Flash News

അടിമുടി അച്ചടക്കത്തോടെ കോണ്‍‌ഗ്രസ്സിന്റെ പ്ലീനറി സമ്മേളനം; രാഹുല്‍ ഗാന്ധിയുടെ പുതിയ ശൈലിയില്‍ തൃപ്തരായി നേതാക്കള്‍

March 18, 2018

rahul-gandhi_new-1-856x412ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷനായതിനു ശേഷം പുത്തന്‍ ഉണര്‍വിലേക്കു കുതിക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനവും പതിവിനു വിപരീതം. നേതാക്കള്‍ ഇടിച്ചുകുത്തി സ്‌റ്റേജില്‍ കയറി വേദി തകര്‍ന്നുവീണ സംഭവങ്ങള്‍ കേട്ടു പരിചിതമായവര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു ഇത്. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലെ സമ്മേളനവേദിയും സദസും മാറ്റം തൊട്ടറിഞ്ഞു. വേദിയില്‍ നേതാക്കളുടെ ബാഹുല്യമില്ല. സമ്മേളനം നടക്കുമ്പോഴും രാഹുലിനും സോണിയയ്ക്കുമടക്കം സദസിലാണു സീറ്റ് അനുവദിച്ചത്.

സാധാരണഗതിയില്‍ വേദിയില്‍ തലയണവച്ച് നേതാക്കള്‍ കൂട്ടമായി ഇരിക്കുന്നതായിരുന്നു പതിവെങ്കില്‍ ഇത്തവണ പ്രസംഗകനു മാത്രമായിരുന്നു സ്ഥാനം. ഓരോരുത്തരും നിശ്ചിതസമയത്തു പ്രസംഗം പൂര്‍ത്തിയാക്കണം. തന്നെയോ മറ്റു നേതാക്കളേയോ പുകഴ്ത്തി സംസാരിച്ച് സമയം കളയേണ്ടതില്ലെന്നു രാഹുല്‍ തന്നെ നിര്‍ദേശം നല്‍കി. മാത്രമല്ല, വേദിയില്‍ മാറ്റാരും ഇല്ലാത്തതുകൊണ്ടു പേരെടുത്തു പറഞ്ഞ് പ്രസംഗത്തിലേക്കു കടക്കേണ്ടതുമില്ല. പ്രസംഗം ശ്രവിച്ച് സദസിന്റെ മുന്‍നിരയിലാണു രാഹുലും സോണിയയും ഇരുന്നത്.

രാഹുലിന്റെ ഉദ്ഘാടപ്രസംഗം അഞ്ചു മിനിറ്റിലൊതുക്കി. പ്രതിസന്ധിയുടെ കാലത്തു പാര്‍ട്ടിയെ നയിക്കാന്‍ സെധെര്യം മുന്നോട്ടു വന്ന രാഹുലിനെ സോണിയ അഭിനന്ദിക്കുകയും ചെയ്തു. സാധാരണഗതിയില്‍ വേദിയില്‍ നിറഞ്ഞുനില്‍ക്കാറുള്ള പാര്‍ട്ടി വക്താക്കള്‍ക്കും ഇത്തവണ കാര്യമായ റോളൊന്നുമില്ലായിരുന്നു. എല്ലാം നിയന്ത്രിക്കുന്നതു പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്.

സദസില്‍ ബാനറുകളും കട്ടൗട്ടും നിറഞ്ഞതാണു കോണ്‍ഗ്രസിന്റെ സമ്മേളന നഗരികളെങ്കില്‍ പ്ലീനറി സമ്മേളനവേദിയില്‍ ആകെയുള്ളതു രാഹുലിന്റെ മൂന്നു പോസ്റ്റര്‍ മാത്രം. വേദിയിലും സമീപത്തും ബാനറുകള്‍ക്കു പകരം വീഡിയോവാളുകള്‍ സ്ഥാനംപിടിച്ചു. വെളിച്ച ശബ്ദവിന്യാസവും പതിവു കാഴ്ചകളില്‍നിന്നു വ്യത്യസ്തം. മാധ്യമപ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഇരിപ്പിടം തീരുമാനിക്കുന്നതും ഇവന്റ് മാനേജ്‌മെന്റ് കമ്പനി. രാജ്യതലസ്ഥാനത്തു സമ്മേളനം നടക്കുമ്പോള്‍ സാധാരണഗതിയില്‍ ഡല്‍ഹിയിലെ മാത്രം സേവാദള്‍ വളണ്ടിയര്‍മാര്‍ക്കാണു ചുമതല നല്‍കാറുള്ളതെങ്കില്‍ ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വളണ്ടിയര്‍മാരെയാണു ചുമതലപ്പെടുത്തിയത്.

സംഘടനാതലത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കി തലമുറമാറ്റം പ്രകടമാക്കിയ രാഹുല്‍, സമ്മേളന നടത്തിപ്പിലും മാറ്റങ്ങള്‍ കൊണ്ടുവന്നത് പ്രതീക്ഷയോടെയാണു വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ പ്രതിനിധികള്‍ വീക്ഷിച്ചത്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ രാഹുലിനു കഴിയുമെന്ന ആത്മവിശ്വാസം അവരിലുണര്‍ത്താനും കഴിഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് പാര്‍ട്ടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളില്‍ അധ്യക്ഷന്റെ വാക്കുകളെ ആകാംക്ഷയോടെയാണ് അണികള്‍ കാത്തിരിക്കുന്നത്. അതേസമയം, പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയം ഒരുപോലെയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് സാമ്പത്തികകാര്യ പ്രമേയത്തിലൂടെ മറുപടി നല്‍കും.

പ്‌ലീനറി സമ്മേളനത്തിലെ ആമുഖ പ്രസംഗം അഞ്ചു മിനിറ്റില്‍ ഒതുക്കിയ രാഹുല്‍ ഗാന്ധി, പ്രമേയ ചര്‍ച്ചകള്‍ക്കു മറുപടി പറയുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ പരാമര്‍ശിക്കും എന്നുള്ള ആകാംക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും. വൈകിട്ട് നാലുമണിക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

അതേസമയം, മുന്‍ ധന മന്ത്രി പി ചിദംബരം രാവിലെ പതിനൊന്നിന് സാമ്പത്തിക പ്രമേയം അവതരിപ്പിക്കും. നവലിബറല്‍ സാമ്പത്തിക നയത്തെ മയപ്പെടുത്തി, പാര്‍ട്ടി പാവപ്പെട്ടവര്‍ക്കൊപ്പമെന്ന സന്ദേശമാകും പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത്. മറുപടി ചര്‍ച്ചയില്‍ കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി സതീശനും സംസാരിക്കും. ആനന്ദ് ശര്‍മ്മ അവതരിപ്പിക്കുന്ന വിദേശകാര്യ പ്രമേയത്തില്‍ ഇന്ത്യയുടെ വിദേശനയത്തിലെ പാളിച്ചകളും പാകിസ്താനുമായുള്ള ബന്ധം വഷളായതുള്‍പ്പെടെയുള്ള വിഷയങ്ങളും ഇടംപിടിക്കും. അതിനിടെ, പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ സമ്മേളനം രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തും. പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ പിന്നീട് നാമനിര്‍ദേശം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top