Flash News

സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നു: ഇന്‍ഫാം

April 3, 2018 , ഇന്‍ഫാം

Ltrhd 2018കൊച്ചി: അഴിമതിയും കൈക്കൂലിയും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നുവെന്നും ഭരണസംവിധാനത്തില്‍ അടിമുടി പൊളിച്ചെഴുത്ത് അടിയന്തരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരുടെ ഭരണരംഗത്തെ വൈകല്യം ജനങ്ങള്‍ നേരിട്ടനുഭവിക്കുകയാണിപ്പോള്‍. എന്തിനും കേന്ദ്രസര്‍ക്കാരിനേയും മുന്‍സര്‍ക്കാരുകളെയും പഴിപറഞ്ഞ് ഒഴിഞ്ഞുമാറുവാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. പൊതുസമൂഹം സ്ഥിരമായി ബന്ധപ്പെടുന്ന റവന്യൂ ഓഫീസുകള്‍ നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു. പബ്ലിക് സെര്‍വന്റാകേണ്ടവര്‍ പബ്ലിക് മാസ്റ്റര്‍മാരായി മാറി നീതിനിഷേധം തുടരുന്നത് ജനാധിപത്യഭരണത്തിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. ഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ വനം-റവന്യൂ വകുപ്പുകള്‍ മത്സരിക്കുമ്പോള്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ പതിറ്റാണ്ടുകളായി രേഖകള്‍ സഹിതം കൈവശമിരിക്കുന്ന കിടപ്പാടം ജണ്ടയിട്ട് തിരിക്കുന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യം അതിരുകടക്കുന്നു. പട്ടയഉപാധികള്‍ പൊളിച്ചെഴുതിയിട്ടും നടപടിക്രമങ്ങളില്ലാതെ തുടരുകയാണ്. റവന്യൂ-വനം വകുപ്പുകളുമായി ബന്ധപ്പെടുന്ന കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നത് അന്വേഷണവിധേയമാക്കണം. കാലങ്ങളായി സര്‍ക്കാര്‍ഭൂമി വ്യക്തമായ രേഖകളില്ലാതെ കൈവശംവെച്ചിരിക്കുന്ന ഭൂകോര്‍പ്പറേറ്റു മാഫിയകളുടെ മുമ്പില്‍ ഭരണംനടത്തുന്ന തൊഴിലാളിവര്‍ഗ്ഗ കമ്യൂണിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഓച്ഛാനിച്ചുനില്‍ക്കുന്നത് അപഹാസ്യവും ദുഃഖകരവുമാണ്.

സാമൂഹ്യസുരക്ഷാപെന്‍ഷന്‍, കര്‍ഷകപെന്‍ഷന്‍ എന്നിവയുടെ വിതരണവും സ്തംഭിച്ചിരിക്കുന്നു. കാര്‍ഷിക മേഖലയെ സംരക്ഷിക്കുവാന്‍ പ്രഖ്യാപനങ്ങള്‍ തുടരുന്നതല്ലാതെ പ്രായോഗിക നടപടികളൊന്നുമില്ല. കര്‍ഷകരെ സംരക്ഷിക്കുവാനോ 2015 ലെ കാര്‍ഷികവികസന നയം നടപ്പിലാക്കാനോ വിലത്തകര്‍ച്ചയെ അതിജീവിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കാനോ സാധിക്കാത്ത കൃഷിവകുപ്പ് പരാജയപ്പെട്ടു. കാര്‍ഷികമേഖലയിലെ പ്രതിസന്ധിമൂലം കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രി രാജിവച്ചൊഴിയണം. കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട വകുപ്പ് കൃഷിവകുപ്പാണെന്നതിന്റെ തെളിവാണ് കര്‍ഷകര്‍ കൃഷിയുപേക്ഷിച്ച് മറ്റുജീവിതമാര്‍ഗ്ഗങ്ങള്‍ തേടുന്നത്. സമയബന്ധിതമായി നെല്ലുസംഭരിക്കാനോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൃത്യമായി നല്‍കുവാനോ സാധിക്കാതെ മില്ലുടമകള്‍ക്കുവേണ്ടി പാദസേവ ചെയ്യുന്നവരായി ഭക്ഷ്യവകുപ്പ് മാറിയിരിക്കുന്നതും കര്‍ഷകരോടുള്ള വെല്ലുവിളിയാണന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top