ഭാര്യ മറിയക്കുട്ടി ചോദിച്ചു – നിങ്ങളെഴുത്തു നിര്‍ത്തിയോ? ഞാന്‍ തന്ന അല്ലെടി, എന്നെപ്പോലെ അമേരിക്കേലെഴുതുന്നോര് മിക്കവരും എഴുത്തു നിര്‍ത്തി. എന്തോ പറ്റി! ഊണും ഒറക്കോം വെടിഞ്ഞ് കുത്തികുറിച്ചോണ്ടിരുന്നപ്പം നിങ്ങക്കൊരു ഉശിരും, ശുഷ്ക്കാന്തീം ഒക്കെ ഒണ്ടാരുന്നു. ഇപ്പോ അതൊക്കെ പോയി മൂന്നുനേരോം ഒറക്കോം, ഉത്സാഹമില്ലായ്മ.നിങ്ങക്കൊരു ഹോബി ഒണ്ടാരുന്നതു കുളിച്ചു കളഞ്ഞാ പെട്ടെന്നു വയസാകുകേം,ആള്സൈമറു ആകുകേം ചെയ്യും!
അതിനിപ്പം എഴുതാന്‍ എന്തോന്നിരിക്കുന്നു! അനുഭവം, ആ കലവറ കാലിയായി. മറ്റൊന്ന് ചൊരത്തി ഒണ്ടാകുകേം ചെയ്യുന്നില്ല. അതെങ്ങനാ പേനാ എടുക്കുന്നോരൊക്കെ എഴുത്താ, ഉള്‍ക്കാമ്പില്ലാതെ, ഉള്ളി പൊളിച്ചപോലെ! അതു കാണുകേം, വായിക്കുകേം ചെയ്യുമ്പം എഴുത്തിനോടൊരറപ്പാ. എഴുത്ത്! ഈശ്വരാനുഗ്രഹമാ,അത് തലേലെഴുതിയേക്കുന്നതാ, പിന്നയേ സര്‍ഗ്ഗശക്തി വികസിക്കണോങ്കി വായിക്കേം വേണം, ധാരാളം! ങാ, ആട്ടെ ഞാനഴുത്തു നിര്‍ത്തിയേന് നിനക്കെന്തോന്നാ നഷ്ടം?
അയ്യേ! എനിക്കൊരു നഷ്ടോമില്ല, ലാഭമേ ഒള്ളൂ. ആണ്ടിലാണ്ടി പൊസ്തകം അച്ചടിപ്പിക്കലല്ലേ, എന്നാ ഒട്ട് മൊടക്കിയതും പോലും കിട്ടുമോ. അതുമില്ല. എല്ലാര്ക്കും ചക്കാത്തി വായിക്കണം. ങാ, അല്ലെങ്കി ആര്‍ക്കാ വായിക്കാനിത്ര താല്‍പ്പര്യം! പെണ്‍കൂട്ടര്‍ക്ക് ആര്‍ക്കുമില്ല. സന്ധ്യ ആയാല്‍ നാല് സീരിയലു കാണുന്ന സുഖം ഈ പൊട്ടക്കഥകള്ക്കു കിട്ടുമോ?എനിക്കിത്രേ പറയാനൊള്ളൂ, ആ നന്നാട്ടുപടിക്കലെ തോമസുകുട്ടിയെ കണ്ടു പഠിക്ക്. ഡ്രൈവറായിട്ട് ടാക്സി ഓടിക്കാം തൊടങ്ങീതാ. ഇപ്പോ പതിനാല് യൂണിറ്റ് ഹൗസിംഗ് കോംപ്ലക്സാ വാടകക്കു കൊടുക്കുന്നെ. അതിനും പുറമെ ഇപ്പോ ലിംമ്പുസീനാ ഓടിക്കുന്നെ, വിഐപീസിനെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍. പത്താം ക്ലാസ് പാസായിട്ടുണ്ടോ എന്നുതന്നെ ആര്ക്കിയാം. നിങ്ങളോ? നിങ്ങക്കു മൂന്നെമ്മേയൊണ്ട് എന്തോന്ന് പ്രയോജനം?
ങാ! കാലമൊക്കെ പോയടീ മറിയക്കുട്ടി, സാമൂഹ്യ പ്രതിബദ്ധത, മണ്ണാംങ്കട്ട! അങ്ങനെ ഒന്നില്‍ അന്ധമായി വിശ്വസിച്ച് ഇന്സ്പരേഷനൊണ്ടായാ, ഞാന്‍ എഴുതാം തൊടങ്ങിയേ. ഇപ്പോ മനസിലായി അങ്ങനൊന്നില്ലെങ്കില് “തൂണും ചാരി നിന്നവനൊക്കെ പെണ്ണിനേം കൊണ്ടുപോയി” എന്നു പറഞ്ഞമട്ടാ, ഇവിടെ ഇപ്പം ഈ അമേിരിക്കേല്.
അതെന്താ അങ്ങനെ പറേന്നെ?
പത്രത്തിലും, ഈ പത്രത്തിലും വരുന്ന വാര്‍ത്തകള്‍ കണ്ടില്ലേ?ചുറ്റിലും സംഘടനകള്‍, അവര്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നു, ചാരിറ്റി നടത്തുന്നു. നാനാവിധ പള്ളിക്കാര്. അവര്‍ ഓണോം, തിരുവാതിരേം, തെയ്യോം തിറോം ഒക്കെ ഏറ്റെടുത്തു. ഒരു പ്രാദേശീവല്ക്കണം, പിന്നെ അമ്പലപ്പുഴ, കോയില്‍മുക്ക്, കുട്ടനാട്, നാഞ്ചനാട്, ഒല്ലൂര്‍, ചാലക്കുടി, തലശ്ശരി, സംഘടനകള്‍ വേറെ. നേഴ്സുമാരടെ സംഘടന മുക്കിനു മുക്കിന്, രക്തദാനം, അവയവദാനം എന്നൊക്കെ പറഞ്ഞ്. മറിയക്കുട്ടിക്കൊരു ദീര്‍ഘവീക്ഷണമുണ്ടായി.
ങാ, ഇത്രേം കാലം നിങ്ങളെഴുതിയത് ഇതൊക്കെ തന്നെയായിരുന്നില്ലേ, കഥയായാലും, നോവലായാലും. അന്നൊന്നും എനിക്കിങ്ങോട്ടും മനസിലായതുമില്ല. നിങ്ങക്ക് കടുത്ത സമൂഹ്യ പ്രതിബദ്ധത ഒണ്ടാരുന്നു. അതോണ്ടല്ലേ അങ്ങനെ ഒക്കെ എഴുതീത്.
അതൊക്കെ ശരി, അതു ഞാനങ്ങു നിര്‍ത്തി, എന്നെപ്പോലൊള്ളോരും!
ഇനിയിപ്പം എന്തോ ചെയ്യും!
നിര്‍വികാരതയില്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ! നിന്നെപ്പോലൊള്ള നേഴ്സുമാര്‍ ആരോരുമില്ലാതെ കണ്ണീരുമായി കടലു കടന്നുവന്നപ്പം സഹായിക്കാന്‍ ഏതു സംഘടന ഒണ്ടാരുന്നു. ആദ്യ കാലത്ത് വന്നോര്, കുടിയേറ്റം തട്ടിക്കൂട്ടി ഒണ്ടാക്കി തട്ടകം തീര്‍ത്തു കൊടുത്തപ്പം ആ കസേരെ കേറി ഞെളിഞ്ഞിരിക്കാനാ ഇപ്പൊഴത്തെ ആവേശം. അതൊക്കെ ഒണ്ടാക്കി കൊടുത്തോരെ അവരെപ്പഴേ തട്ടിതൂത്ത് മണ്ണിട്ടുമൂടി.
അതുശരിയാ, ഞാം കഴിഞ്ഞാഴ്ച പള്ളീപോയപ്പം ഒരു ശൃംഗാരി യുവതി എന്നോട് ചാദിക്കാ അമ്മച്ചി ഇവിടെ ആരടെ കൊച്ചിനെ നോക്കാന്‍ വന്നതാന്ന്.
ഫൂ! ഒരാട്ടാട്ടാന് തോന്നീതാ, ആത്മസംയമനം അങ്ങു പാലിച്ചു, അതല്ലേ ഉചിതം. അവള് ചോദിച്ചേന്െറ ഗുട്ടന്‍സ്, ആയയായിട്ട് മക്കടെ പിള്ളേരെ നോക്കാം വന്നതാണോന്ന്. പകരം പറഞ്ഞു-അതേ കൊച്ചുങ്ങളെ നോക്കാനാ വന്നത്. ഇപ്പോ അവരൊക്കെ പ്രായപൂര്‍ത്തിയായി, കെട്ടീം, കെട്ടാതേം, ഡിവോഴ്സായും ഒക്കെ ആയി കഴീന്നു. ഇപ്പം ലയാളം പഠിപ്പിക്കുന്ന ആവേശത്തിലാ സഭക്കാരും, സംഘടനക്കാരും, സാമൂഹ്യ സാംസ്ക്കാരിക വിപ്ലവകാരും.
നടന്നതാ, മലയാളമൊക്കെ പഠിച്ച് കേരളത്തിലെ പോലെ ആകുമെന്നാ വിചാരം. കേരളത്തി നടക്കുന്നില്ല, പിന്നയാ ഇവിടെ! ഇവിടൊരു സംസ്ക്കാരമുണ്ട്, ആ ചുഴിയില്‍ അടുത്ത മലയാളി തലമുറ അലിയും! അതാ എന്‍െറ കണക്കുകൂട്ട്. ഏറിയാ ഇരുപതു ഇരുപത്തഞ്ചു കൊല്ലം കൊണ്ട് ഇക്കണ്ട മലയാളി ജനറേഷന് മറ്റൊരു സംസ്ക്കാര ചുഴിയില്‍ പാലാഴിമഥനം വന്ന് പരുവപ്പെട്ട് മറ്റൊരു “ഗയാനാ, ട്രിനിഡാഡ്” എന്നു കണക്കു കൂട്ടിയാ മതി. അതിവിടെ വന്ന എല്ലാ സഭാ, രാഷ്ടീയ സാമുദായിക, സാംസ്ക്കാരിക നവോദ്ധാന പ്രസ്താനക്കാര്ക്കുമറിയാം, അതുവരെ ദീപസ്തഭം, മഹാശ്ചര്യം! നമുക്കും കിട്ടണം, ധനം, അധികാരം, പ്രശസ്തി!
“പോനാല്‍ പോകട്ടും പോടാ! അന്ത, ഭൂമിയില്‍ വാഴ്വനാള്, നമ്മുക്ക് സര്‍വ്വസുഖം!”
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply