പതിനാറു കോടി രൂപ ചെലവാക്കി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു

niyamasabhaതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മേയ് ഒന്നു മുതല്‍ 31 വരെയാണു വാര്‍ഷികാഘോഷം. വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.

സംസ്ഥാനത്തു പൂര്‍ത്തിയായിവരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങള്‍ മേയിലേക്കു മാറ്റി. ഇതോടെ, ചില പദ്ധതികള്‍ നേരത്തേ പൂര്‍ത്തിയാക്കുകയും ചിലതു വൈകിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മേയില്‍ നടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിലായാണ് ഉദ്ഘാടനങ്ങള്‍. വാര്‍ഷികം കണക്കിലെടുത്തു സംസ്ഥാനത്തെ 40 ലക്ഷം സ്‌കൂള്‍കുട്ടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മേയ് രണ്ടിനു കത്തിനൊപ്പം കുട്ടികള്‍ക്കു വൃക്ഷത്തൈയും വിത്തുകളും നല്‍കും. അന്നുതന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എല്‍പി, യുപി ക്ലാസുകളിലെ കുട്ടികള്‍ക്കു യൂണിഫോം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

മേയ് 18നു കണ്ണൂരിലാണു സംസ്ഥാനതല ഉദ്ഘാടനം. സമാപനം പിന്നീട് തിരുവനന്തപുരത്തും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment