ഈശ്വരാനുഗ്രഹം കൊണ്ടാണ് അപകടത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത്; ഇപ്പോള്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്ക് നാളെ അതുണ്ടാവണമെന്നില്ല: നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രവീണ്‍ തൊഗാഡിയ

togadiaഅഹമ്മദാബാദ്: സൂറത്തിലുണ്ടായ വാഹനാപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘ഈശ്വരകൃപയാല്‍ ഞാന്‍ രക്ഷപ്പെട്ടു. ഹിംസയ്ക്ക് ഉത്തരം ശാന്തിയാണ്. കൊലയാളിയെക്കാള്‍ വലിയവനാണ് രക്ഷിക്കുന്നവന്‍. സാഹബ്, ഒന്നിച്ചിരുന്ന് സംസാരിക്കാമെന്ന് ഹോളിക്ക് ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു… എന്നിട്ടും… നമ്മള്‍ വന്നും പോയും ഇരുന്നവരാണ്. താങ്കള്‍ വിളിച്ചുപോലുമില്ല. ഇന്ന് അധികാരവും സമ്പത്തുമുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. സഹോദരാ… ഭഗവാന് എങ്ങനെ മുഖംകൊടുക്കും..?’ എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് പ്രവീണ്‍ തൊഗാഡിയ പ്രധാനമന്ത്രിക്ക് ഹോളി ആശംസ ട്വീറ്റ് ചെയ്തിരുന്നു. ‘ഹോളിയാണ്. നമുക്ക് ഒന്നുകൂടി ഇരുന്നുസംസാരിക്കണ്ടേ..’ എന്നായിരുന്നു ആ സന്ദേശം. ഇത് ഓര്‍മിപ്പിക്കുന്നതാണ് ഫെയ്‌സ്ബുക്കിലെ പുതിയ കുറിപ്പ്.

സൂറത്ത് ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ തനിക്ക് അകമ്പടി വാഹനം ഉണ്ടായിരുന്നില്ലെന്ന് തൊഗാഡിയ കുറ്റപ്പെടുത്തി. തന്റെ കാര്‍ ബുള്ളറ്റ് പ്രൂഫായതിന്റെ ഉറപ്പുമൂലമാണ് വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

”അല്ലെങ്കില്‍ ഒരാളും ജീവനോടെ ഉണ്ടാകുമായിരിന്നില്ല. ആദ്യമായാണ് അകമ്പടി വാഹനമില്ലാതെ സഞ്ചരിക്കുന്നത്. ഇത് ഗാന്ധിനഗറില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ബോധപൂര്‍വം സുരക്ഷ ദുര്‍ബലപ്പെടുത്തുകയായിരുന്നു” അദ്ദേഹം കുറ്റപ്പെടുത്തി. ഇസഡ് പ്‌ളസ് സുരക്ഷയുള്ള തൊഗാഡിയയ്ക്ക് മുന്നില്‍ പൈലറ്റ് വാഹനവും പിന്നില്‍ അകമ്പടി വാഹനവും ഉള്ളതാണ്.

വിഎച്ച്പി നേതൃത്വത്തില്‍നിന്ന് തൊഗാഡിയയെ നീക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്നാണ് നരേന്ദ്രമോദിയുമായുള്ള ബന്ധം വഷളായത്. രാജസ്ഥാനിലെ പഴയ കേസില്‍ തൊഗാഡിയയ്ക്ക് വാറന്റുമായി ജനുവരിയില്‍ പൊലീസെത്തിയപ്പോള്‍ അദ്ദേഹം ഒളിവില്‍പോയിരുന്നു. തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നോക്കുന്നുവെന്നും ആരോപിച്ചു. ഗുജറാത്ത് പൊലീസിന് നിര്‍ദേശം നല്‍കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന് തുറന്നടിക്കുകയും ചെയ്തു. പിന്നീട് ഈ കേസ് പിന്‍വലിച്ചു.

ലോറിയുടെ ഡ്രൈവറെ അറസ്റ്റുചെയ്ത് അന്വേഷണം ആരംഭിച്ചതായി സൂറത്ത് പൊലീസ് സൂപ്രണ്ട് എം.കെ. നായിക് പറഞ്ഞു. കാറില്‍ തൊഗാഡിയയും മറ്റൊരാളും ഉണ്ടായിരുന്നുവെന്നും ലോറി കസ്റ്റഡിയിലെടുത്തതായും അദ്ദേഹം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News