Flash News

ത്രിപുരയിലേത് ദേശീയ തോല്‍വി (ലേഖനം)

March 5, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

tripura banner1ഭരണമാറ്റത്തിനും അപ്പുറമുള്ള രാഷ്ട്രീയ പ്രഹരമാണ് ത്രിപുരയില്‍ ഇടതുമുന്നണി ഏറ്റുവാങ്ങിയത്. ഇടതുമുന്നണിയുടെ രാജ്യത്തെ അടിത്തറതന്നെ അത് ഇളക്കി. ഇടതുപക്ഷ – ജനാധിപത്യ മുന്നണി രാജ്യവ്യാപകമായി കെട്ടിപ്പടുക്കുക എന്ന സി.പി.എമ്മിന്റെ വിപ്ലവ പരിപ്രേക്ഷ്യവും ചോദ്യചിഹ്നമായി.

നരേന്ദ്രമോദി ഗവണ്മെന്റിനെ അധികാരത്തില്‍നിന്നിറക്കാന്‍ സി.പി.എം കേന്ദ്രകമ്മറ്റി ജനറല്‍ സെക്രട്ടറിയെത്തന്നെ പരാജയപ്പെടുത്തി വോട്ടെടുപ്പിലൂടെ പാസാക്കിയെടുത്ത കരട് രാഷ്ട്രീയ പ്രമേയത്തിലെ അടവുനയവും ഇതോടെ പരിഹാസ്യമായി. തന്റെ വിശ്വാസ്യതയേയും പ്രതിച്ഛായയേയും ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളില്‍ കുരുങ്ങിനില്‍ക്കുകയായിരുന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ ഇടതുകോട്ട പിടിച്ചെടുത്ത് തല്‍ക്കാലം രാഷ്ട്രീയ മാന്ത്രികനെപ്പോലെ ദേശീയ രാഷ്ട്രീയ വേദിയില്‍ മോദി വിജയപരിവേഷത്തോടെ തിളങ്ങിനില്‍ക്കുന്നു.

PHOTOത്രിപുരയുടെ തുടര്‍ഭരണം അവസാനിക്കുകയാണെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചു. ഒടുവില്‍ ബി.ജെ.പി മുന്നണി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ കോട്ടപിടിക്കുകയാണെന്ന് വോട്ടെണ്ണല്‍ ഫലങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഭരണം നിലനിര്‍ത്തുമെന്നും ഒന്നും സംഭവിക്കില്ലെന്നും സ്വയം സമാധാനിക്കുകയും മറ്റുള്ളവരെ സമാധാനിപ്പിക്കുകയുമായിരുന്നു എ.കെ.ജി ഭവനിലെ പാര്‍ട്ടി ആസ്ഥാനത്ത് മുന്‍ ജനറല്‍ സെക്രട്ടറിയടക്കമുള്ള പി.ബി അംഗങ്ങള്‍. അവസാന ഫലം വരട്ടെ പ്രതികരിക്കാന്‍ എന്നുപറഞ്ഞ് മൗനം പാലിച്ചത് ജനറല്‍ സെക്രട്ടറി മാത്രം.

ബംഗാള്‍, ത്രിപുര, കേരളം എന്നിങ്ങനെ കരുത്തുറ്റ മൂന്നു സംസ്ഥാനങ്ങളായി സി.പി.എം രേഖകളില്‍ ബ്രായ്ക്കറ്റില്‍ പെടുത്തി പതിറ്റാണ്ടുകളായി വിശ്വാസമര്‍പ്പിച്ചു പോന്ന സംസ്ഥാനമാണ് ത്രിപുര. 1978ല്‍ നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ 50 ശതമാനത്തിലേറെ വോട്ടുനേടി ഇടതുമുന്നണി ഭരണത്തിന് അവിടെ തുടക്കമിട്ടു. പത്തുവര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ച കോണ്‍ഗ്രസ് ഐ അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടു മുഖ്യമന്ത്രിമാരെ നിയോഗിച്ചു. 93ല്‍ ഗോത്രവര്‍ഗ നേതാവുകൂടിയായ ദശരദ് ദേവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലേറി. ദശരദ് ദേവിന്റെ മരണത്തെതുടര്‍ന്ന് അമരക്കാരനായ മണിക് സര്‍ക്കാര്‍ രണ്ടുപതിറ്റാണ്ടുകാത്ത ഇടതുകോട്ടയാണ് ബി.ജെ.പി വളഞ്ഞുപിടിച്ചത്.

1951ലെ പൊതു തെരഞ്ഞെടുപ്പുമുതല്‍ ചെങ്കൊടിയുടെ പിന്‍ബലത്തില്‍ ദശരദ് ദേവടക്കം രണ്ട് എം.പിമാര്‍ ത്രിപുരയെ ലോകസഭയില്‍ പ്രതിനിധികരിച്ചിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലത്തില്‍ ത്രിപുരയില്‍ ഇടതുമുന്നണി ഭരണം സുരക്ഷിതമാണെന്ന് വേദിയില്‍നിന്നു ജനങ്ങളെ പ്രസംഗിച്ചുമാത്രം അഭിമുഖീകരിച്ചുപോന്ന സി.പി.എം കേന്ദ്ര നേതാക്കള്‍ ഉറച്ചുവിശ്വസിച്ചതില്‍ തെറ്റില്ല.

പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനങ്ങളെന്ന ബ്രായ്ക്കറ്റില്‍നിന്ന് ആദ്യം ബംഗാളും ഇപ്പോള്‍ ത്രിപുരയും ദേശീയ രാഷ്ട്രീയത്തിലെ സാന്നിധ്യത്തില്‍നിന്നും മായുന്ന ചുകപ്പുപൊട്ടുകളായി. അവശേഷിക്കുന്നത് മൂന്നുകോടി ജനങ്ങളുള്ള കേരളത്തിലെ ഇടതുപക്ഷ – ജനാധിപത്യ മുന്നണിയും അതിന്റെ സര്‍ക്കാറും.

ത്രിപുരയില്‍ കാലങ്ങളായി 40 ശതമാനത്തോളം വോട്ട് കോണ്‍ഗ്രസിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും 36 ശതമാനം വോട്ട് കോണ്‍ഗ്രസിനു കിട്ടി. 10 എം.എല്‍.എമാരും. അവരില്‍ ആറു പേര്‍ 2016ല്‍ തൃണമൂലില്‍ ചേര്‍ന്നു. ജിതന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. തൃണമൂലില്‍ പോയ എം.എല്‍.എമാര്‍ 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം ലംഘിച്ച് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തു. പാര്‍ട്ടി നടപടി വരുമെന്നു കണ്ട് അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നിയമസഭയിലേക്ക് മത്സരിച്ചു ജയിക്കാതെ ബി.ജെ.പിക്ക് 2017 ആഗസ്റ്റില്‍ ആറ് എം.എല്‍.എമാര്‍ നിയമസഭയിലുണ്ടായി.

നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ആവിഷ്‌ക്കരിച്ച വികസന പദ്ധതികളും രാഷ്ട്രീയ പരിപാടികളും പലതായിരുന്നു. അതില്‍ മുഖ്യമായിരുന്നു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച ജനാധിപത്യ സഖ്യം. അസമിലെയും അരുണാചലിലേയും മന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും നിയോഗിച്ച് വിവിധ ഗോത്രവര്‍ഗങ്ങളെ ബി.ജെ.പിയുടെ രാഷ്ട്രീയ വലയത്തിലേക്ക് ചേര്‍ക്കുന്ന പദ്ധതി. ബി.ജെ.പിയുടെ ഒരു ജനറല്‍ സെക്രട്ടറിയും അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി മോദിയും ഏകോപിപ്പിച്ചതാണ് ഈ രാഷ്ട്രീയ -വികസനപദ്ധതി. ഗോത്രവര്‍ഗക്കാര്‍ക്കു പ്രത്യേക സംസ്ഥാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പോന്ന തീവ്രവാദ – ഗോത്ര വിഭാഗമാണ് ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര. ഇവരെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജന്റ്‌സ് ഏജന്‍സിയുടെയും സഹായത്തോടെ ത്രിപുരയിലെ സഖ്യകക്ഷിയാക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു. ഐ.പി.എഫ്.ടിക്കു നല്‍കിയ 9 സീറ്റുകളില്‍ 7ഉം വിജയിച്ചു. ഗോത്രമേഖലയില്‍ സി.പി.എം നേടിയിരുന്ന വോട്ടുകള്‍ അങ്ങനെ ബി.ജെ.പി പാളയത്തിലേക്കു പോയി.

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്‍ ത്രിപുരയിലെ കോണ്‍ഗ്രസുകാരുടെ നേതാവെന്ന നിലയില്‍ 1972 മുതല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായും ഒരുവര്‍ഷം മുഖ്യമന്ത്രിയായും അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ച ആളാണ്. അദ്ദേഹത്തിന്റെ മകന്‍ സുധീപ് റോയ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഗര്‍ത്തലയില്‍ ജയിച്ച എം.എല്‍.എയും ത്രിപുര കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ് അണികളില്‍ ഏറെ സ്വാധീനമുള്ള സുധീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് ആറ് എം.എല്‍.എമാരെയും ബി.ജെ.പി കമ്മ്യൂണിസ്റ്റു മുക്ത ത്രിപുര സൃഷ്ടിക്കാന്‍ പാര്‍ട്ടിയിലെടുത്തത്.

കോണ്‍ഗ്രസുകാരെല്ലാം ബി.ജെ.പിയിലേക്ക് പോയതുകൊണ്ട് തോറ്റുപോയി എന്ന സി.പി.എം നേതൃത്വത്തില്‍നിന്നുള്ള വിശകലനം അപഹാസ്യമാണ്. ഇടതുമുന്നണി വോട്ടുകള്‍ക്കു പുറമെ 36 ശതമാനം വരുന്ന കോണ്‍ഗ്രസ് അനുഭാവി വോട്ടുകളില്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് മണിക് സര്‍ക്കാര്‍ നീങ്ങിയത്. കോണ്‍ഗ്രസ് സംഘടനാപരമായി അത്രയും തകര്‍ന്ന അവസ്ഥയില്‍. അത് വിജയിച്ചില്ലെന്നു മാത്രമല്ല സി.പി.എമ്മിലെ യുവാക്കളുടെയും ഇടത്തരക്കാരുടെയും വോട്ടുകള്‍ ബി.ജെ.പി സഖ്യത്തിലേക്ക് ഒഴുകുകയും ചെയ്തു. 62 ശതമാനത്തില്‍നിന്ന് സി.പി.എമ്മിന് എത്ര ശതമാനം വോട്ടു കുറഞ്ഞു എന്ന ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ചെന്നതുകൊണ്ടാണ് ബി.ജെ.പി ജയിച്ചതെന്ന സി.പി.എം നേതൃത്വത്തിന്റെ വ്യാഖ്യാനം പൊളിയും.

കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മറ്റിയോഗം ത്രിപുരയിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കോണ്‍ഗ്രസുമായി തൊട്ടുകൂടെന്നുള്ള (ധാരണപോലും വേണ്ടെന്ന) തീരുമാനമെടുത്തത്. ബംഗാളിലെയും ത്രിപുരയിലെയും കോണ്‍ഗ്രസ് അണികളെ ഒരുപോലെ പ്രകോപിപ്പിക്കുംവിധമാണ് സി.പി.എം നേതൃത്വം ചേരിതിരിഞ്ഞ് അടവുനയം ആഘോഷമാക്കിയത്. കളിയുടെ അടവ് പരസ്യപ്പെടുത്തിയ രാഷ്ട്രീയ മണ്ടത്തരം ത്രിപുരയിലെ തോല്‍വിക്ക് സംഭാവനയായിട്ടുണ്ട്. കോണ്‍ഗ്രസിനെ മുഖ്യ ശത്രുവെപോലെ കാണുന്ന കേരളത്തിലെ മുഖ്യമന്ത്രി അവിടെ പ്രചാരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും കേന്ദ്ര മന്ത്രിമാരും ഉത്തര -പൂര്‍വ്വ ദേശത്തെ മറ്റു മന്ത്രിമാരും കൂട്ടായാണ് ത്രിപുര തെരഞ്ഞെടുപ്പില്‍ കാടിളക്കി ഇറങ്ങിയത്.

മണിക് സര്‍ക്കാര്‍ അഭിമന്യുവിനെപ്പോലെ ഒറ്റയ്ക്കുനിന്നു പൊരുതി. ജനറല്‍ സെക്രട്ടറി യെച്ചൂരിയും വൃന്ദാകാരാട്ടും തങ്ങളാലാകുന്നതു ചെയ്തു. ഇടതുപക്ഷ മുന്നണിയുടെ ത്രിപുരയിലെ കോട്ട സംരക്ഷിക്കാന്‍ കൂട്ടായ യത്‌നം ഇന്ത്യയിലെ ഇടതുമുന്നണി നേതൃത്വത്തില്‍നിന്നോ സി.പി.എമ്മില്‍നിന്നുതന്നെയോ ഉണ്ടായില്ല.

ഇതിന്റെയെല്ലാം ആകെത്തുകയാണ് ത്രിപുര അതിന്റെ സ്‌ക്കോര്‍ ബോര്‍ഡില്‍ ബി.ജെ.പിയെ ഒന്നാം സ്ഥാനത്തേക്ക് കയറ്റി കോണ്‍ഗ്രസിനെ ശൂന്യതയിലാഴ്ത്തി സി.പി.എമ്മിനെ ദൗര്‍ഭാഗ്യകരമായ 18 അക്കത്തിലേക്കൊതിക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top