Flash News

മതിലിനുള്ളിലെ എന്റെ ജിന്ന് (കഥ)

February 24, 2018 , നസീമ നസീര്‍

Jinnu1

ഉപ്പ.. ഒട്ടുപാലിന്റെ മണം, ഉള്ളില്‍ ചോപ്പുളള പേരയ്ക്കാമണം, ‘ഠോ..’ ന്ന് പൊട്ടുന്ന ബലൂണിന്റെ ഒച്ച, ഊഞ്ഞാലു മിഠായിയുടെ ആട്ടം, പനിക്കിടക്കയിലെ മന്ത്രിച്ചൂത്തിന്റെ ‘പ്ഫൂ..’ ന്നുളള കാറ്റ്. ഉപ്പായുടെ ഓര്‍മ്മകള്‍ ഇതൊക്കെയും മനസ്സിലേക്ക് കൊണ്ടുവരും. അല്ലെങ്കില്‍ ഇതൊക്കെയും ഉപ്പായെ മനസ്സിലേക്ക് കൊണ്ടുവരും.

മഗ്‌രിബിന് കൈയ്യും കാലും കഴുകി വന്നിരുന്ന് യാസീനും സലാത്തുമോതി, അസ്ബി റബ്ബി ഈണത്തില്‍ ദീര്‍ഘിപ്പിച്ചിരിക്കവേ, ഓട്ട് വിളക്കിന്റെ തിരിനാളം മെല്ലെ താളത്തില്‍ ചാഞ്ചാടി നില്‍ക്കും. ചോപ്പ് മായുന്ന സന്ധ്യയില്‍ ഉപ്പയുടെ വളഞ്ഞന്‍ കാലന്‍ കുടയുടെ മൂട് മുറ്റത്തെ ചരലില്‍ ഞെരിയുന്നത് കേട്ട് തുടങ്ങുമ്പോഴാണ് ഏറ്റവും അത്യാഗ്രഹമുള്ള ഒരു സാധനം പ്രാര്‍ത്ഥനയില്‍ കടന്ന് കൂടുന്നത്. തിളങ്ങുന്ന, വാലുളള, ത്രികോണാകൃതിയുളള ഡിസ്കോ തട്ടം എനിക്കേകണേ അള്ളാ. അള്ളാ ഉള്ളം അറിയുന്നവനെങ്കിലും ഉപ്പാക്ക് രൂപഘടന ബോധ്യപ്പെടുത്താനാണ് അവസാനത്തെ ദുആ (പ്രാര്‍ത്ഥന) ഉപ്പായുടെ ആഗമനത്തിലേക്കായി കാത്തുവെച്ചിരുന്നത്. പ്രാര്‍ത്ഥനകള്‍ക്കുത്തരം നല്‍കുന്ന ഉടയോനായിരുന്നു എന്റുപ്പ.

ആ ഉപ്പയുടെ അടുക്കലേക്കൊന്ന് പോകാന്‍ എന്റെ ഖല്‍ബ് എത്രമാത്രം കൊതിക്കുന്നെന്നോ. എന്തിനാണ് ആളുകള്‍ എന്നെ അതില്‍ നിന്ന് വിലക്കുന്നത്. ഉപ്പയ്ക്കരികിലെത്താനുളള എല്ലാ രഹസ്യ വാതിലുകളെ പറ്റിയും ഓര്‍ത്തോര്‍ത്തു കിടന്ന പല രാവുകളിലും ഞാന്‍ ജിന്നിനെ സ്വപ്നം കണ്ട് ഭയന്നു. ജിന്ന് പാമ്പായും പഴുതാരയായും വന്നു.

എന്റെ ആഗ്രഹങ്ങള്‍ കാതോരത്ത് നിന്നും ഹൃദയത്തിലേക്കെടുത്ത് പാല്‍ക്കാരന്‍ മമ്മൂഞ്ഞിന്റെ മകന്‍ വള്ളി നിക്കറുകാരന്‍ ഖാദര്‍ അതിനുളള വഴിയൊരുക്കി. ഒരിക്കല്‍ കോളജില്‍ നിന്നും വരുന്ന വഴിയ്ക്ക് തെക്കും പൊക്കും നോക്കി പള്ളിപ്പറമ്പിന്റെ പൊളിഞ്ഞ് കിടന്ന കയ്യാലയ്ക്കകത്തേക്ക് അവന്‍ എന്നെ കൈ പിടിച്ച് കയറ്റി. എന്റെ ഉപ്പാ കിടക്കുന്ന ഖബര്‍ അവന്‍ എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു. ആരും കാണാതെ ഞൊടിയിടയില്‍ പുറത്തിറങ്ങുകയും ചെയ്തു.

അഞ്ച് കൊല്ലം മുമ്പാണ് ആ പളളി മദ്രസയിലെ ഓത്ത് നിര്‍ത്തിയത്. മദ്രസയില്‍ ഓതാന്‍ പോക്കിന് വിലക്ക് വീഴിച്ചത് പെറ്റിക്കോട്ടിലെ ചോപ്പ് പുള്ളിയാണ്. പിന്നീട് ചുവപ്പു നിറങ്ങളെ ഉമ്മ വെച്ച് ഞാന്‍ നെഞ്ചിലേറ്റി. പുലര്‍കാലങ്ങളില്‍ കണ്ണ് കിള്ളിപ്പൊളിച്ച്, തണുത്ത് വിറച്ച് ഖായിദകള്‍ (മദ്രസ പുസ്തകങ്ങള്‍) അടുക്കി ഓടേണ്ടല്ലോ.

പക്ഷേ ഇപ്പോള്‍ ആ മതില്‍കെട്ടിനകത്ത് കയറാന്‍ ഞാന്‍ കൊതിക്കുകയാണ്. ഖല്‍ബില്‍ കെട്ടിക്കിടക്കുന്നതൊക്കെ വെട്ടിപ്പൊളിച്ച് ഒഴുക്കി വിട്ടൊന്ന് കരയണം. ആ ഖബറിലേക്കെന്റെ കണ്ണുനീര്‍ ഇറ്റിച്ചു വീഴ്ത്തണം. അങ്ങാടിയില്‍ പോയി തിരികെ വന്നൊരു സന്ധ്യയിലാണ് ഞാന്‍ വീണ്ടും ആ പള്ളിപ്പറമ്പിലേക്ക് നുഴഞ്ഞു കയറിയത്. ഞാന്‍ അതിയായ ഭീതിയിലായിരുന്നു. ആരെങ്കിലും കാണുമോ എന്ന ഭയം. പള്ളിക്കാടുകള്‍ നിറയെ ജിന്നുകളാണെന്ന റംലത്തിന്റെ കഥകള്‍. ചന്ദനത്തിരി മണമോ, നേർച്ച മുട്ടന്റെ മണമോ വാസനിച്ചാല്‍ ജിന്നിന്റെ സാന്നിദ്ധ്യം ഉറപ്പാണെന്നാണ് റംലത്തിന്റെ ഭാഷ്യം. ‘ഖബറെന്ന ഭയങ്കര വീട്ടിലെ..’ എന്ന് തുടങ്ങുന്ന മുക്രി ഉസ്താദിന്റെ പാട്ട് ഭീതിപ്പെടുത്തും വിധം എന്തിനാണിപ്പോള്‍ ഓർമ്മയില്‍ കയറിക്കൂടുന്നത്. ഏതെങ്കിലും ഖബറില്‍ നിന്നും മുന്‍കര്‍ നക്കീറിന്റെ ചോദ്യങ്ങളെങ്ങാനും ഉയരുന്നുണ്ടോ.

പക്ഷേ എന്റുപ്പാന്റെ കബറിനരികിലാണ് ഞാന്‍. ഉപ്പ പറയുന്നതെനിക്ക് കേള്‍ക്കാം. ‘ഒന്നും പേടിക്കെണ്ടെന്റെ മുത്തേ. ഹോജരാജാവായ തമ്പുരാനെ ഓര്‍ത്തോ. എന്റെ കുട്ടീടെ മുന്നില്‍ വെള്ളി പോലെ പാതകള്‍ തെളിഞ്ഞ് വരും. വഴിയിലെ പാമ്പും, തേളും, പാറ്റയും ഓടി മറഞ്ഞോളും. അവന്റെ ഖുദ്റത്തോളം വരുന്ന ജിന്നോളൊന്നും ഈ നാട്ടിലില്ല. റംലത്ത് പേടിപ്പിക്കുന്ന ജിന്നുകളെ കുറിച്ചാണ് പറഞ്ഞിട്ടുളളതെങ്കില്‍, ഉപ്പ പറഞ്ഞിരുന്ന ജിന്ന് പരോപകാരിയും വഴികാട്ടിയും സ്നേഹമുളളവനുമായിരുന്നു. അന്ന് മുതല്‍ ഒരു ജിന്നിനെ കണ്ടിരുന്നെങ്കില്‍ എന്നാശിച്ചിരുന്നു.

മീസാന്‍ കല്ലിനരികെ മുട്ട് കുത്തിയിരുന്നപ്പോള്‍ ഉപ്പാന്റെ നെറ്റിയിലൊരു ഉമ്മ കൊടുക്കാന്‍ തോന്നി. പുതിയ ഖബറായത് കൊണ്ട് ചെടികള്‍ മുളച്ച് തുടങ്ങിയിട്ടേയുള്ളൂ. മണ്ണിലേക്ക് ചുണ്ട് ചേര്‍ത്തപ്പോഴാണ് “എന്താ കുട്ടീ ഇവിടെ?” എന്നൊരു ചോദ്യം. ഞെട്ടിത്തെറിച്ചുപോയി. തിരിഞ്ഞുനോക്കിയപ്പോള്‍ ആകെ വെളുത്തൊരു രൂപം. ഒരു ക്ഷണമേ നോക്കിയുള്ളൂ. മുഖം തിരിച്ചുകളഞ്ഞു. ന്റുമ്മാ നെഞ്ചിടിക്കുന്നു. ഉപ്പാന്റെ കൈയ്യില്‍ രക്ഷക്കെന്നോണം മുറുകെ പിടിച്ച പുല്ല് കയ്യിലേക്ക് പറിഞ്ഞ് പോന്നു.

ജിന്നിനെ കുറിച്ചോര്‍ത്ത് നടന്നാല്‍ ജിന്നു വരുമെന്ന് റംലത്ത് പറഞ്ഞത് ഓര്‍ത്തുപോയി. തളര്‍ന്നുപോയ ദേഹത്തിന് തറയില്‍ നിന്നുയരാന്‍ കഴിയുന്നില്ല. ജിന്നിന്റെ മുഖത്തേക്ക് നോക്കാനും ആവുന്നില്ല. പള്ളിക്കാടുകളില്‍ വീണ് കിടന്ന സന്ധ്യയുടെ ചുകപ്പും ജിന്നിനെ പേടിച്ചിട്ടെന്ന വണ്ണം ഇരുണ്ട് കരുവാളിച്ച് തുടങ്ങി. മുന്തിയ തരം വാസനയുളള ജിന്നാണ്. മാളികപ്പുറത്തെ കോയാക്കുഞ്ഞ് ഹാജിയുടെ വീട്ടിലെ കാറ്റിന് ഈ സുഗന്ധമാണ്. ഹാജിയാരുടെ ഷെല്‍ഫില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലൊരു ചില്ലുകുപ്പിയില്‍ റായിഖ് എന്ന് എഴുതി വെച്ചിരുന്ന പെര്‍ഫ്യൂം ഓർമ്മ വരുന്നു. ആ അത്ഭുത വിളക്കില്‍ നിന്ന് ഊര്‍ന്നിറങ്ങിപ്പോന്ന ജിന്നാകുമോ ഇത്. അത്രയ്ക്ക് തുളച്ച് കയറുന്നു വാസന. ഭീതിയാല്‍ നെഞ്ചിന്റെ താളം മുറുകുന്നതിനാല്‍ അവള്‍ ശ്വാസം അടക്കി നിന്നു. ശ്വാസം കിട്ടാതെ നെഞ്ച് പിടഞ്ഞപ്പോള്‍ ആ പ്രപഞ്ചം ഒന്നാകെ അവള്‍ മൂക്കിലേക്ക് വലിച്ചു. വീണ്ടും ജിന്നിന്റെ മണം പൂര്‍വ്വാധികം ശക്തിയില്‍ അവളുടെ നാസാരന്ധ്രങ്ങളിലേക്ക് കുതിച്ച് പാഞ്ഞു. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ അവള്‍ ആ വാസന കോരിക്കുടിച്ചേനെ.

ഒരാള്‍ പൊക്കത്തില്‍ നിന്ന് ആകാശം മുട്ടെ വളര്‍ന്ന് ഭൂമിയിലേക്ക് തലതാഴ്ത്തി വരുന്ന ജിന്നിനെ അകക്കണ്ണില്‍ കണ്ട്, സുബ്ഹാനള്ളാ എന്ന് ഉരുവിട്ട് അവള്‍ കണ്ണുകള്‍ ചേര്‍ത്ത് ഇറുക്കിയടച്ചു.

റംലത്താണ് അക്കഥ പറഞ്ഞിട്ടുളളത്. അവളുടെ ഇത്ത്ത്തായും കൂട്ടുകാരികളും സുബ്ഹി കഴിഞ്ഞ് വെട്ടം വീഴുന്നതിന് മുന്നേ മല കയറും. വീട്ടിലേക്കുളള വിറക് ശേഖരിക്കാന്‍. അന്നും ബാങ്ക് കേട്ടു. ചുമ്മാടും, വാക്കത്തിയും കയറുമെടുത്ത് അവര്‍ മല കയറിത്തുടങ്ങി. തിങ്ങി നില്‍ക്കുന്ന മുളം ചോട്ടിലെത്തിയപ്പോള്‍ പെട്രോമാക്സ് കത്തിച്ച് വെച്ചത് പോലെ പ്രകാശിക്കുന്ന മുളം കാടുകള്‍. അതിനുള്ളില്‍ നിന്നും വെളുത്ത വസ്ത്രം ധരിച്ചൊരു താടിക്കാരന്‍ ‘നിങ്ങള്‍ക്കുളള വിറക് കെട്ട് അതാ അവിടെ അടുക്കി വെച്ചിട്ടുണ്ട്. വള്ളി ചേര്‍ത്ത് എടുത്തോളൂ’ എന്നൊരു പറച്ചില്‍. അവര്‍ അന്ധാളിപ്പോടെ നോക്കി. ഹക്ക് തന്നെ. വിറക് അടുക്കടുക്കായി ഓരോ കെട്ടിനുളളത് ചേര്‍ത്തു വെച്ചിരിക്കുന്നു. ഒരു ദിവസത്തെ കഷ്ടപ്പാടിന് അറുതി വന്നതില്‍ സന്തോഷിച്ച് അവര്‍ വിറകുകള്‍ കയറ് ചേര്‍ത്ത് കെട്ടി മലയിറങ്ങി. മലയിറങ്ങുന്തോറും കാടുകളില്‍ ഇരുട്ട് കനം വെച്ച് തുടങ്ങി. സാധാരണ താഴേക്കിറങ്ങുമ്പോള്‍ സൂര്യന്‍ ജ്വലിച്ച് തുടങ്ങാറാണ് പതിവ്. പതിവ് വഴിയായത് കൊണ്ട് തപ്പിത്തടഞ്ഞ് മലയടിവാരത്തിലെത്തിയപ്പോള്‍ അതാ സുബ്ഹി ബാങ്ക് കേള്‍ക്കുന്നു. സ്തബ്ധരായിപ്പോയി അവര്‍. വീട്ടിലെത്തിയപ്പോഴാണ് വലിയ ജാരത്തിന്‍ കടവിലെ ഉപ്പാപ്പ പറയുന്നത് നിങ്ങള്‍ ആദ്യം കേട്ട ബാങ്ക് ജിന്നിന്റേതാണെന്ന്. ജിന്നാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോയത്. റംലത്ത് അക്കഥ പറഞ്ഞ നാളിലൊക്കെ അവള്‍ ജിന്നിനെ ഭയന്നു. ഇരുട്ടിനേയും ഇരുട്ടിലേക്ക് കൊണ്ടുപോകുന്ന ജിന്നിനേയും അവള്‍ ഭയന്നു.

അവള്‍ ഇഷ്ടപ്പെടുന്ന ജിന്ന് അവള്‍ക്കിഷ്ടപ്പെട്ട അലുക്കുകളുളള കുപ്പായം തുന്നിക്കൊടുക്കും, മായാത്ത ചോപ്പുളള മൈലാഞ്ചി ചെടി നട്ട് നനച്ച് വളര്‍ത്തും, അവളുടെ വീടിന്റെ മുറ്റത്തെ പുല്‍ച്ചെടികളിലെ മഞ്ഞ് തുള്ളികളില്‍ മാത്രം അത്തറ് മണമുണ്ടാക്കും. ഇതൊക്കെ അവള്‍ ജിന്നിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതായി സ്വപ്നം കണ്ടിട്ടുളള കാര്യങ്ങളാണ്. ജിന്നുകള്‍ക്ക് മനസ്സ് വായിക്കാന്‍ കഴിയുമെന്നാണ് റംലത്ത് പറഞ്ഞിട്ടുളളത്.

റായിഖിന്റെ മണം പളളിപ്പറമ്പിലെ കാറ്റുകള്‍ അമ്മാനമാടുകയാണ്. അവള്‍ ഹൃദയം നിലച്ചത് പോലിരിക്കാന്‍ തുടങ്ങിയിട്ട് ഒട്ടൊരു നേരം കഴിഞ്ഞു. ഇടത്തേക്ക് തല ചെരിച്ചാല്‍ ആ വെളള വസ്ത്രത്തിന്റെ തുമ്പെങ്ങാനും കണ്ണില്‍ പെട്ടാലോന്ന് ഭയന്ന് അവള്‍ ഉപ്പായുടെ ഖബറിനരികിലെ കമ്മ്യൂണിസ്റ്റ് പച്ചയിലേക്ക് കണ്ണുറപ്പിച്ചു. ഒരില പറിച്ചെടുത്ത് വിരല്‍തുമ്പില്‍ ഞെരടി മൂക്കിലേക്കടുപ്പിച്ചു. റായിഖിന്റെ മണത്തില്‍ നിന്നും രക്ഷപെടാനാണ്.

“മഗ്‌രിബ് നേരത്ത് പെങ്കുട്ട്യോളെന്തിനാ ഈ പള്ളി പറമ്പില്‍ ഒറ്റയ്ക്ക്.? ”

രണ്ടാമത്തെ സംസാരത്തില്‍ അവള്‍ സന്ദേഹിച്ചു. ‘ഇത് ജിന്ന് തന്നാവ്വോ.?’

“ഉപ്പാനെ കാണാന്‍ പ്രായം തെകഞ്ഞ പെങ്കുട്യോള് തനിച്ചിങ്ങനെ പള്ളിപ്പറമ്പില്‍ വരാന്‍ പാടില്ല.” വീണ്ടും ശബ്ദം.

പെട്ടെന്ന് പേടിയെങ്ങോ പോയൊളിച്ചു.

“എന്താ എന്റുപ്പാനെ കാണാൻ എനിക്ക് വന്നാല്.? ”

“ഉസ്താദ്മാരോടാ തര്‍ക്കുത്തരം.? “!!!

‘ഹാവൂ.!! ഇത് ഉസ്താദാ? ‘. പതിയെ മുഖമുയര്‍ത്തി നോക്കി. സ്വരത്തിന് ഘനമുണ്ടെങ്കിലും സൗമ്യമായ ഭാവം. മഗ്‌രിബിന്റെ ഇരുള്‍ വീണിട്ടും കണ്ണടക്കുളളിലെ ആ ശാന്തമായ കണ്ണുകള്‍ അവള്‍ ശ്രദ്ധിച്ചു. “തിങ്കള്‍ കല മാനത്ത്..” അനവസരത്തില്‍ ചുണ്ടിലെത്തിയ പാട്ടിനെ അവള്‍ ശകാരിച്ചൊതുക്കി. ഹൊ! ഇത് ജിന്നായാല്‍ മതിയായിരുന്നു. ഷാള്‍ തലയിലേക്ക് വലിച്ചിട്ട് നെഞ്ചിലേക്ക് പടര്‍ത്തിയിട്ട് ഖബറിനരുകില്‍ നിന്നും എഴുന്നേറ്റ് വള്ളിച്ചെടികള്‍ പൊതിഞ്ഞ് പൊളിഞ്ഞ് കിടന്ന കരിംകല്ലുകള്‍ ചവിട്ടി ധൃതിയിൽ അവള്‍ പള്ളിപ്പറമ്പിന് പുറത്തെത്തി.

“വീഴാതെ സൂക്ഷിച്ചിറങ്ങ്”. പിറകില്‍ നിന്ന് നിർദ്ദേശം.

തീർച്ചയായും ഇത് നല്ല ജിന്ന് തന്നെ. അല്ലെങ്കില്‍ തര്‍ക്കുത്തരം പറഞ്ഞ ഞാന്‍ വീഴാതിരിക്കട്ടേന്ന് വിചാരിക്കുവോ.

അവള്‍ വീണ്ടും ആരും കാണാതെ ഇടയ്ക്കിടെ പള്ളിപ്പറമ്പിലെത്തി. ഉപ്പായോട് വിശേഷങ്ങള്‍ പങ്ക് വെച്ചു. ഉമ്മിയെക്കുറിച്ച് സംസാരിച്ചു. ജിന്നിനെ ഒളികണ്ണാല്‍ നോക്കി.

വീട്ടിലെത്തുമ്പോള്‍ ഉമ്മിയോട് ചോദിച്ചു തുടങ്ങി. ‘ഇന്ന് അങ്ങാടിയില്‍ പോകണ്ടേ.?’ ഒരാണ്‍തരിയില്ലാത്തതിന്റെ ഖേദ പ്രകടനത്തോടെ ഉമ്മി അവളോട് വാങ്ങാനുളള സാധനങ്ങളുടെ പട്ടിക പറഞ്ഞ് വിടും. അവള്‍ ‘ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍’ പാട്ട് മൂളി അങ്ങാടിയില്‍ നിന്നും തിരികെ വരുമ്പോള്‍ പള്ളിപ്പറമ്പിലേക്ക് നൂണ്ട് കയറി. പലവട്ടം. അവളുടെ കാല്‍പ്പാദങ്ങളേറ്റ് പുല്ലുകളും കമ്മ്യൂണിസ്റ്റ് പച്ചകളും തലചായ്ച്ച് തുടങ്ങി. ഉപ്പാക്ക് തണലാകട്ടേന്ന് കരുതി അവള്‍ ഒരു ചെടികളും പിഴുതെറിഞ്ഞില്ല.

റായിഖിന്റെ മണത്തിന് വേണ്ടി അവള്‍ മൂക്കുകള്‍ വിടര്‍ത്തി. ജിന്നിന്റെ വെളുത്ത തലപ്പാവിന് വേണ്ടി കണ്ണുകള്‍ വിടർത്തി. ഒരിക്കെ മീസാന്‍ കല്ലിനരികെ ഒരു മൈലാഞ്ചിക്കമ്പ് കണ്ട് അവള്‍ അത്ഭുതം കൂറി. അവള്‍ ആ മൈലാഞ്ചിക്കമ്പില്‍ തൊട്ട് തലോടവേ റായിഖിന്റെ മണം അവിടെയെങ്ങും അടിച്ച് വീശി. അവള്‍ വെളുത്ത തലപ്പാവിനായി കണ്‍വിടര്‍ത്തി.

“ഇതാ ഈ വെള്ളം അതിന് ചുവട്ടിലൊഴിക്കൂ”

നീണ്ടു വെളുത്ത ഫുള്‍ സ്ളീവ് കയ്യില്‍ ഒരു സ്റ്റീല്‍ മൊന്ത നീട്ടിക്കൊണ്ട് ജിന്നിതാ മുന്നില്‍. അവള്‍ നോട്ടം പിന്‍വലിച്ച് ഷാള്‍ തലയിലേക്കേറ്റി, നെഞ്ചിലേക്ക് വിടര്‍ത്തിയിട്ട് മൊന്ത കയ്യില്‍ വാങ്ങി മൈലാഞ്ചി ചുവട്ടിലേക്ക് ചൊരിഞ്ഞു. തിരികെ മൊന്ത കൊടുക്കുമ്പോള്‍ ഒന്ന് കൂടി നോക്കണമെന്ന് മനസ്സ് ശാഠ്യം പിഠിച്ചിട്ടും ധൈര്യം വന്നില്ല. ‘അപ്പൊ പെങ്കുട്ട്യോള്‍ക്ക് ഉപ്പാടെ ഖബറിടത്തില്‍ വരാല്ലേ.!’ എനിയ്ക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നിയ നിമിഷം ഞാന്‍ ഷാളില്‍ മുഖം മറച്ച് പൊളിഞ്ഞ മതിലിന് നേരേ ഓടി.

പിന്നീട് ഞാന്‍ കോളേജില്‍ നിന്നും മടങ്ങുന്ന നേരങ്ങളില്‍ പള്ളി മുറ്റത്തെ മതിലിനരികില്‍ വെളുത്ത തലപ്പാവ് കണ്ടിട്ടും കാണാത്തത് പോലെ നടന്നു തുടങ്ങി. ഇപ്പോള്‍ ഉപ്പായോട് പറയാനുളള വിശേഷത്തില്‍ ഒന്ന് കൂടി ഇടം പിടിച്ചു.

“ഉപ്പാടെ തലയ്ക്കും ഭാഗത്തുളള മൈലാഞ്ചി ആരാണെന്നോ നട്ടത്.? ഒരു ജിന്ന്. ഒരു ജിന്നുസ്താദ്. ഉപ്പായുടെ താജിന്റെ കയ്യിലെ മൈലാഞ്ചിച്ചോപ്പ് ആ ജിന്നുസ്താദ് നട്ട മൈലാഞ്ചിയിലയരച്ചിട്ടതാണ്. ഇപ്പൊ എനിക്ക് ഒട്ടും സങ്കടമില്ലുപ്പാ. ഇന്നലെ ആ ഉസ്തു എന്നോട് പേര് ചോദിച്ചു. താജ്ബീവീന്ന് പറഞ്ഞപ്പൊ..താജൂന്റെ വീട്ടില് മറ്റാരൊക്കെയുണ്ടെന്ന്. ഞാനൊന്നും പറഞ്ഞില്ലുപ്പാ. താജൂന്ന് കേട്ടപ്പൊ എന്റെ കണ്ണ് നിറഞ്ഞുപ്പാ. എന്റുപ്പാ മാത്രല്ലേ സ്നേഹം മൂക്കുമ്പൊ ..ന്നെ ന്റെ താജൂട്ടിയേന്ന് വിളിക്കണേ. ഞാന്‍ ഓടിപ്പോന്നു. ഇപ്പോ എന്റുപ്പാ വിചാരിക്കണതെന്താന്ന് എനിയ്ക്ക് നല്ലോണം മനസ്സിലാകണ്ടുപ്പാ. നീയിങ്ങനെ അടുപ്പിച്ചടുപ്പിച്ച് എന്നെ കാണാന്‍ വരണ്ട. ആളോളെക്കൊണ്ട് വേണ്ടാതീനം പറയിപ്പിക്കല്ലേന്നല്ലേ.? പറയിപ്പിക്കില്ലുപ്പാ. കഴിഞ്ഞാഴ്ച വരാതിരുന്നപ്പൊ ഉസ്തു ചോദിക്കുവാ എന്തേ കണ്ടില്ലാന്ന്.? വിഷമിപ്പിക്കണ്ടല്ലോന്നോര്‍ത്തിട്ടാ. എനിയ്ക്ക് ആ റായിഖിന്റെ മണം വല്ലാതങ്ങിഷ്ടായിപ്പോയുപ്പാ.”

അവള്‍ ഒരു കുസൃതിച്ചിരിയോടെ ഉപ്പായുടെ താടിരോമത്തിലൊന്നു പിടിച്ചു വലിച്ചു. രണ്ട് മൂന്ന് പുല്‍ക്കൊടികള്‍ ഖബറിൻമേല്‍ പിഴുതു വീണു.

പൊളിഞ്ഞ മതില്‍ ചാടിക്കടന്ന് വന്നപ്പോള്‍ ഉസ്തുവില്‍ നിന്നും കേട്ടൊരു ഈണം അവളും മൂളിത്തുടങ്ങി.

“ആശയുണ്ടെന്‍ മഹബൂബേ ആ സവിധത്തേക്കണയാന്‍

എത്രകാലം ഞാനിനിയും കാത്തിരിക്കേണം…”

എന്തിനാ ഇങ്ങനെ ഒളിക്കാതെ ഒളിക്കുന്നെ. മഹബൂബേ എന്ന വാക്കിന് പകരം താജ്ബീയെന്ന് മൂളിയാലെന്തോ പറ്റും.

അവള്‍ വീണ്ടും മൂളി.

“ഓര്‍മ്മ വെച്ച കാലം തൊട്ട് ഓമല്‍ നബിയുടെ മദ്ഹ് കേട്ട്

ആഷിഖായി കണ്ട കിനാക്കള്‍ പൂവണിഞ്ഞിടുമോ..”

“ഇന്നെന്താ പാട്ടൊക്കെ മൂളി കേള്‍പ്പിക്കുകയാണോ ഉപ്പായെ?”

കമ്മ്യൂണിസ്റ്റ് കാട് വകഞ്ഞ് മാറ്റി ഉസ്തു. അവള്‍ പതിവ് പോലെ ഷാള്‍ തലയിലേക്ക് കയറ്റിയിട്ടു. മാറിലേക്ക് വിടര്‍ത്തിയിട്ടു.

“ഇനി മുതല്‍ മതില്‍ ചാടിക്കടന്നുളള വരവ് നിര്‍ത്തിക്കോളൂ.”

അവള്‍ ആശ്ചര്യത്തോടെ ഉസ്തുവിന്റെ മുഖത്തേക്ക് നോക്കി. പതിവില്ലാത്ത വിധത്തില്‍ സ്വരത്തില്‍ കാര്‍ക്കശ്യം.

അവള്‍ക്ക് നെഞ്ചൊന്ന് വിങ്ങി.

“അതെന്താ ഉസ്തൂ.? ”

“കാരണം എന്തിനറിയണം.? പെങ്കുട്ട്യോള് ഖബറിനരികെ വരാന്‍ പാടില്ല. അത്രന്നെ.” മറ്റുള്ളോരും കാണണ്ട് ഈ വരവും പോക്കും.”

കുറ്റപ്പെടുത്തലിന്റേയും താക്കീതിന്റേയും ധ്വനി. കേള്‍ക്കാത്ത ശബ്ദം. കണ്ണുനീര്‍ തടഞ്ഞ് നിര്‍ത്താനാകുന്നില്ല. അവള്‍ ഉപ്പായ്ക്ക് നേരെ നോക്കി.

“ആഹ് ആണ്‍കുട്ടികളില്ലാത്തോര് ഈ പള്ളിക്കാട്ടില്‍ തനിച്ച് കിടന്നോ.”

അവള്‍ ഉപ്പായോട് അവസാനമായി സലാം ചൊല്ലി. “അസ്സലാമു അലൈക്കുമുപ്പാ.” അവള്‍ വീണ്ടും വീണ്ടും കണ്ണ് നീര്‍ തുടച്ച് പൊളിഞ്ഞ മതില്‍കെട്ടിനരികിലെത്തി. അവസാനമായെന്നോണം ആ പള്ളിപ്പറമ്പിലേക്ക് വിശാലമായൊന്ന് തിരിഞ്ഞ് നോക്കി. പിന്നെ ആ നോട്ടം ഉപ്പായുടെ ഖബറിലേക്ക് നീണ്ടു. മൈലാഞ്ചി ചെടിയും കമ്മ്യൂണിസ്റ്റ് പച്ചകളും, കോളാമ്പിപ്പൂക്കളും, കുറുന്തോട്ടിയുമെല്ലാം തലകുനിച്ച് തലയാട്ടി നിന്നു. ഏറ്റവും അവസാനമെന്നോണം ആ വെളുത്ത കുപ്പായക്കാരന്റെ നേരെ ഒന്ന് നോക്കാന്‍ ശ്രമിച്ചപ്പോള്‍ വെളളകുപ്പായക്കാരന്‍ കണ്ണടയൂരി നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാനായി തല തിരിച്ച് നടന്ന് കഴിഞ്ഞിരുന്നു. അത്കൊണ്ട് അവള്‍ ആ മുഖമോ ഭാവമോ കണ്ടതേയില്ല. അസ്തമയമറിയിച്ച് കൊണ്ട് മഗ്‌രിബ് ബാങ്ക് മുഴങ്ങി.

ഒരാഴ്ച കഴിഞ്ഞൊരു ദിവസം. ഉമ്മി അടുക്കള ചായ്പില്‍ വില്‍ക്കാനുളള പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്. മുന്‍വശത്ത് നിന്ന് ആരോ സലാം ചൊല്ലുന്നത് കേട്ട് താജ്ബീവി ഉമ്മറത്തേക്ക് ചെന്നു. വെളളത്തൊപ്പി ധരിച്ച നാലഞ്ച് പേര്‍. കയ്യില്‍ രസീത് ബുക്ക്. പള്ളിക്കമ്മിറ്റിക്കാരാണ്.

“ഉമ്മായില്ലേ ഇവിടെ.?”

“ഉണ്ട്. അടുക്കളയിലാണ്.”

“പളളിപ്പറമ്പിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് പോയത് പുതുക്കിപ്പണിയുകയാണ്. കോണ്‍ക്രീറ്റ് മതില്‍ പണിയാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ മഹല്ലംഗങ്ങളും കഴിയുന്ന സഹായം ചെയ്യണം.”

സംസാരം കേട്ട് ഉമ്മി വാതില്‍ മറവില്‍ നിന്നും തലകാണിച്ചു. പെട്ടെന്ന് തിരികെ ചെന്ന് മല്ലിപ്പാത്രത്തില്‍ നിന്നും മൂന്ന് നാല് നോട്ടുകള്‍ തട്ടിക്കുടഞ്ഞ് അടുക്കി നീട്ടി താജ്ബീവിയെ അകത്തേക്ക് വിളിച്ച് കയ്യില്‍ കൊടുത്തു.

“ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാനും കൂടി അവരോട് പറയണേ മോളേ.”

ഇതും പറഞ്ഞ് ഉമ്മി എണ്ണ കാഞ്ഞ ചീനച്ചട്ടിയുടെ അടുക്കലേക്കോടി.

അവള്‍ നോട്ടുകള്‍ ചുരുട്ടികൂട്ടി ചുരിദാറിന്റെ അകം കഴുത്തിലൂടെ അകത്തേക്ക് തിരുകിക്കയറ്റി. പുറത്തേക്ക് ധൃതിയില്‍ ചെന്ന് ആകാവുന്നത്ര ഭവ്യത മുഖത്ത് ചാര്‍ത്തി പറഞ്ഞു.

“ഉമ്മീടെ കയ്യില്‍ കാശൊന്നും ഇല്ലെന്ന് പറഞ്ഞു.”

വന്നവര്‍ അടുത്ത വീട്ടിലേക്കായി തിരിച്ചു.

അവള്‍ മുഖത്ത് നിന്നും ഭവ്യത തൂത്തെറിഞ്ഞു. ‘ഹും!. ജീവിച്ചിരിക്കുന്നവര്‍ക്ക് ചുറ്റും നിയമങ്ങളാണ് കരിങ്കല്ല് പോലെ പണിതുയര്‍ത്തിയിരിക്കുന്നത്. മരിച്ച് കിടക്കുന്നവരുടെ റൂഹിനെപ്പോലും മതില്‍കെട്ടുകളില്ലാതെ സ്വതന്ത്രമായി പാറി നടക്കാന്‍ അനുവദിക്കില്ല.

ഈ നോട്ടുകള്‍ കൊണ്ട് ഞാന്‍ മൈലാഞ്ചി ട്യൂബ് വാങ്ങും. ജിന്ന് നട്ട് പിടിപ്പിക്കാത്ത മൈലാഞ്ചിയിട്ട് ചുവപ്പിക്കും ഞാനെന്റെ നഖങ്ങളെ. ആ ചുവന്ന നഖങ്ങള്‍ കൊണ്ട് ഞാന്‍ മാന്തിക്കീറും എല്ലാ മതിലുകളും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

14 responses to “മതിലിനുള്ളിലെ എന്റെ ജിന്ന് (കഥ)”

 1. faisalkongad says:

  nice………………….

 2. Nazeer AK says:

  ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളുടെ സാക്ഷാത്ക്കാരം. ഖബറില്‍ പെണ്ണുങ്ങള്‍ക്ക്‌ സമീപിക്കാന്‍ അവസരം കൊടുക്കുന്നതില്‍ നിന്നും അകറ്റാന്‍ കാരണങ്ങള്‍ മിക്കവാറും ആ ഒറ്റപ്പെട്ട സ്ഥലത്തിലെ സുരക്ഷ ഇല്ലായ്മ തന്നെയാകാം …എന്തായാലും നല്ല ഈണത്തില്‍ കഥയെ മുന്നോട്ടു കൊണ്ടുപോയി …അവസാനം ഒരു സാമൂഹിക പ്രതികാരം തീര്‍ക്കാനെന്ന വണ്ണം സംഭാവനയെ നിഷേധിച്ചു ……

  • ആരില്‍ നിന്നാണ് സുരക്ഷ എന്ന് വ്യക്തമാക്കാമോ? പുരുഷന്മാര്‍ക്ക് സുരക്ഷ വേണ്ടേ.? വായനയില്‍ സന്തോഷം.

 3. Ua rasheed says:

  ഹൃദ്യം… അഭിലാഷം വരച്ചിട്ട നേരനുഭവം.. വായിച്ചപ്പോല്‍ വല്ലാത്ത അനുഭൂതി..

  • വായനക്കാരനെ നേരനുഭവത്തിലേക്കും, അനുഭൂതിയിലേക്കും കൊണ്ടെത്തിക്കാനായെന്നറിഞ്ഞപ്പോള്‍ ഒരാത്മഹര്‍ഷം.

 4. Saleel Babu says:

  സ്ത്രീക്ക് മാത്രം ബാധകമാവുന്ന (അനാ)ആചാരങ്ങളുടെ മതിള്‍ക്കെട്ടുകല്‍ മാന്തിപ്പൊളിക്കാണ്‍ നഖങ്ങല്‍ കൂറ്ര്‍ക്കണം.. മനസ്സിള്‍ തൊടുന്ന എഴുത്ത്.. വളരെ നന്നായിട്ടുണ്ട്..

 5. Nasar MP Kuzhimanna says:

  ഭംഗിയായി എഴുതി… വായിച്ചു പഠിച്ചതോ അല്ലെങ്കിള്‍ അനുഭവങ്ങളിള്‍ നിന്നോ ഏതായാലും കുറേയേറേ ആകറ്ർകമായ പദങ്ങളും പ്രയോഗങ്ങളും ഈ എഴുത്തിലുണ്ട്. മടുത്ത് തുടങ്ങിയ ഈ മുഖ പുസ്തകം ഒഴിവാക്കി പോകാത്തത് ഇത്തരം എഴുത്തുകല്‍ വായിക്കാനാണ്. അഭിനന്ദനങ്ങല്‍ തുമ്പീീീ

 6. Haneefa Alipparambu says:

  തുടക്കത്തില്‍ ഒരു പന്തികേട് തോണിയെങ്കിലും പിന്നെ ഇഷ്ട്ടായി

 7. Falelyuvasangam Falel says:

  ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളുടെ വില നമുക്ക് അറിയില്ല. അവര്‍ നഷ്ടപ്പെട്ടാലാണ് നമുക്ക് അവരുടെ വില അറിയുന്നത്. എനിക്ക് നഷ്ടമായത് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച എന്റെ ഉമ്മെയായാണ്.. അത് ഒരു വലിയ നഷ്ടമാണ്.. എന്തായാലും കഥ കുഴപ്പം ഇല്ല. വായിക്കാന്‍ ഒരു സുഖം ഉണ്ട്..

  • Nazeema Nazeer says:

   അതെ..നഷ്ടപ്പെടലുകളാണ് പലതിന്റേയും വില നമ്മെ മനസ്സിലാക്കിപ്പിക്കുന്നത്.

 8. Shaji പപ്പന്‍ says:

  അവള്‍ നോട്ടുകള്‍ ചുരുട്ടിക്കൂട്ടി ചുരിദാറിന്റെ അകംകഴുത്തിലൂടെ അകത്തേക്ക് തിരുകിക്കയറ്റിയതു….. ഇഷ്ട്ടപ്പെട്ടു അങ്ങനെ തന്നെ വേണം. നന്നായി എഴുതി.

 9. Nasar Thondallil says:

  മനോഹരമായിട്ടുണ്ട് പളളിപ്പറമ്പും ഖബറിസഥാനുമെല്ലാം കണ്‍മുന്നില്‍ തെളിയുന്നു ഒരോ വരികള്‍ വായിക്കുമ്പോഴും. ജിന്ന് ഒരു സങ്കല്‍പമല്ല യാഥാര്‍ത്ഥ്യമാണ്, അനുഭവിവിച്ചറിഞ്ഞ സത്യങ്ങളുണ്ട്.

Leave a Reply to Falelyuvasangam Falel Cancel reply

Your email address will not be published. Required fields are marked *

Read More

Scroll to top