കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കാനുള്ള ദിലീപിന്റെ നീക്കത്തിനു തിരിച്ചടി കിട്ടിയതിനു പിന്നാലെ വിചാരണതന്നെ റദ്ദാക്കാനുള്ള നീക്കവുമായി പ്രതിഭാഗം. ഇതു സംബന്ധിച്ച് ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഈയാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നാണു വിവരം.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യത്തിന്റെ പകര്‍പ്പ് തനിക്കു ലഭിക്കുംവരെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇന്ത്യന്‍ തെളിവ് നിയമപ്രകാരം പ്രതിക്കു കുറ്റപത്രത്തിലെ എല്ലാ തെളിവുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ മെമ്മറി കാര്‍ഡ് നല്കുന്നപക്ഷം അത് ദിലീപ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ അപേക്ഷ നിരസിച്ചത്.
അതേസമയം, കോടതി ജാമ്യം നിഷേധിച്ച പ്രതികളുടെ റിമാന്‍ഡ് നീട്ടിക്കിട്ടാന്‍ പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍നിന്നു കേസ് മാറ്റിയതിനെത്തുടര്‍ന്നാണിത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നാണു സൂചന. പ്രാരംഭമായി പ്രോസിക്യൂഷന്റെ വാദം കേള്‍ക്കും. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ ഹര്‍ജി നല്കുമെന്നു സൂചനയുണ്ട്.
കേസിന്റെ വിചാരണ സംബന്ധിച്ചും ഇന്നു തീരുമാനമുണ്ടായേക്കും. പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാല്‍ അക്കാര്യവും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അനുവദിച്ചാല്‍ കേസ് പ്രത്യേക കോടതിയിലേക്കു മാറ്റും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക അഭിപ്രായം അറിയിച്ചിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് െഹെക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാനാണു പ്രോസിക്യൂഷന് നീക്കം.
കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനിക്കു ഇഷ്ട വിഭവങ്ങള്‍ എത്തിച്ചു നല്‍കിയത് വിവാദമായെങ്കിലും പോലീസ് ഒതുക്കിയിരുന്നു. സഹതടവുകാരനെതിരേ കേസെടുത്ത് മറ്റു വിവാദങ്ങള്‍ ഒഴിവാക്കാനാണു നീക്കം. സംഭവത്തെ കുറിച്ച് വിശദാന്വേഷണം നടത്താന്‍ ജയില്‍ വകുപ്പ് നിര്‍ദേശിച്ചു. വിയ്യൂര്‍ ജയിലില്‍ നടിയെ ഉപദ്രവിച്ച കേസില്‍ തടവിലുള്ള സുനില്‍കുമാറിനു ഉദ്യോഗസ്ഥര്‍ക്കു നല്കാന് വെച്ച മീന്‍കറി അടിച്ചുമാറ്റി നല്‍കുകയായിരുന്നു. സംഭവത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച്ചയുണ്ടായെന്നു പരാതിയുണ്ട്.
ഏതാനും തടവുകാര്‍ ഇതു ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ക്കു പരാതി നല്കി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നു പരാതിയുണ്ട്. കൂടുതല്‍ അന്വേഷണം വേണമെന്ന് ഒരുസംഘം തടവുകാര്‍ ആവശ്യപ്പെടുന്നു. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന തടവുകാരനാണ് സുനിക്കു മീന്‍കറി അഴികള്‍ക്കിടയിലൂടെ ഒളിച്ചു കടത്തിയത്. ഇതു പലപ്പോഴും നടന്നുകൊണ്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഹഷീഷ് ഒളിച്ചു കടത്തുന്ന കേസില്‍ കുടുങ്ങിയ ഇയാളെ അടുക്കള ചുമതലയില്‍ നിന്നു നീക്കി. അടുക്കളയുടെ അടുത്തുതന്നെയുള്ള സെല്‍ സുനിക്കു നല്കിയതും യാദൃശ്ഛികമല്ലെന്നാണ് സൂചന.
ജയിലില്‍ തടവുകാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധുക്കളുടെ കൈയില്‍ നിന്നു തുക ഈടാക്കുന്നതായി മുമ്പേ ആക്ഷേപമുണ്ട്. അതു ശരിവെക്കുന്ന വിധത്തിലാണ് സുനിയുടെ ഭക്ഷണസൗകര്യം പുറത്തുവന്നത്. ‘വി.ഐ.പി’ തടവുകാര്‍ക്ക് ചോദിച്ചതെന്തും നല്‍കുന്നതാണ് ഇവിടുത്തെ രീതി. സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഇക്കാര്യത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതെന്നു പറയുന്നു. ഒരുമാസം മുമ്പ് ഇരുവരുടെയും അഭിഭാഷകര്‍ ജയിലില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകന് എതിരേ കേസ് എടുക്കാനുള്ള നീക്കവും പോലീസ് നടത്തുന്നു. പ്രേരണാകുറ്റം നിലനില്‍ക്കുമോ എന്നാണ് മുഖ്യമായും ആരായുന്നത്.
ജയിലില്‍ തടവുകാര്‍ക്ക് സൗകര്യങ്ങള്‍ അധികമായി നല്‍കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കിടയിലും തര്‍ക്കമുണ്ടാകാറുണ്ട്. ഇതു വലിയ ചര്‍ച്ചയാകാതെ ഒതുക്കുകയാണ് പതിവ്. ചില സന്ദര്‍ശകരെത്തുമ്പോള്‍ സുനിക്കു ജയിലില്‍ പ്രത്യേക സ്ഥലത്ത് കൂടിക്കാഴ്ച്ച അനുവദിക്കുന്നതായി പറയുന്നു. ഇത് പല തടവുകാരിലും മുറുമുറുപ്പുണ്ടാക്കി.
തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ മുറിയില്‍ ഭക്ഷണം തയാറാക്കണമെന്നാണ് ചട്ടം. എന്നാല്‍ പാചകരീതിയില്‍ മാറ്റമുണ്ടാകാറുണ്ട്. തടവുകാര്‍ക്ക് മീന്‍കറി നല്കുമ്പോള് ചാറും മീനും വെവ്വേറെയാണ് നല്‍കുന്നത്. മീന്‍ അതില്‍ ഉടഞ്ഞുചേര്ന്നുവെന്ന പരാതി വരാതിരിക്കാനാണ് ഇത്. എന്നാല്‍ രണ്ടു ഘട്ടമായി നല്കുമ്പോള് രുചി കുറയും. ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വിധത്തില്‍ തയാറാക്കിയ മീന്‍കറിയാണ് നല്‍കുക. അതിനു സ്വാദേറും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply