കണികാ പരീക്ഷണം; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: വി.സി. സെബാസ്റ്റ്യന്‍

theni_nutrino_760x400തൊടുപുഴ: കണികാ പരീക്ഷണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയിരിക്കുമ്പോള്‍ കേരളത്തിനുള്ളിലൂടെ ഒരു കിലോമീറ്ററോളം പാറ തുരന്ന് ഭൂഗര്‍ഭ അറ സൃഷ്ടിച്ചുള്ള പ്രക്രിയയില്‍ സംസ്ഥാന നിലപാട് വ്യക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ന്യൂട്രീനോ കണികയെ കേരളത്തിന്‍റെ മതികെട്ടാന്‍ ചോലയ്ക്കു സമീപം 1300 അടി താഴ്ചയില്‍ പൊട്ടിപ്പുറത്തുനിന്നും 2.5 കി.മീ.നീളത്തില്‍ പാറതുരന്ന് ഗുഹയുണ്ടാക്കി കടത്തിവിട്ട് പ്രത്യേക അറയിലാണ് പരീക്ഷണശാല. 132 മീ.നീളവും 26മീ.വീതിയും 30മീ.ഉയരവുമുള്ളതാണ് പരീക്ഷണശാലയെന്നറിയുന്നു. 2.5 കിലോ മീറ്ററില്‍ ഏതാണ്ട് ഒരു കിലോ മീറ്ററോളം കേരളത്തിനുള്ളില്‍കൂടിയാണ്. 2010 ഒക്ടോബര്‍ 9ന് കണികാപരീക്ഷണത്തിന് അംഗീകാരം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരാണ്. ഇക്കാലയളവിലാണ് പശ്ചിമഘട്ടത്തെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവച്ച് ഗാഡ്ഗില്‍ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.

Kanika-pareekshanamഒരു വര്‍ഷം മുമ്പ് കണികാപരീക്ഷണത്തിനുള്ള പരിസ്ഥിതി അനുമതി ഹരിതട്രൈബ്യൂണലിന്‍റെ ചെന്നൈ ബഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ തമിഴ്നാട് പരിസ്ഥിതി അവലോകനസമിതിയുടെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്ര പരിസ്ഥിതി വിദഗ്ദ്ധസമിതി 2018 മാര്‍ച്ച് 5ന് നിര്‍ത്തിവച്ച കണികാപരീക്ഷണപദ്ധതി പുനരാരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി തുടരുവാന്‍ കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതേ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തന്നെയാണ് ഈ പ്രദേശമുള്‍ക്കൊള്ളുന്ന പശ്ചിമഘട്ടം പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്. പാറപൊട്ടിച്ച് ഭൂമി തുരന്ന് നടക്കുന്ന കണികാപരീക്ഷണത്തിന് മുകളില്‍ ഭൂപരപ്പില്‍ പരിസ്ഥിതിലോലം സൃഷ്ടിച്ച് ജനങ്ങളെ കുടിയിറക്കി വനവല്‍ക്കരണം ലക്ഷ്യംവെച്ച രാജ്യാന്തര ഗൂഢാലോചനയാണ് ജനങ്ങളുടെ ശക്തമായ എതിര്‍പ്പും തിരിച്ചറിവും മൂലം ഇതുവരെയും ലക്ഷ്യംകാണാതെ പോയത്.

ഗാഡ്ഗില്‍ പദ്ധതി രൂപീകരണത്തില്‍ പങ്കാളികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ 22 ഭാഗങ്ങളില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതി സംഘടനയാണ് 8 ലക്ഷം ടണ്‍ പാറ 1000 ടണ്‍ ജലാറ്റിന്‍ ഉപയോഗിച്ച് പൊട്ടിക്കുന്ന കണികാപരീക്ഷണശാലയുടെ പരിസ്ഥിതി ആഘാതപഠനം നടത്തിയിരിക്കുന്നതെന്നതും വിരോധാഭാസമാണ്. പ്രധാനമായും കേരളത്തിലെയും തമിഴ്നാട്ടിലെയും മൂന്നുജില്ലകളെ കണികാപരീക്ഷണകേന്ദ്രം പ്രതികൂലമായി ബാധിക്കുമെന്നു സൂചനകളുണ്ട്. പരീക്ഷണശാലയുടെ 50 കി.മീ. ചുറ്റളവില്‍ 12 പ്രധാന ജലസംഭരണികളുണ്ട.് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 50 കിലോമീറ്ററും ഇടുക്കി ഡാമില്‍ നിന്ന് 30 കിലോമീറ്ററുമാണ് അകലം. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment