Flash News
കോവിഡ് പ്രതിസന്ധിയിൽ പെട്ട ഇന്ത്യ 2020-21 സാമ്പത്തിക വർഷത്തിൽ ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു   ****    അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു   ****    രണ്ടു കോടി കടമുള്ള സംസ്ഥനത്തിന്റെ താത്ക്കാലിക അധിപന്‍ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായി വിജയനോട് അബ്ദുള്ളക്കുട്ടി   ****    കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു   ****    ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ വിചാരിച്ചാല്‍ പശ്ചിമ ബംഗാളിനെ കീഴ്പ്പെടുത്താൻ കഴിയില്ല: മമ്‌ത ബാനര്‍ജി   ****   

ചക്കിനു വെച്ചത് കൊക്കിന് (ചിത്രീകരണം)

April 7, 2018 , ജോണ്‍ ഇളമത

chakkinu banner1

“നൈനാന്‍ സാറല്ലേ!” ഫോണിന്‍െറ അപ്പുറത്തു നിന്നോരു കിളിമൊഴി.

“അതേ”

“പടവലങ്ങായുടെ വിത്തൊണ്ടോ?”

“ഒണ്ട്, വിത്തുകൊണ്ടോയിട്ട് എന്തോന്നു കാര്യം! മുളപ്പിക്കാനറിയാമോ?”

“അതിനെന്നാ മണ്ണിനകത്തോട്ട് കുഴിച്ചിട്ടാ പോരെ?”

“ങുഹൂ, അങ്ങനൊനനും മൊളക്കത്തില്ല, കേരളത്തില്‍ വെള്ളായനി കേളേജീന്നു കൊണ്ടു വന്ന വിത്താ, അതു അമേരിക്കേ മൊളക്കണേ,അമേരിക്കേ മൊളക്കത്തക്കവിധം അഡാപ്റ്റ് ചെയ്തു വെക്കണം.”

“അതെങ്ങനാ?”

“ആട്ടെ, പേരെന്തോന്നാ?”

“ഓമന!”

എന്നിട്ടോമന വശ്യമായ ഒരു ചിരി ചിരിച്ചു മൊഴിഞ്ഞു-

“സാറെന്നെ ഓര്‍ക്കുന്നില്ലേ?”

“ഇല്ല”

“ഒട്ടും”

“ങുഹൂ….”

“നൈാനാം സാറെന്നെ പഠിപ്പിച്ചതാ”

“എന്ന്?”

“വളരെ പണ്ട്, അറുപത്തഞ്ചില്‍, സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍”

“അവിടെ, അറുപത്തിയഞ്ചില്‍, സെന്റ് മേരീസ്കൂളിലെ ഒരോമന! ങും ഓര്‍മ്മേ കിട്ടുന്നില്ല”

ങാ, അതെങ്ങനാ എത്ര ഓമനമരെയും, ആലീസുമാരെയും, അച്ചാമ്മമാരെയും, ശ്രീദേവിമാരെയും, നബീസമാരെയും ഒക്കെ പഠിപ്പിച്ചിരിക്കുന്നു. എല്ലാം മറന്നുപോയി.

കൊല്ലമിത്രേമായില്ലേ.അറുപത്തഞ്ചിലാ പഠിപ്പിക്കാം തൊടങ്ങീത്. ബോട്ടണി ബിഎസി പാസ്സായേന്‍െറ പിറ്റേക്കൊല്ലം. അന്ന് പതിനായിരം രൂപാ കൈക്കൂലി കൊടുത്തു കിട്ടിയ ഉദ്യോഗം. വയസ്സ് ഇരുപത്തി മൂന്ന്. രക്തം തെളച്ചോണ്ടിരിക്കുന്ന പ്രായം. തുമ്പികളെപ്പോലെ പറക്കുന്ന ഡാവണിക്കാര് പെമ്പിള്ളേരെ ക്ലാസികാണുമ്പം കൊതി തോന്നുന്ന പ്രായം. എന്നിട്ട് ബോട്ടണി പഠിപ്പിക്കുമ്പം അതുങ്ങള് ചിലത് ഊറി ഊറി ചിരിക്കും, മറ്റു ചിലത് വെള്ളമൂറി എന്നെ കണ്ണിമക്കാതെ നോക്കുന്ന കുറേ പെമ്പിള്ളേര്! അവരൊടുവീ വിളിക്കാം തൊടങ്ങി, സ്വപരാഗണം സറ്, പര പരാഗണം സാറ് എന്നൊക്കെ, കേക്കാന്‍ പാകത്തിന് മുക്കിനും മൂലേലും നിന്ന്. അങ്ങനെ വിളിക്കുന്ന അതില്‍ രണ്ടുമൂന്നു പേര്‍ക്ക് അന്നൊരു പ്രണയം എന്നില്‍ ഇല്ലേ എന്നൊരു തോന്നല്‍. രണ്ടു മൂന്നെണ്ണം! രണ്ടും കല്‍പിച്ച് ഞാന്‍ അവര്‍ക്കൊക്കെ ഒരോ പ്രേമലേഖനം എഴുതി ബോട്ടണിയുടെ ഗ്രഹപാഠം ഡ്രോയിംഗ് ബുക്കിനകത്തങ്ങു വെച്ചങ്ങു കൊടുത്തു. ഒരു പരീക്ഷണം! രണ്ടുമൂന്നെണ്ണം കൊടുത്താലല്ലേ ഏതേലുമൊന്നു തടയൂ. കേട്ടോ, ചതിക്കാനൊന്നുമല്ല, ഒത്താലൊരു പ്രേമം, തുടര്‍ന്നൊരു പ്രണയ വിവാഹം! അക്കാലത്തെ ഹരം. കഷ്ടകാലത്തിന് ചക്കിനു വെച്ചത് കൊക്കിനെന്ന പോലെയായി.

ഹെഡ്മാസ്റ്ററച്ചന്‍ മുറീലോട്ടു വിളിച്ചു. കാര്യം കുഴഞ്ഞു. ഇത്ര സീരിയസ്സാകുമന്ന് ആരു കരുതി. അച്ചന്‍ സഗൗരവം പറഞ്ഞു-

“നൈനാം സാറെ താന്‍ ആളു കൊള്ളാല്ലോ, ബോട്ടണി പഠിപ്പിക്കാനാണോ താന്‍ ജോലിക്ക് കേറീത്, അതോ പ്രേമിക്കാനോ!”

തൊലി ഉരിഞ്ഞുപോയി.

അങ്ങനെ ഒരബദ്ധം പറ്റി. പറ്റിക്കാനൊന്നുമല്ല .പ്രേമിച്ചു കല്യാണം കഴിക്കാനൊരു പൂതി. അതിലാരെ എന്നെ കൂടതലിഷ്ടപ്പെടുന്നതെന്ന് ഒരു കണ്‍ഫ്യൂഷന്‍! അവരടെ രണ്ടുമുന്നു പേരുടെ തറച്ച് നോട്ടം കണ്ടിട്ട് കണ്‍ഫ്യൂഷന്‍െറ കണ്‍ഫ്യൂഷന്‍! എതാ സ്‌നേഹിക്കുന്നേന്ന്.

“ങാ,അപ്പോ താന്‍ മൂന്നുപേര്‍ക്ക് ലൗലെറ്ററു തട്ടിയോ!”

“എന്‍െറ പൊന്ന് ഹെഡ്മാസ്റ്ററച്ചാ ക്ഷമിക്കണം. ഇങ്ങനെ വരുമെന്നാരു കരുതി. ദിസീസ് ദ ഫസ്റ്റ്‌ടൈം, അതുപോലൊരു പ്രലോഭനത്തി പെട്ടുപോയതാ!”

“നോ,എകസ്ക്യൂസ്! ഒരു പെണ്ണിന്‍െറ തന്തേ എന്നെ വിളിച്ചൊള്ളൂ, അപ്പോ മൂന്നു പേര്‍ക്കു ലൗലറ്റര്‍ തട്ടിയ തന്നെ ഇനി ഇവിടെ ജോലിക്കു വേണ്ട.”

“ഹെഡ്മാസ്റ്ററച്ചന്‍, ചതിക്കരുത്, ആദ്യം കിട്ടിയ ജോബാ!”

“തന്നെ ഇവിടെ വേണ്ടാ എന്നു പറഞ്ഞാ വേണ്ടാ, അത്രതന്നെ. മൂന്നെണ്ണത്തെ ഒന്നിച്ച് പ്രേമിക്കയോ, അപ്പോ തന്‍െറ ലൈന്‍ വേറെയാ.”

“നെനാം സാറ് ഒര്‍ക്കുന്നുണ്ടാ, അന്ന് ലൗലെറ്റര്‍ കിട്ടിയ ഒരുവള്‍ ഞാനാ.” ഓമന ഇടക്കുകയറി ശ്വാസം വിടാതെ പറഞ്ഞു.

“നേരോ, എന്നിട്ടിവിടെ?”

“സാറങ്ങെനെ ഇവിടെ, ആ കഥ ആദ്യം പറ.”

“അതൊരു നീണ്ടകഥയാ!”

“കേക്കട്ടെ.”

അങ്ങനെ ജോലി പോയി നിന്നപ്പം തടഞ്ഞതാ, സാറാക്കുട്ടി! സാറാക്കുട്ടി അമേരിക്കേന്നൊരു വരവ് വന്നു. വയസ് മുപ്പത്. ചന്ദനത്തിന്‍െറ നിറം. സൂര്യന്‍ ഉദിച്ചു വരുന്ന തേജസ്. കാളിദാസന്‍െറ ശകുന്തളയേപ്പോലെ സുന്ദരി. വലിയ നിതംബം. ധാരാളം മുടി.അവ ഉണക്കികച്ചിപ്പുല്ലുപോലെ നിതംബത്തിന് താളമേകുന്നു. പരല്‍ മീന്‍ പോലോടുന്ന വലിയ കണ്ണുകള്‍, അവയെ പൊതിഞ്ഞ നീണ്ട കണ്‍പീലികള്‍. സാരിതലപ്പുകൊണ്ട് തലമൂടി പള്ളീ വന്നപ്പഴാ അവളെ കണ്ടത്. ഞാനും അവളെ ഒന്നുറ്റു നോക്കിപ്പോയി. അവള്‍ ദര്‍ഭമുനകൊണ്ട ശകുന്തളയേപ്പോലെ, ഇടത്തെ കാലുപൊക്കി ഹൈഹീല്‍ഡ്‌ ചെരിപ്പിന്‍െറ വള്ളി നേരെ ഇട്ട് എന്നേം ഒരു തറച്ച് നോട്ടം! വാസ്തവത്തി ഞാനങ്ങു ചൂളിപോയി. എന്‍െറ കൂടൊണ്ടാരുന്ന പെങ്ങളു അന്നക്കുട്ടി പറഞ്ഞു…

“എടാ, നൈനാച്ചാ! നിന്നെ അവളു തറച്ചു നോക്കുന്ന കണ്ടില്ലേ, അവക്ക് നിന്നെ അങ്ങിഷ്ടപ്പെട്ടെന്നു തോന്നുന്നു.”

“പെങ്ങളെ,ഏതാ അവള്?”

“അറിയത്തില്ലിയോ, മൂക്കാംചേരിലെ മത്തായിക്കുട്ടീടെ മൂത്തമോള്!”

“ആ പിത്തശൂല പിടിച്ച പോലിരുന്ന പെണ്ണോ!”

“ങാ,അവളങ്ങു മാറിപ്പോയി, ഇപ്പോ അമേരിക്കേലാ, കെട്ടാം വന്നതാന്നാ കേക്കുന്നെ. നീ ജോലി ഇല്ലാണ്ടു നിക്കുവല്ലിയോ, ഒരരകൈയ്യങ്ങു നോക്ക്, ഇപ്പോ ഇതൊക്കെ ഭാഗ്യക്കുറി പോലാ.”

“വയസ്?”

“എന്‍െറ കൂടെ പഠിച്ചതാ, മുപ്പതു കാണുമെന്നങ്ങു വെച്ചോ!”

“എന്നാലും ഏഴുവയസ് പ്രായവ്യത്യാസം.”

“ങാ, അതൊക്കെ ഇപ്പോ ഒരു ഫാഷനാ, ജീവിക്കാം സൗകര്യോണ്ടേ ആരാ ഇപ്പോ ഇതൊക്കെ നോക്കുന്നെ.”

ചുരുക്കി പറഞ്ഞാല്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ മൂക്കാംചേരിലെ മത്തായിക്കുട്ടീടെ മൂത്തമകള്‍ സാറക്കുട്ടിയുടെ ഗളത്തില്‍ മിന്നുകെട്ടി. അന്നു മുതാലാ എനിക്ക് ശനിദശ തൊടങ്ങീത്. കെട്ടി അമേരിക്കേ ചെന്ന് ഹണീമൂണ്‍ കഴിയും മുമ്പു തന്നെ ശനിദിശ ആരംഭിച്ചു. സര്‍വ്വ അടവും നോക്കി ശുക്രദശ ഉദിക്കാന്‍. എന്നാലത് കണ്ഠക ശനീലോട്ടുള്ള ഒരു കൂപ്പു കുത്തായിരന്നു.

തൊട്ടതിനൊക്ക കുറ്റം. പാചകം ചെച്ചാനറിയത്തില്ല, പാത്രം കഴുകാനറിയത്തില്ല, തറ തൂക്കാനറിയത്തില്ല, ഹാന്‍റീമാന്‍െറ ഒരു ജോലീം അറിയത്തില്ല. എറ്റിക്കേറ്റില്ല, ഉണ്ടാ പാതി മേശല്, ചവച്ചുതുപ്പി മേശേല്. കക്കൂസ് കൊളമാക്കിയിടുക,വാഷ്‌ബേസില് കാര്‍ക്കിച്ചു തുപ്പിയിടുക, ഉണ്ടേച്ച് നീട്ടി ഏമ്പക്കം വിടുക, കീഴ്ശ്വാസം സാഹചര്യം നോക്കാതെ വിടുക. ഒരു മാനേഴ്‌സുമില്ല. കുളിച്ചാല്‍ ജലപ്രളയം. സ്പൂണും, ഫോര്‍ക്കും പിടിക്കാനറിയത്തില്ല. സായിപ്പിനെ കണ്ടാ ഒഛാനിച്ചു നിക്കാനറയത്തില്ല. അങ്ങനെ ഹണീമൂണ്‍ തീരും മുമ്പ് ആ നാടകത്തിനു തിരശ്ശീല വീണു.

മറ്റൊരു ദുര്‍ബല നിമിഷത്തിലതു സംഭവിച്ചു. മനഃപ്രയാസം കൂടി വന്നപ്പം അറ്റ കൈക്ക് അല്പമൊന്നു മദ്യപിച്ചു. അതു കൂടി പോയോന്നറിയത്തില്ല. കൗച്ചേ കിടന്നന്നൊാറങ്ങി പോയി. അവള് ജോലി കഴിഞ്ഞു വന്നപ്പം പറഞ്ഞ ജോലി ഒക്കെ മൊടങ്ങി പോയി, തറ തൊടക്കലും, പാത്രം കഴക്കും. വന്നപാടെ അവള്‍ ഭദ്രകാളിപോല കലിതുള്ളി-

“കാലമാടന്‍ കള്ളുംകുടിച്ച് ചത്തു കെടക്കുന്നു, പറഞ്ഞേല്‍പ്പിച്ച ജോലി ചെയ്യാതെ!” അവള്‍ എന്‍െറ കലേ പിടിച്ച് നിലത്തിട്ടിട്ട് ആക്രോശിച്ചു –

“ഹൈവേ ഓര്‍ മൈവേ”

അന്ന് ഹൈവേലിറങ്ങിയതാ. ദേഷ്യം സഹിക്കാണ്ടായപ്പം അവടെ കരണക്കുറ്റി നോക്കി നാലു പെടപെടച്ചു. അവളു പോലീസിനെ വിളിച്ചു. പോലീസ് ജയിലിലാക്കി. വിചാരണ വന്നു. ഇനി മുതല്‍ താങ്കളുടെ ഭാര്യ സാറക്കുട്ടിയുമായി തനിക്കൊരു ബന്ധവുമില്ല. ആശ്വാസമായി. വയ്യാവേലി തലേന്നൊഴിഞ്ഞല്ലോ? അന്ന് പ്രതിജ്ഞ എടുത്തതാ, ഇനിയും ഒരു പെണ്ണുമായും ഒരു ജീവിതമില്ലെന്ന്.

“ഇനീം ഓമനേടെ കഥ കേക്കട്ടെ!”

“എനിക്ക് വലിയ കഥ ഒന്നുമില്ല സാറെ! സാറ് അന്നു തന്ന പ്രേമലേഖനം തപ്പി എടുത്ത് ആദ്യം വായിച്ചതമ്മയാ, അമ്മ അപ്പന്‍െറ ചെവീലോട്ട് കൊളുത്തി കൊടുത്തു. അന്നത്തെ കാലമല്ലേ! അപ്പന്‍ പറഞ്ഞു നീ ഇനി പഠിക്കാന്‍ പോകണ്ട, പഠിച്ചതു മതി. അങ്ങനിരിക്കെ സുവിശേഷ വേലക്ക് കപ്പലു കയറി പോയ ദാനിയേല് അല്പം പ്രായമായി നാട്ടിവന്നു, ഒരു ലേറ്റ് മാര്യേജിന്. ഓര്‍ക്കണം, ദാനിയേലിന് നാപ്പത്തഞ്ച്, എനിക്ക് പതിനെട്ട്. അപ്പന്‍ പറഞ്ഞത് ഒന്നുമില്ലേലും ദൈവത്തെ പേടി ഒള്ള സുവിഷേകന്‍െറ കൂടെ പാര്‍ത്താ നിനക്ക് അനുഗ്രഹം കിട്ടുമെന്ന്. ഞങ്ങക്കു പള്ളേരൊണ്ടായതുമില്ല, അഞ്ചു വര്‍ഷം കഴിഞ്ഞ് അങ്ങേര് ഹാര്‍ട്ടറ്റാക്കായി മരിക്കുകേം ചെയ്തു.”

“നല്ലതു തന്നെ! നമ്മുക്കിരുവര്‍ക്കും അക്കരെ ഇക്കരെ നിന്ന് സ്വപ്നം കണ്ടാ കൊതി തീരുമോ!”

“എന്തോന്ന്?”

“ഞാനെടുത്ത പ്രതിജ്ഞ ഇരുമ്പൊലക്ക ഒന്നുമല്ലാ, പ്രായമാകുമ്പഴാ, പരസ്പരം ചാരാന്‍ ഏണി വേണ്ടത്.”

“എന്നു പറഞ്ഞാല്‍!”

“നമ്മെുക്കാന്നിക്കാം, ഞാന്‍ അവിടെ വന്ന് പടവലങ്ങാക്കുരു മൊളപ്പിച്ചു തരാം.”

അപ്പോള്‍ സമ്മറിന്‍െറ ആദ്യത്തെ ചൂടുകാറ്റു വീശി. ആ കാറ്റില്‍ ഇരവരുടേയും വശ്യമായ ചിരികള്‍ അലിഞ്ഞുചേര്‍ന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top