോ മതത്തിന്റെയും ആത്മീയതയുടെ ഒരു വശം മാത്രം കാണുന്നുവെങ്കില്‍ മറ്റുളള മതങ്ങളിലെ ആത്മീയ ചിന്തകള്‍ തെറ്റാണെന്നു വരുന്നില്ല. ഞാന്‍ തെറ്റാകണമെന്നില്ല, നിങ്ങളും തെറ്റാകണമെന്നില്ല. വ്യത്യസ്തങ്ങളായ സത്യങ്ങള്‍ നാം കാണുന്നുണ്ടെങ്കിലും ഞാനും നിങ്ങളും സത്യമാണെന്നു വിചാരിക്കണം. അതാണ് ഞാനെന്ന ക്രിസ്ത്യാനിയും, എന്റെ ക്രിസ്തീയതയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top