Flash News

ബില്ലി ഗ്രഹാം: അസ്തമിച്ചു പോയ ദൈവ തേജസ്സ് !

March 7, 2018 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി

billi banner1റവ. ഡോ ബില്ലി ഗ്രഹാമിന്റെ മരണത്തോട് ലോകത്തില്‍ നിന്നും മറ്റൊരു ദൈവതേജസ്സു കൂടി അസ്തമിച്ചു പോയിരിക്കുന്നു! ലോക രാഷ്ട്രത്തലവന്മാരേക്കാളും അമേരിക്കന്‍ പ്രസിഡന്റന്മാരേക്കാളുമധികം ആദരണീയനും പ്രിയങ്കരനുമായിരുന്ന മഹാനായ ദൈവവേലക്കാരനായിരുന്നു ബില്ലിഗ്രഹാം! ജാതിമത വര്‍ഗ്ഗ വ്യത്യാസമെന്യേ അമേരിക്കന്‍ ജനത മുഴുവനും ലോകരാഷ്ട്രങ്ങളും ഒത്തുചേര്‍ന്ന് അദ്ദേഹത്തിന് നല്‍കിയ അതിശ്രേഷ്ഠവും അതുല്യമനോഹരവുമായ അന്ത്യയാത്രോപചാരങ്ങള്‍ ഇത് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. നിസ്തുലമായ ദൈവസ്‌നേഹത്തിലധിഷ്ഠിതമായ സുവിശേഷ സത്യങ്ങളിലൂടെയും ലോകപ്രശസ്തങ്ങളായ തന്റെ നിരവധി ഗ്രന്ഥങ്ങളിലൂടെയും ലോകജനതയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ആത്മീയ നേതാവ് ഉണ്ടോ? ന്യൂയോര്‍ക്കിനെയും അമേരിക്കയെയും അധികം സ്‌നേഹിച്ച ബില്ലിഗ്രഹാം അമേരിക്കയിലെ സ്വവര്‍ഗ്ഗരതികളെയും ലൈംഗികമായ വഷളത്തങ്ങളെയും മ്ലേഛതകളെയും അധാര്‍മ്മികമായ വിവാഹമോചനങ്ങളെയുമൊക്കെ അങ്ങേയറ്റം ശക്തിയായി അപലപിക്കുകയും ചെയ്തിരുന്നു.

നിസ്തുലമായ ദൈവസ്‌നേഹത്തിലധിഷ്ഠിതമായ സുവിശേഷ ദൂതുകളിലൂടെയും ലോകപ്രശസ്തങ്ങളായ തന്റെ നിരവധി ഗ്രന്ഥങ്ങളിലൂടെയും ലോകജനതയെ ഇത്രയധികം സ്വാധീനിച്ച അനേകായിരങ്ങളെ ക്രിസ്തുവില്‍ കൂടിയുള്ള രക്ഷയിലേക്കാനയിച്ച മറ്റൊരു ആത്മീയ നേതാവ് ഉണ്ടോയെന്ന് തോന്നുന്നില്ല. മൂഡിയെയും സ്പര്‍ജനെയും സാധുസുന്ദര സിംഗിനെയുമൊന്നും മറക്കുന്നുമില്ലിവിടെ. ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം ജീവിച്ചിരുന്ന് 185 ലോകരാഷ്ട്രങ്ങളിലെ ജനകോടികളോട് ക്രിസ്തുവിന്റെ ക്രൂശിലെ സ്‌നേഹത്തെയും നിത്യജീവനയുംപ്പറ്റി ഘോഷിച്ച റവ. ഡോ. ബില്ലിഗ്രഹാമിന്റെ ഉന്നതവും ഉദാത്തവുമായ നാമം ക്രൈസ്തവ നഭോമണ്ഡലത്തില്‍ വെള്ളിനക്ഷത്രം പോലെ എന്നെന്നും ആത്മപ്രകാശം പരത്തിക്കൊണ്ടിരിക്കും!

നീണ്ട ആറ് ദശാബ്ദങ്ങളിലായി ഡോ. ബില്ലിഗ്രഹാം ലോകത്തോട് ഘോഷിച്ച സുവിശേഷത്തിന്റെ അന്തസ്സത്തെ ഇതാണ്. മരണം മനുഷ്യജീവിതത്തിന്റെ അന്ത്യമല്ല. അതിനെ ആരും ഭയപ്പെടേണ്ട. മനുഷ്യവര്‍ഗ്ഗത്തിന്റെ പാപപരിഹാരത്തിനായി കാല്‍വറി ക്രൂശില്‍ സ്വയം തന്റെ പരിശുദ്ധ രക്തം ചിന്തി, മരിച്ച് മൂന്നാം നാള്‍ ഉത്ഥാനം ചെയ്ത ക്രിസ്തു എല്ലാ മനുഷ്യരുടെയും മരണത്തിനെതിരായ ഉത്തരവും പ്രത്യാശയുമാകുന്നു. “ഞാന്‍ തന്നേ പുനരുത്ഥാനവും പ്രത്യാശയുമാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല.” (യോഹ. 11:25-26) അതെ, എന്നേക്കുമായി നാം നശിച്ചുപോകയില്ല. ഇതിനേക്കാള്‍ മഹത്തായതും വിലയേറിയതുമായ ഒരു വാഗ്ദാനവും പ്രത്യാശയും ലോകത്തിലുണ്ടോ? ബില്ലിഗ്രഹാം മരണം വരെ തന്റെ സഹോദരീ സഹോദരന്മാരായ മനുഷ്യരോട് പ്രസംഗിച്ചത് അമൂല്യമായ ഈ ദൈവദൂതായിരുന്നു!

റവ. ഡോ. ബില്ലിഗ്രഹാമിന് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികള്‍!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top