കോട്ടയം: തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് പോലീസില്‍ പരാതി നല്കി. താന്‍ ജോസ് കെ മാണിയുടെ ഭാര്യയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നും ഷോണ്‍ സ്ഥിരീകരിച്ചു.
കോഴിക്കോട് നിന്ന് കോട്ടയം വരെ നിഷയ്ക്കൊപ്പമാണ് യാത്ര ചെയ്തത്. നിഷയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷോണ്‍ പറഞ്ഞു.
നിഷ എഴുതിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്ന് മോശമായ പെരുമാറ്റം ട്രെയിന്‍ യാത്രക്കിടെ നേരിടേണ്ടി വന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ വ്യക്തി ഷോണ്‍ ജോര്‍ജ് ആണെന്ന അഭ്യൂഹങ്ങള്‍ പടരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഷോണ്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. കോട്ടയം എസ് പിക്കും ഡി ജി പിക്കുമാണ് പരാതി നല്‍കിയത്.
ഭാര്യ പാര്‍വതിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയായിരുന്നു അത്. റെയില്‍വേ സ്റ്റേഷനില്‍ വച്ച് നിഷയുമായി സംസാരിച്ചു. എന്നാല്‍ ട്രെയിനില്‍ വച്ച് സംസാരിച്ചിട്ടില്ല. ഒരേ കമ്പാര്‍ട്മെന്റിലായിരുന്നു യാത്ര. ഒപ്പം ചില സി പി എം നേതാക്കളുമുണ്ടായിരുന്നു ഷോണ്‍ പറഞ്ഞു.
നിഷക്കെതിരെ ഷോണ്‍ ജോര്‍ജ് നല്കിയ പരാതി പൊലീസ് തള്ളി
നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.
ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഷോണ്‍ ജോര്‍ജിനെതിരേ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഡിജിപിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കിയത്.
പേര് വെളിപ്പെടുത്താതെയുള്ള നിഷയുടെ ആരോപണത്തില്‍ തനിക്കെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷോണിന്റെ പരാതി. എന്നാല്‍, ഇക്കാര്യത്തില്‍ നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചിരുന്നു.
ഷോണിന്റെ പരാതിയില്‍ പറയുന്ന വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഈരാറ്റുപേട്ട പോലീസ് ഷോണിനെ അറിയിക്കുകയായിരുന്നു.