Flash News

കെ.സി.ആര്‍.എം. നോര്‍ത്ത് അമേരിക്ക; ആറാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

March 22, 2018 , ചാക്കോ കളരിക്കല്‍

KCRM teleconf.KCRM – North America -യുടെ ആറാമത്തെ ടെലികോണ്‍ഫെറന്‍സ് മാര്‍ച്ച് 14, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂര്‍ നീണ്ടു നിന്നതും ശ്രീ എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോണ്‍ഫെറന്‍സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നുമായി വളരെയധികംപേര്‍ സജീവമായി പങ്കെടുത്തു. ഇപ്രാവശ്യത്തെ ചര്‍ച്ച ‘പൗരോഹിത്യവും അവിവാഹിതാവസ്ഥയും’ എന്ന വിഷയമായിരുന്നു. മൗന ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍, ബഹുമാനപ്പെട്ട ഡോ. ഔസേപ്പറമ്പിലച്ചനാണ് വിഷയം അവതരിപ്പിച്ചു സംസാരിച്ചത്.

അച്ചന്റെ അവതരണത്തിലെ പ്രധാന ആശയങ്ങള്‍:

കല്ല്യാണം കഴിച്ച സഭാധികാരികള്‍ വോട്ടുചെയ്താണ് പുരോഹിതര്‍ക്കുവേണ്ടിയുള്ള ബ്രഹ്മചര്യനിമയം പാസാക്കിയത്. നിയമം ഉണ്ടാക്കിയവര്‍ നിയമം ഉണ്ടാക്കാന്‍ അര്‍ഹതയില്ലാത്തവരായിരുന്നു. പുരോഹിത വിവാഹ നിയമങ്ങള്‍ മാനുഷ്യത്യ രഹിതവും, മനുഷ്യാവകാശ ലംഘനവും, ദൈവ നീതിയ്ക്ക് നിരക്കാത്തതും, സ്ത്രീവിദ്വേഷം പുലര്‍ത്തുന്നതും, അജ്ഞതയില്‍ അടിയുറച്ചതും, സ്വന്തം സത്തയെത്തന്നെ നിഷേധിക്കുന്നതുമാണ്.

ബ്രഹ്മചര്യം എന്നുവെച്ചാല്‍ ദൈവത്തോടുകൂടി ജീവിക്കുകയെന്നാണ് മനസ്സിലാക്കേണ്ടത്. മറിച്ച്, സെക്‌സ് കൂടാതെ ജീവിക്കുകയെന്നല്ല. സ്ത്രീ പുരുഷബന്ധത്തിന്റെ പൂര്‍ണതയാണ് ദൈവം. ബ്രഹ്മതുല്യമാണ് ലൈംഗികാസ്വാദനം.

ദൈവസങ്കല്പത്തിന് അനുകൂലമാണ് വൈവാഹിത ജീവിതം. അത് ദൈവത്തിങ്കലേക്കുള്ള വഴിയാണ്. സ്ത്രീയുടെയും പുരുഷന്റെയും ബോധാവസ്ഥ ഒന്നായിത്തീരുന്നത് ദൈവത്തിങ്കലേയ്ക്ക് അടുക്കാനുള്ള മാര്‍ഗമാണ്. അതുകൊണ്ട് പുരോഹിതര്‍ വിവാഹിതരാകുന്നത് നല്ലതാണ്; എതിരല്ല.

പുരോഹിതന് ബ്രഹ്മചര്യത്തിന്റെ ആവശ്യമില്ല. ലൈംഗിക നിയന്ത്രണത്തിന് വിവാഹം കഴിക്കുന്നത് നല്ലതാണ്. ഒരു ഭാര്യ ഉണ്ടെങ്കില്‍, ലൈംഗികതയോടെ ജീവിച്ചാല്‍ സ്ത്രീകളെ കാണുമ്പോള്‍ കേറിപിടിക്കാന്‍ തോന്നുകയില്ല. ലൈംഗിക നിയന്ത്രണം എളുപ്പമാകും. പുരോഹിതന് ഒരു ഭാര്യ ഇല്ലാത്തതിനാലാണ് അയാളുടെ ജീവിതത്തിലേയ്ക്ക് എല്ലാവരും ഒളികണ്ണിട്ടുനോക്കുന്നത്.

കെട്ടാനും അഴിക്കാനുമിരിക്കുന്ന ഒരാളല്ല ദൈവം. മനുഷ്യന്റെ ലിംഗപ്രയോഗത്തെ ശ്രദ്ധിച്ചിരിക്കുന്ന ഒരാളുമല്ല ദൈവം. പുരോഹിതര്‍ പറയുന്നതു പോലെ പ്രവര്‍ത്തിക്കുന്ന ഒരു ദൈവമില്ല. എന്നാല്‍ സഭയുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ സഭയാണ് സ്വര്‍ഗത്തെ നിയന്ത്രിക്കുന്നതെന്ന് തോന്നിപ്പോകും.

സഭാചരിത്രം പരിശോധിച്ചാല്‍ അപ്പോസ്തലര്‍ എല്ലാവരും തന്നെ വിവാഹിതരായിരുന്നു. സഭയില്‍ മെത്രാന്‍ സ്ഥാനം ആഗ്രഹിക്കുന്നവര്‍ വിവാഹിതരായിരിക്കണമെന്ന് പൗലോസ് നിര്‍ദേശിക്കുന്നുണ്ട്. പൗരോഹിത്യം ഉണ്ടായത് നാലാം നൂറ്റാണ്ടിലാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് പൗരോഹിത്യ ബ്രഹ്മചര്യം സഭയില്‍ നടപ്പിലാക്കുന്നത്. വൈദികരുടെ ബ്രഹ്മചര്യനിയമം സഭയില്‍ നടപ്പിലാക്കിയത്തിന്റെ പിന്നില്‍ സാമ്പത്തീകമാണ്.

വൈദികബ്രാഹ്മചര്യം സാമ്പത്തികഘടനയാണ്; മതഘടനയല്ല. പൊതുസ്വത്ത് അനിയന്ത്രിതമായി കൈകാര്യം ചെയ്യാനും ഇഷ്ടാനുസരണം വിനയോഗിക്കാനുമുള്ള ഒരു മാര്‍ഗമാണ് വൈദിക ബ്രാഹ്മചര്യം. ആ കാരണം ഒന്നുകൊണ്ടുമാത്രമാണ് വൈദിക ബ്രഹ്മചര്യത്തെ ഇന്നും നിലനിര്‍ത്തുന്നത്.

മനുഷ്യജീവിതത്തിന്റെ മൂല്ല്യം കാണിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. ബ്രഹ്മചര്യം പാലിച്ചതുകൊണ്ട് ദൈവാനുഭവം ഉണ്ടാകുന്നില്ല. ദൈവത്തിന്റേതല്ലാത്ത സഭയ്ക്കുവേണ്ടി ബ്രഹ്മചര്യം പാലിച്ചിട്ട് കാര്യമില്ല.

വിഷയാവതരണത്തിനുശേഷം സജീവമായ നീണ്ട ചര്‍ച്ച നടന്നു.

ആദ്യക്രൈസ്തവസമൂഹത്തില്‍ ക്ലര്‍ജികള്‍/അല്മായര്‍ എന്ന വേര്‍തിരിവ് ഉണ്ടായിരുന്നില്ല. പത്രോസ് ഒന്നാം ലേഖനത്തില്‍ യേശു അനുയായികളെപ്പറ്റി എഴുതിയതിപ്രകാരമാണ്: ‘തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്’ (പത്രോ. 2: 9).

ഇന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വിശ്വാസികളുടെ ആ പൗരോഹിത്യത്തെ അടിവരയിട്ട് പ്രോത്സാഹിപ്പിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. യേശു തന്റെ സഭ ഒരു മതമാകണമെന്ന് ഉദ്ദേശിച്ചിട്ടില്ല. മറിച്ച്, അയല്‍ക്കാരനെ സ്‌നേഹിച്ചു കൊണ്ട് ദൈവത്തെ പൂര്‍ണമായി സ്‌നേഹിക്കുക എന്ന വളരെ ലളിതമായ കല്പനയാണ് യേശു നല്‍കിയത്.

സ്ഥാപിതനിയമങ്ങളെക്കാള്‍ അന്നും ഇന്നും മനുഷ്യത്വത്തിനാണ് പ്രാധാന്യം. അതുകൊണ്ടാണ് സുഹൃത്തുക്കളുടെ ഇടയിലെ പങ്കുവയ്ക്കലായി യൂക്കറിസ്റ്റിനെ യേശു അവതരിപ്പിച്ചത്. യേശുവിനെ അനുകരിച്ച് ‘അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയ ലാളിത്യത്തോടും ആഹ്‌ളാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കു ചേരുകയും ചെയ്തിരുന്നു’ (അപ്പ. പ്രവ. 2: 46).

ആദ്യക്രൈസ്തവരെപ്പോലെ വീടുകളില്‍ ഒരുമിച്ചുക്കൂടി അപ്പംമുറിക്കലും പങ്കുചേരലും നടത്തിയാല്‍ വൈവാഹിത പൗരോഹിത്യത്തിന്റെയും സ്ത്രീ പൗരോഹിത്യത്തിന്റെയും പ്രശ്‌നം സഭയില്‍ പരിഹരിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, മറ്റ് ക്രിസ്തീയ സഭകളില്‍ വിവാഹിതരായ പുരോഹിതര്‍ സേവനം ചെയ്യുന്നുണ്ട്. അതുപോലെ കത്തോലിക്കാ സഭയിലും എന്തുകൊണ്ട് വിവാഹിതരായ വൈദികര്‍ ആയിക്കൂടാ എന്ന ചോദ്യവും പൊന്തിവന്നു.

ലൈംഗികവികാരത്തെ അടിച്ചമര്‍ത്തുകവഴി വൈദികരുടെ സമനില തെറ്റുമെന്നും പൂര്‍ണ വ്യക്തിത്വം അവരില്‍ വികസിക്കുകയില്ലെന്നും ഒരു ഭാര്യയുണ്ടെങ്കില്‍ അവര്‍ മെച്ചപ്പെടുമെന്നുമെല്ലാം അഭിപ്രായപ്പെടുകയുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൊതു അഭിപ്രായം പുരോഹിത വിവാഹം ഓപ്ഷണല്‍ ആയിരിക്കണമെന്നായിരുന്നു.

സഭ ഒരു സംഘടനയാണെന്നും അച്ചന്മാര്‍ അവിവാഹിതരായിരിക്കണമെന്ന നിയമത്തെ അനുകൂലിക്കാനും പാലിക്കാനും തയ്യാറല്ലാത്തവര്‍ ആ സംഘടനയില്‍നിന്ന് പുറത്തുപോകണമെന്ന ഒരാളുടെ അഭിപ്രായമല്ലാതെ, സജീവമായിരുന്ന നീണ്ട ചര്‍ച്ചയില്‍ മറ്റാരും പുരോഹിത ബ്രഹ്മചര്യത്തെ അനുകൂലിച്ചു കൊണ്ട് സംസാരിച്ചില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ പ്രായോഗികമായി എന്തുചെയ്യാന്‍ സാധിക്കുമെന്ന ചോദ്യവും ഉയര്‍ന്നുവന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും വിഷയം വിട്ട് സംസാരിക്കുകയുണ്ടായി. കത്തോലിക്കാ സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കും അരാജകത്വത്തിനും മൂല്യച്ചുതിക്കും തടയിടാന്‍ അടിസ്ഥാനപരമായി നമുക്കെന്തു ചെയ്യാന്‍ സാധിക്കും എന്നതായിരുന്നു അവരുടെ മുഖ്യവിഷയം.

KCRM – North America- യുടെ ഏഴാമത് ടെലികോണ്‍ഫെറന്‍സ് ഏപ്രില്‍ 11, 2018 ബുധനാഴ്ച വൈകീട്ട് ഒന്‍പതു മണിയ്ക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: ‘പള്ളി യോഗ പുനഃസ്ഥാപനം ചര്‍ച്ചാക്റ്റിലൂടെ’. ടെലികോണ്‍ഫെറന്‍സിലേയ്ക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സ്‌നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍
(ജനറല്‍ കോര്‍ഡിനേറ്റര്‍)
മാര്‍ച്ച് 22, 2018


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top