Flash News

ഡോ. രാംദാസ് പിള്ളയ്ക്ക് നാമം വ്യവസായ സംരഭകനുള്ള എക്സലന്‍സ് അവാര്‍ഡ്

March 21, 2018 , ഫ്രാന്‍സിസ് തടത്തില്‍

28828768_551129545269497_7214462562265658189_o

ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്സ് (നാമം – NAMAM ) ന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വ്യവസായ സംരംഭകനുള്ള പുരസ്‌കാരം കാലിഫോര്‍ണിയയില്‍ നിന്നുള്ള യുവഗവേഷകനും ശാസ്ത്രജ്ഞനും വ്യവസായ സംരംഭകനുമായ ഡോ. രാംദാസ് പിള്ള അര്‍ഹനായി. കാലിഫോര്‍ണിയയിലെ സാന്റിയാഗോ സ്വദേശിയായ ഡോ. രാംദാസ് ഒപ്റ്റിക്കല്‍ ഫൈബര്‍ മേഖലയില്‍ നടത്തിയ അതിനൂതനമായ കണ്ടുപിടുത്തങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വ്യവസായ സംരംഭങ്ങളും അസൂയാവഹമായ പ്രശസ്തിയിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഓപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജിയില്‍ ഡോ. രാംദാസ് നടത്തിയ ഗവേഷണങ്ങളുടെ അനന്തരഫലമായി ലോകം മുഴുവന്‍ ശ്രദ്ധപിടിച്ചു പറ്റിയ ലേസര്‍പ്രകാശ തരംഗങ്ങളുടെ വിവരവിനിമയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പല പേറ്റന്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 28-ന് വൈകുന്നേരം 5-ന് ന്യൂജേഴ്സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന നാമം 2018 എക്സലന്‍സ് അവാര്‍ഡ് നൈറ്റില്‍ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും.

ലോകം മുഴുവനും ശ്രദ്ധിക്കപ്പെടാവുന്ന നിരവധി ഗവേഷണങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. കാലിഫോര്‍ണിയയിലും കേരളത്തിലുമായി രണ്ടു കമ്പനികള്‍ അദ്ദേഹം സ്ഥാപിച്ചു കഴിഞ്ഞു. അമേരിക്കന്‍ ഇന്ത്യക്കാരില്‍ പ്രത്യേകിച്ച് മലയാളികളില്‍ വരുംനാളുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള ഡോ. രാംദാസ് പിള്ള നാമത്തിന്റെ ഏറ്റവും മികച്ച വ്യവസായ സംരംഭനാകാന്‍ ഏറ്റവും യോഗ്യനെന്ന കൂട്ടായ തീരുമാനമാണ് അദ്ദേഹത്തെ ഈ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി. നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്മജ നായര്‍ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. ഡോ. രാംദാസിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് ലോകം നല്‍കുന്ന ആദരം വിദൂരമല്ലെന്ന് മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു. അടുത്തയിടെ കേരളത്തില്‍ നടന്ന ലോക മലയാളി സഭയില്‍ ഐ ടി മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായിരുന്നു

കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള ന്യൂഫോട്ടോണ്‍ ടെക്നോളജീസ് ഇന്‍കോപ്പറേഷന്റെയും തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള വിന്‍വിഷ് ടെക്നോളജീസ് എന്നിവയുടെ സ്ഥാപകനും പ്രസിഡന്റും സി.ടി.ഒ. യുമാണ് ഡോ. രാംദാസ് പിള്ള. ഹാര്‍ഡ് വെയര്‍ കമ്പനികളായ ന്യൂഫോട്ടോണും വിന്‍വിഷും ലോകത്ത് അപൂര്‍വ്വമായി നിര്‍മ്മിക്കുന്ന ഓപ്റ്റിക്കല്‍ ഫൈബര്‍ ആംപ്ലിഫയറുകളും വാര്‍ത്താവിനിമയ വിതരണ (കമ്മ്യൂണിക്കേഷന്‍) രംഗത്തെ ട്രാന്‍സ്മിറ്ററുകളും ഉപഗ്രഹങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് വാര്‍ത്താവിനിമയങ്ങള്‍ നടത്തുന്നതിനുള്ള സെന്‍സിംഗ് ഉപകരണങ്ങള്‍ കൂടാതെ ശൂന്യാകാശ (Space) ത്തുനിന്നുമുള്ള വാര്‍ത്താ വിനിമയങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. ലേസര്‍ ശാസ്ത്രജ്ഞനായ ഇദ്ദേഹം ഈ വ്യവസായ സംരഭത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി സജീവമാണ്.

ശൂന്യാകാശത്തു (Space) നിന്നുള്ള വാര്‍ത്താവിനിമയത്തിനു ഉപയോഗിക്കുന്ന ലേസര്‍ ട്രാന്‍സിമിറ്ററുകളും (Laser transmiter) ആംപ്ലിഫെയറുകളും നിര്‍മ്മിക്കുന്നതില്‍ പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ള ആദ്യത്തേതും ലോകത്തിലെ ഏകകമ്പനിയുമാണ് ന്യൂഫോട്ടോണ്‍. ട്രാന്‍സ് അറ്റ്‌ലാന്റിക് സമുദ്രമേഖലയില്‍ കടലിനടിയിലൂടെ വിന്യസിപ്പിച്ചിട്ടുള്ള ഒപ്റ്റിക്കല്‍ ഫൈബറുകള്‍ ന്യൂഫോട്ടോണില്‍ നിര്‍മ്മിച്ചവയാണ്. കുറഞ്ഞത് 25 വര്‍ഷമെങ്കിലും കുറ്റമറ്റതായി ഭൂമിക്കടിയില്‍ കിടക്കേണ്ട ഇത്തരം ഒപ്റ്റിക്കല്‍ ഫൈബറുകള്‍ അതീവ സൂക്ഷ്മതയോടെയും വിവിധ പരീക്ഷണങ്ങളുടേയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിര്‍മ്മിക്കേണ്ടത്.

22,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള വിന്‍വിഷ് ഏതാനം ദിവങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സൗകര്യത്തോടെ അവിടെത്തന്നെയുള്ള പുതിയ കെട്ടിടത്തിലേക്ക് ഉടന്‍ മാറും. രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ മന്ദിരത്തിലേക്കു മാറുമ്പോള്‍ നിരവധി പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ പരിപാടിയുണ്ട്. നിലവില്‍ 75 ജീവനക്കാരുള്ള ഇവിടെ പുതിയ കെട്ടിടത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കുറഞ്ഞത് 1500 ജീവനക്കാരുടെ സേവനം വേണ്ടി വരുന്ന പദ്ധതികളാണ് നടത്തിവരുന്നത്.

ഫൈബര്‍ ലേസറിന്റെയും ഫൈബര്‍ ആപ്ലിക്കേഷന്റെയും നിര്‍മ്മാണം ലോകത്ത് ആദ്യമായി ആരംഭിച്ച ന്യൂഫോട്ടോണ്‍ വ്യവസായം, ഡിഫന്‍സ്, എയറോസ്പേസ്, ബയോ മെഡിക്കല്‍, ടെലി കമ്മ്യൂണിക്കേഷന്‍, റിസര്‍ച്ച് എന്നീ മേഖലകളില്‍ വേണ്ടിവരുന്ന ഉപകരണങ്ങളാണ് ലോകമെമ്പാടും വിതരണം ചെയ്തു വരുന്നത്. ഉന്നതനിലവാരത്തോടു കൂടിയ സാങ്കേതിക വിദ്യസ്വന്തമാക്കിയ ന്യൂഫോട്ടോണ്‍ 1996 മുതല്‍ ഹൈപെര്‍ഫോര്‍മന്‍സ് ഫൈബര്‍ ലേസറുകളുടെ രൂപകല്‍പ്പന രംഗത്തും നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിച്ചു വരികയാണ്., കൂടാതെ ഇര്‍ബിയം ഡോപ്ഡ് ഫൈബര്‍ അംപ്ലിഫയര്‍ (Erbium doped fiber ampliffer EDFA) ബ്രോഡ് ബാന്‍ഡ് ASE ശൃംഖലകളുടെ നിര്‍മ്മാണത്തിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ആലപ്പുഴ മുഹമ്മ സ്വദേശിയായ ഡോ. രാംദാസ് കാര്യവട്ടം കാമ്പസില്‍ നിന്ന് ഫിസിക്സിലും ഇലക്ട്രോണിക്സില്‍ സ്പെഷ്യാലിറ്റിയോടെ ബിരുദാനന്തര ബിദുരം നേടിയ ശേഷം ഡല്‍ഹി ഐ.ഐ.ടി.യില്‍ എംടെക്കും പൂര്‍ത്തിയാക്കി പിഎച്ച്ഡിക്കു ചേര്‍ന്നു. അഞ്ചു വര്‍ഷം ഐ.ഐ.ടിയില്‍ പഠിച്ച അദ്ദേഹം പി.എച്ച്.ഡി. പൂര്‍ത്തിയാക്കാന്‍ ആറുമാസം മാത്രം ബാക്കിയിരിക്കേ 1988-ല്‍ അമേരിക്കയിലേക്ക് കുടിയേറി. എംടെക് പഠനത്തിനുശേഷം ഐ.ഐ.ടി.യില്‍ ഡോക്ടറേറ്റിന്റെ ഭാഗമായി മൂന്നു വര്‍ഷം ജൂണിയര്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡല്‍ഹി ഐ.ഐ.ടി.യില്‍ ഫൈബര്‍ ഒപ്റ്റിക്കിലിലായിരുന്നു ഗവേഷണം നടത്തി വന്നിരുന്നത്. ഫൈബര്‍ ഒപ്റ്റിക്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണങ്ങള്‍ നടക്കുന്ന കലാലയമാണ് ഡല്‍ഹി ഐ.ഐ.ടി. എന്ന് ഡോ. രാംദാസ് അഭിപ്രായപ്പെടുന്നു.

അമേരിക്കയില്‍ എത്തിയ അദ്ദേഹം ലോസാഞ്ചലസിലെ സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ലേസര്‍ ടെക്നോളജിയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. പിന്നീട് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടിയ അദ്ദേഹം അവിടുന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ രണ്ടാമത്തെ പി.എച്ച്.ഡി.യും നേടി. തുടര്‍ന്ന് ചിക്കാഗോ പരിറ്റല്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ ലേസര്‍ ആന്‍ഡ് ആംപ്ലിഫയര്‍ എന്ന കമ്പനിയില്‍ ആറുമാസം സേവനം അനുഷ്ടിച്ച ശേഷം 1996-ല്‍ ന്യൂഫോട്ടോണ്‍ കമ്പനി തുടങ്ങുകയായിരുന്നു.

ആലപ്പുഴ മുഹമ്മ സ്വദേശി പരേതനായ ഗോദവര്‍മ്മന്‍ രാമപണിക്കരുടെയും പരേതയായ ചെല്ലമ്മ രാമപണിക്കരുടെയും അഞ്ചുമക്കളില്‍ നാലാമനാണ് രാംദാസ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ.) യുടെ മുന്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മയാണ് ഇളയ സഹോദരന്‍. ഭാര്യ സുനിത റെഡ്ഢി. ബയോ എന്‍ജിയറിംഗ് വിദ്യാര്‍ത്ഥി വിനായക് പിള്ള, കെമിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വിശാഖ് പിള്ള, സര്‍ജന്‍ ഡോ. ഹസിനി, ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ ത്രിലോക് എന്നിവര്‍ മക്കളാണ്. കേരള ഹിന്ദു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KHNA )യുടെ 2007-2009 വര്‍ഷത്തെ പ്രസിഡന്റായിരുന്നു ഡോ. രാംദാസ്.

ലേസര്‍ ശാസ്ത്രജ്ഞനായ ഡോ. രാംദാസ് കാന്‍സര്‍ ചികിത്സാ രംഗത്തും ഒരു പുതിയ കാല്‍വെയ്പ് നടത്താനൊരുങ്ങുകയാണ് . അത്ഭുതപ്പെടേണ്ട! കാന്‍സര്‍ സെല്ലുകളെ ലേസര്‍ രശ്മികൊണ്ട് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പരീക്ഷിച്ചു വരുന്നത്. അമേരിക്കയിലും യൂറോപ്പിലും ഫലപ്രദമായി നടത്തിവരുന്ന ഈ ചികിത്സാരീതിക്ക് ഇന്ത്യയില്‍ അനുമതിക്കായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് . ന്യൂഫോട്ടോണ്‍ വികസിപ്പിച്ച ആധുനിക ലേസര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ (Clinical trail) മൃഗങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ടെക്നോ പാര്‍ക്കിലെ പുതിയ കെട്ടിടത്തില്‍ ഇതിന്റെ ചികിത്സ ആരംഭിക്കാനാണ് പദ്ധതി. റേഡിയേഷന്‍ രശ്മികള്‍ കാന്‍സര്‍ സെല്ലിനൊപ്പം മറ്റു സെല്ലുകളും നശിച്ചുപോകുമ്പോള്‍ പ്രത്യേക ഫ്രീക്വന്‍സിയില്‍ സൂക്ഷ്മമായി കടത്തിവിടുന്ന ലേസര്‍ രശ്മികള്‍ കാന്‍സര്‍ സെല്ലുകളെ മാത്രം നശിപ്പിച്ച് മറ്റ് സെല്ലുകളെ സംരക്ഷിക്കുന്ന രീതിയാണ് ഫോട്ടോ ഡയനാമിക് തെറാപ്പിയിലൂടെ അവലംബിക്കുന്നത്. കാന്‍സറിനുള്ള മറ്റ് ചികിത്സകള്‍ക്കു വരുന്ന ചെലവുകളേക്കാള്‍ ഏറെ ചുരുങ്ങിയ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഓറല്‍ കാന്‍സറിനുള്ള ചികിത്സയായിരിക്കും തുടക്കത്തില്‍ ആരംഭിക്കുക.

നാസയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് ആദ്യമായി സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ഉപയോഗിച്ച ട്രാന്‍സ്മിറ്ററുകള്‍ ന്യൂഫോട്ടോണില്‍ നിര്‍മ്മിച്ചവയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവ വിജയകരമായി നടപ്പിലാക്കി വരുന്നു. ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍, ദേശീയ ലാബോറട്ടറികള്‍ മുതല്‍ ഫോര്‍ച്ച്യൂണ്‍ 500 കമ്പനികള്‍ വരെയാണ് ന്യൂഫോട്ടോണിന്റെ ഉപഭോക്താക്കള്‍.

ലോകം അംഗീകരിക്കുന്ന ഒരു ശാസ്ത്രജ്ഞനാകേണ്ട ഡോ. രാംദാസ് പിള്ളക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരം എന്നതും മറ്റൊരു പ്രത്യേകതയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top