Flash News

നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു

February 21, 2018

2000-note-850x412നോട്ട് നിരോധനം പ്രഖ്യപിച്ച് 15 മാസം പിന്നിട്ടിട്ടും തിരിച്ചു വന്ന നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്. കള്ളപ്പണവും കള്ളനോട്ടും കൈക്കൂലിയും ഭീകരവാദവും ഒക്കെ നിര്‍ബാധം തുടരുന്നുണ്ട്. നാലുലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിനു ലാഭമുണ്ടാകും എന്നു സുപ്രീം കോടതിയില്‍ പറഞ്ഞെങ്കിലും ഗവണ്‍മെന്റിന് റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ചു കൊണ്ടിരുന്ന ലാഭ വിഹിതത്തില്‍ 30,000 കോടി രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്.

പഠനവും തയ്യാറെടുപ്പുമില്ലാതെയാണ് ഡീമോണിട്ടൈസേഷന്‍ നടത്തിയത് എന്ന വിമര്‍ശനം ബലപ്പെട്ടു വരുന്ന സമയത്താണ് ഇതു സംബന്ധിച്ച് ബി.ജെപി. സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രക്കാരനായ അനില്‍ ബോക്കില്‍ നേതൃത്വം നല്‍കുന്ന ‘അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍’ എന്ന സംഘടനയുടെ നിര്‍ദ്ദേശങ്ങളാണ് മോഡിയുടെ ‘നവംബര്‍ 8 വിപ്ലവത്തിന്റെ’ ചാലകശക്തി എന്നാണ് പറയപ്പെടുന്നത്. രണ്ട് നിര്‍ദ്ദേശങ്ങാണ് അവര്‍ മുന്നോട്ടു വച്ചത്.

1. നോട്ടു നിരോധനം: ഇന്ത്യയില്‍ വലിയ നോട്ടുകളുടെ അനുപാതം വളരെ കൂടുതലാണ്, അത് കുറച്ചു കൊണ്ടു വരേണ്ടതുണ്ട് അതിനായി വലിയ മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കണം 2. നിലവിലുള്ള എല്ലാ നികുതികളും പിന്‍വലിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുക (ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ്).

ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംസ്ഥാന ധനമന്ത്രാലയങ്ങളുടേയും അസൂത്രണ കമ്മീഷന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍.ഐ.എഫ്.പി.)യെ ഹരിയാന, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തി. വിശദമായ പഠനത്തിനു ശേഷം അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, 2017 ജൂണ്‍ 12ന്. അപ്പോഴേയ്ക്കും പക്ഷേ നോട്ട് നിരോധനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. എങ്കിലും എന്‍.ഐ.എഫ്.പി.യുടെ നിഗമനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ആദ്യമായി കമ്മറ്റി പരിശോധിച്ചത് രണ്ടു കാര്യങ്ങളാണ്. 1. രാജ്യത്ത് ആവശ്യത്തിലധികം പണം നോട്ടുകളായി ഉണ്ടോ? 2. വലിയ മൂല്യമുള്ള നോട്ടുകളുടെ അനുപാതം അസാധരണമാം വിധം കൂടുതലാണോ? സമ്പദ്ഘടനയില്‍ കറന്‍സിയുടെ ആവശ്യകത നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ജി.ഡി.പി., കയറ്റുമതി, ഇറക്കുമതി, പണപ്പെരുപ്പം, പലിശ നിരക്ക്, സ്‌പെഷലൈസേഷന്റെ തോത് സമഗ്രമായി പഠിച്ച സമിതി കണ്ടെത്തിയിരിക്കുന്നത് രാജ്യത്ത് സമ്പദ്ഘടന ആവശ്യപ്പെടുന്നതിലും അധികം കറന്‍സി ഇല്ല എന്നാണ്.

രണ്ടാമതായി, സാമ്പത്തിക സൂചകങ്ങളും പാല്‍, മുട്ട, ബ്രഡ്, വെള്ളം എന്നിങ്ങനെ അവശ്യ വസ്തുക്കളുടെ വിലയും എല്ലാം പരിശോധിച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങളുമായി താരതമ്യ പഠനം നടത്തിയതിനു ശേഷം പറയുന്നു, മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വലിയ നോട്ടുകളുടെ സര്‍ക്കുലേഷന്‍ കൂടുതലാണെന്ന വാദവും തെറ്റാണെന്ന്. മൊത്തം കറന്‍സിയുടെ 86% 500, 1000 രൂപ നോട്ടുകള്‍ ആണെന്നത് വലിയ കുഴപ്പമാണെന്ന അര്‍ത്ഥക്രാന്തിയുടെ വാദത്തെ അമേരിക്കയേയും ബ്രിട്ടനേയും ഉള്‍പ്പടെ ഉദാഹരിച്ച് എന്‍.ഐ.എഫ്.പി. തള്ളുന്നു. മാത്രമല്ല ഈ നോട്ടുകള്‍ പിന്‍വലിച്ചാല്‍ ശേഷിക്കുന്ന വലിയ നോട്ടുകള്‍കൊണ്ട് കറന്‍സി സര്‍ക്കുലേഷന്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുക തന്നെവേണം എന്നും അവര്‍ തിരിച്ചറിഞ്ഞു.

അതായത് അര്‍ത്ഥക്രാന്തി മുന്നോട്ടു വച്ച നോട്ടുറദ്ദാക്കലിനുള്ള അടിസ്ഥാന ന്യായീകരണങ്ങള്‍ തന്നെ തെറ്റാണ് എന്ന് എന്‍.ഐ.എഫ്.പി. പഠനം വ്യക്തമാക്കുന്നു. മാത്രമല്ല നോട്ടു നിരോധനം കൊണ്ടുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് അതില്‍. 1. ജി.ഡി.പി.വളര്‍ച്ചയില്‍ ഉടന്‍ പ്രതീക്ഷിക്കാവുന്ന വലിയ കുറവ്, 2. ഉദ്പാദന നിരക്കില്‍ ഇടിവ്, 3. ബാങ്കില്‍ നിക്ഷേപം കൂടുന്നതുകൊണ്ട് വായ്പ്പ ലഭ്യത വര്‍ധിച്ചാല്‍ തന്നെ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വച്ച് അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, 4. റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയും, 5. ഉപഭോഗം കുറയുന്നതിനാല്‍ പരോക്ഷ നികുതി വരുമാനത്തില്‍ കുറവ് വരും. 6. സമ്പദ്ഘടന ഔപചാരികമാകുന്നതിനാല്‍ വരുമാന നികുതി ദായകരുടെ എണ്ണം വര്‍ദ്ധിച്ചേക്കാം എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യക്ഷ നികുതി വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടാകുമോ എന്നത് സംശയകരമാണ്, 7. അര്‍ത്ഥക്രാന്തി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലതാകണമെന്നില്ല, കാരണം കള്ളപ്പണം പണമായി മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. 8. കള്ള നോട്ടും ഭീകരപ്രവര്‍ത്തനവും തടയുന്നതിനും നോട്ടു നിരോധനം ഉപകരിക്കുമെന്നു പറയാനാകില്ല. കാരണം അവര്‍ക്ക് എപ്പോഴും മറ്റു മാര്‍ഗങ്ങള്‍ തേടാം. സമാന്തര സമ്പദ്ഘടനയേക്കുറിച്ചും ഭീകര സംഘടനകളുടെ ഫണ്ടിങ്ങിനെക്കുറിച്ചും പ്രതിപാദിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിജിറ്റല്‍ പണമിടപാടുകളിലൂടെയും ഇതൊക്കെ നടത്താനാകും എന്ന് പഠന റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.

റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് ‘നവംബര്‍ 8 വിപ്ലവ’ത്തിനു ശേഷം മാസം പതിനഞ്ചു പിന്നിടുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ എന്‍.ഐ.എഫ്.പി.യുടെ ഈ റിപ്പോര്‍ട്ടിനെങ്കിലും കാത്തിരുന്നെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ തിരിച്ചടിയും ജനങ്ങള്‍ക്ക് ദുരിതവും സമ്മാനിച്ച നോട്ട് നിരോധനം എന്ന ദുരന്തം ഒഴിവാകുമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top