പ്രണയഗായകന്റെ അക്ഷരക്കൊയ്ത്ത് (ഭാഗം ഒന്ന്)

Akshara banner1(സുധീര്‍ പണിക്കവീട്ടലിന്റെ അക്ഷരക്കൊയ്ത്ത് എന്ന കവിതാ സമാഹാരം – ഒരു അവലോകനം)

ആധുനിക കവിതകള്‍ വായിക്കുമ്പോള്‍, അവ രചിക്കുന്ന കവികള്‍ക്കുപോലും പിടികിട്ടാത്ത ദുരൂഹതയിലാണോ ഇന്നത്തെ കവിതാലോകം മാറിക്കൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ ഒറ്റ നോട്ടത്തില്‍ തെറ്റിദ്ധരിച്ചേക്കാം. മുന്‍കാലങ്ങളിലെ കവിതകള്‍ വായിക്കുന്നത് വായനക്കാരന്റെ മസ്തിഷ്‌ക്കത്തിനു അദ്ധ്വാനം തരുന്നില്ലെന്ന് മാത്രമല്ല, അവ വായിച്ച് ഹൃദിസ്ഥമാക്കാന്‍ എളുപ്പവുമായിരുന്നു. അത്തരം കവിതകളുടെ വരികള്‍ അനുവാചക മനസ്സുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. കാലങ്ങളെ അതിജീവിച്ച് അവ നിലകൊള്ളുന്നു. ഒന്നിനും സമയമില്ല എന്നു മുറവിളികൂട്ടുന്ന ഇന്നത്തെ തിടുക്കക്കാര്‍ക്ക് രചനകള്‍ പുനര്‍വായനക്ക് വിധേയമാക്കാനും ദുരൂഹതകളുടെ ഇഴകള്‍ വേര്‍പെടുത്താനും മറ്റും സമയമെവിടെ? വായനക്കാരുടെ എണ്ണം കുറഞ്ഞുപോകുന്നത് ആധുനികതയുടെ പൊയ്മുഖം അവരെ വിഷമിപ്പിക്കുന്നതുകൊണ്ടുകൂടിയാകാം. ഈ പശ്ചാത്തലത്തിലാണ് നേരെ ചൊവ്വെ മനസ്സിലാവുന്ന വിധത്തിലുള്ള ആഖ്യാനരീതിപുലര്‍ത്തുന്ന സരളലളിതമായ കവിതകളുടെ പ്രസക്തി.

ഏകദേശം രണ്ടര പതിറ്റാണ്ടുകളായി അമേരിക്കന്‍ മലയാളികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സര്‍ഗ്ഗപ്രതിഭയാണ് ശ്രീ.സുധീര്‍ പണിക്കവീട്ടില്‍. പ്രവാസമലയാള സാഹിത്യ നിരൂപണമേഖലയിലെ ആദിമഗ്രന്ഥമെന്നു വിശേഷിപ്പിക്കാവുന്ന ‘പയേറിയയിലെ പനിനീര്‍പൂക്കള്‍’ ഇദ്ദേഹം 2012 ല്‍ പ്രസിദ്ധീകരിച്ചു. മുമ്പ് പ്രസിദ്ധീകരിച്ച തന്റെ 76 കവിതകള്‍ സമാഹരിച്ച് ‘അക്ഷരക്കൊയ്ത്ത്’ എന്ന സമാഹാരം 2017 ല്‍ പ്രസിദ്ധപ്പെടുത്തി. പുസ്തകപ്രകാശരംഗത്ത് ചിലര്‍ മൂന്നും മുപ്പതും തവണ ഒരേ പുസ്തകം പലയിടങ്ങളിലായി പ്രകാശകര്‍മ്മം നടത്തുമ്പോള്‍ ഈ എഴുത്തുകാരന്‍ തന്റെ അഭ്യുദയകാംക്ഷികള്‍ക്ക് നേരിട്ടും തപാല്‍ മുഖേനയും വിതരണം ചെയ്ത് പുസ്തകപ്രകാശനരംഗത്തും, പുതുമ സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ സഹൃദയനും വളരെയധികം സുഹൃദ്വലയവുമുള്ള സുധീര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന കാര്യത്തില്‍ വിമുഖനാണെന്നുള്ളത് ഒരു വിരോധാഭാസം തന്നെ.

“അക്ഷരക്കൊയ്ത്ത്” എന്ന ശീര്‍ഷകത്തില്‍ നിന്നൂഹിക്കാം കവിയുടെ സാഹിത്യോപാസനയുടെ വ്യുല്‍പ്പത്തി. പൈതൃക പ്രേരിതമാവാം ഈ സാഹിത്യാഭിരുചി. ‘മുത്തശ്ശി നല്‍കിയ സ്‌നേഹവാത്സല്യങ്ങളില്‍ അച്ഛന്റെ ശബ്ദത്തില്‍ കേട്ട കവിതയില്‍’, കവിതയെ കണ്ടു എന്ന സമര്‍പ്പണം തന്നെ മുന്‍പ്രസ്താവനയെ സാധൂകരിക്കുന്നു. സാഹിതീതല്ലജത്തിന്റെ ബീജാവാപം പൈതൃകമോ നൈസര്‍ഗ്ഗികമോ ആകട്ടെ, അത് നട്ടുവളര്‍ത്തി നല്ല പ്രയത്‌നം ചെയ്താലേ നൂറുമേനി വിളയിച്ച് കൊയ്‌തെടുക്കുവാന്‍ സാദ്ധ്യമാവൂ. ഈ കവി-കര്‍ഷകനും ചെയ്തിരിക്കുന്നത്, സാഹിത്യലോകത്ത് ഒരു കൊയ്ത്ത് തന്നെ, എന്നതിനാല്‍ ശീര്‍ഷകം അനുയോദ്യമായിരിക്കുന്നു. കാവ്യരചന എല്ലാവര്‍ക്കും വഴങ്ങുന്ന ഒന്നല്ല. കവിതയെഴുത്തിനു ‘നാന ന’ യുടെ(നാന എന്ന മാസികയല്ല) വരദാനം വേണ്ടുവോളം വേണം. ‘നാ നാ’യ്ക്ക് ആലോചന, ഭാവന, ഉപാസന, രചന എന്നീ നാലു പ്രതിഭാസങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.

കൈരളിയുടെ താളുകളില്‍ വന്ന “പ്രിയമുള്ളവള്‍” എന്ന കവിതയിലെ “നിന്‍ തളിര്‍ ചുണ്ടില്‍ നിന്നും ആദ്യമായ് സ്‌നേഹത്തിന്റെ ഗംഗയാറൊഴുകുമോ എന്നിലെ ദാഹം തീര്‍ക്കാന്‍”, “ദിവ്യമാം പ്രേമത്തിന്റെ താമരത്തണ്ടും കൊത്തി നീ പറന്നെത്തീടുകെന്‍ രാജഹംസമേ വേഗം”, എന്ന വരികള്‍ വായിച്ച്, ഈ ലേഖകന്‍ സുധീറിനെ പ്രവാസികളുടെ പ്രവാസികളുടെ പ്രണയഗായകനെന്ന് വിശേഷിപ്പിച്ചത് ഓര്‍ത്തുപോകുന്നു. ആ വിശേഷണമാണു ഈ ലേഖനത്തിനു തലക്കെട്ടായി നല്‍കിയിരിക്കുന്നത്.

ആപ്പിള്‍ വീഴുന്നത് എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും, സര്‍ ഐസക്ക് ന്യൂട്ടന്‍ അതു കണ്ടപ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ തത്വം കണ്ടുപിടിച്ചു. വസന്താഗമത്തില്‍ കിളികളുടെ പാട്ടും. കിളികള്‍ ജാലകവാതിക്കല്‍ പ്രത്യക്ഷപ്പെടുന്നതും, ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചേടത്തോളം, പ്രകൃതിയില്‍ പതിവായി കാണുന്ന സര്‍വ്വസാധാരണ സംഭവം മാത്രം. എന്നാല്‍ ജനലില്‍ ഒരു പൂങ്കുയില്‍ വന്നിരുന്നപ്പോള്‍, സുധീറിന്റെ കവിമനസ്സ് ചിറക് വിരിക്കാന്‍ തുടങ്ങി. ഏതോ കോകില കന്യകയില്‍ മോഹിതനായി, രാവും പകലും രാഗമാലിക പാടി നടക്കുന്ന ഒരു കാമുകനായി, കുയിലിനെ കവി കാണുന്നു. പഞ്ചമഗീതങ്ങള്‍ പാടിയിട്ടും, ഒരു കുയിലിണപോലും ഗൗനിക്കാതെ, ഭഗ്നോത്സാഹിതനായ പാവം പക്ഷി കവിയോട് ഒരു പ്രണയലേഖനം എഴുതിക്കൊടിക്കാന്‍ ആവശ്യപ്പെടുന്നതായി കവി കരുതുന്നു. മല്ലീശ്വരന്റെ ആവനാഴികള്‍ തന്റെ കൈവശമുണ്ടെന്നും കവി വിശ്വസിക്കുന്നു. പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്നത് പ്രണയമെന്ന വികാരം കൊണ്ടാണെന്നു ചിന്തിക്കയാണോ കവി?

ഈ കവിതാ സമാഹാരത്തില്‍, മുക്കാലേ മുണ്ടാണി കവിതകളും പ്രണയനിര്‍ഭരങ്ങളാണ്. പ്രണയം മനുഷ്യജീവിത്തതില്‍ എപ്പോഴും പ്രകടമാകുന്ന ഒരു വികാരം തന്നെ, കഠിനമായ പ്രണയം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുണ്ട്. കൊലക്കയറില്‍ നിന്നും ജീവന്‍ തിരിച്ചപിടിച്ചവരുണ്ട്; സിംഹാസനങ്ങള്‍ നേടിയവരും, നഷ്ടപ്പെടുത്തിയവരും, നഷ്ടപ്പെട്ടവരുമുണ്ട്. പ്രണയത്തെപ്പറ്റി കവി പാടുന്നത് അതുകൊണ്ടൊക്കെയയാരിക്കാം. അമേരിക്കന്‍ മലയാളസാഹിത്യത്തില്‍, പ്രണയത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതിയ കവിയെന്നു സുധീറിനെ വിശേഷിപ്പിക്കാം. മലയാള ചലച്ചിത്രഗാനങ്ങളില്‍ അതീവ തല്പരനായ ഇദ്ദേഹത്തിന്റെ കാവ്യസമാഹാരത്തില്‍ ഗാനശകലങ്ങളുടെ പ്രസരം കാണുന്നതില്‍ അതിശയിക്കാനില്ലല്ലോ.

ആമുഖത്തില്‍ കവി തന്നെ പറയുന്നുണ്ട് “കവിത എനിക്കെന്നും കാമിനിയാണ്. എനിക്കപ്രാപ്യമായ തലത്തില്‍ എന്നെ മോഹിപ്പിച്ചുകൊണ്ട് ഇടക്കെല്ലാം പ്രത്യക്ഷപ്പെടുന്ന ഒരു സൗന്ദര്യദേവത, എന്നൊക്കെ. സാധാരണ ജീവിതത്തില്‍, വാമഭാഗത്തേയും, പ്രണയിനിയേയും ഒരേപോലെ സംപ്രീതരാക്കി മുന്നോട്ട് പോവുക ദുഷ്‌കരമായതിനാലാണല്ലോ, പലര്‍ക്കും ഒരാളെ ത്യജിച്ച്, മറ്റേയാള്‍ക്ക് അടിയറ പറയേണ്ടി വരുന്നത്. പക്ഷെ, ഈ പ്രണയശില്‍പ്പിക്ക് രണ്ടു ദേവതകളേയും പിണക്കാതെ, ഇണക്കാനുള്ള കഴിവുള്ളതായി കാണുന്നു. അക്ഷരക്കൊയ്ത്തിലെ കവിതകളിലൂടെയുള്ള പ്രയാണം ഒന്നു വ്യക്തമാക്കുന്നുണ്ട്; ഈ പുഞ്ചപ്പാടത്തിലെ വിളവുകള്‍ നിത്യകാമുകനായ ഈ കര്‍ഷകന്റെ അനുരാഗവായ്പ്പുകളാകുന്ന ജൈവവളക്കൂറില്‍ നിന്നും പുഷ്ടിപ്രാപിച്ച് ഉരുത്തിരിഞ്ഞുണ്ടായ നെന്മണികള്‍ കൊയ്ത്തിനൊപ്പം ഗീതകങ്ങളായി രൂപാന്തരം പ്രാപിച്ചുപോയോ എന്ന് അനുവാചകര്‍ക്ക് സന്ദേഹമുണ്ടാകാം. ഇതു നമുക്ക് ഒരു മരീചികാനുഭൂതി നല്‍കുന്നു. ഉപാസന എന്ന കവിതയിലെ, “നിലം പൂട്ടുന്ന കര്‍ഷകന്‍ പാടുന്ന പാട്ടിലും കൗമാരമോഹതുടുപ്പിന്‍ തരിപ്പിലും കണ്ടു ഞാന്‍ കവിതയെ ഭാവാക്ഷരങ്ങളെന്‍ തൂലിക തുമ്പിലുതിര്‍ത്തുന്ന ദേവിയെ” എന്നീ പരാമര്‍ശങ്ങള്‍, കവിയുടെ കാവ്യദേവതയോടുള്ള ഉപാസനയും ആരാധനയും വ്യക്തമാക്കുന്നുണ്ട്. അതുപോലെ “കവിയുടെ ഘാതകരില്‍” പാടുന്നു, “കാവ്യാനുരാഗവിവശനായ് കൈരളീ ദേവിക്കനുദിനം പൂജ ചെയ്തീടിലും ആരുമറിയാതൊരജ്ഞാത കോണിലൊതുങ്ങികഴിയാന്‍ കൊതിച്ചവനീ കവി.”

“നിന്മിഴിയിതളിലെ മദജലകണങ്ങളില്‍ എന്നഭിലാഷങ്ങള്‍ അലിയുമെങ്കില്‍, അപ്സരസ്സേ, നിന്റെ താരുണ്യതനുവിന്മേല്‍ അനുരാഗ കവിത ഞാന്‍ കുറിക്കുമല്ലോ, കുപ്പിവളകള്‍ നാണം കുണുങ്ങി ചിരിക്കുന്ന കുളിരുള്ള രാവുകള്‍ പിണങ്ങുമെങ്കില്‍ പൊന്നാടയണിഞ്ഞു നീ പുളകങ്ങള്‍ വിതറുന്ന പൂമെത്ത നിവര്‍ത്തി നാമുറങ്ങുമല്ലോ” (അഭിലാഷങ്ങള്‍) എന്നീ വരികള്‍ വായിക്കുമ്പോള്‍ അനുരാഗക്കളരിയില്‍ പയറ്റിത്തെളിഞ്ഞ ഒരു പ്രണയഗായകന്റെ ഭാവനാവിലാസം ചിറകു വിടര്‍ത്തി വായനക്കാരേയും തന്നോടൊപ്പം ആകാശഗംഗയില്‍ വിഹരിക്കാന്‍ കൂടെ കൂട്ടുന്നു. അതെ, “മലരമ്പിന്‍ മുന കൊണ്ട് മുറിയുന്ന നോവിന്റെ സുഖമോര്‍ത്ത് ഞാനാകെ തരിച്ചിരിക്കും, മന്ത്രകോടിയണിയിച്ച നിമിഷങ്ങള്‍ എന്റെ മുന്നില്‍ നിറഞ്ഞു നില്‍ക്കേ കതിരിട്ട സ്വപ്നങ്ങള്‍ വിടരുന്ന വിരിമാറില്‍ തല ചായ്ച്ച് ഒന്നുറങ്ങാന്‍ ഞാന്‍ കൊതിച്ചിരിക്കും.” എന്നീ വര്‍ണ്ണനകള്‍ ലാളിത്യ ഭംഗികൊണ്ടും, കലവറയില്ലാത്ത സുതാര്യത കൊണ്ടും, മധുവിധു ആഘോഷിക്കാന്‍ ഭാഗ്യദേവത കടാക്ഷിച്ചിട്ടുള്ള എല്ലാ പ്രണയ ജോഡികളേയും, സ്മൃതിമണ്ഡലത്തിലെങ്കിലും ഒരു പുനരാവര്‍ത്തന സുഖാനുഭൂതിയിലേക്ക് ആനയിക്കാന്‍ പര്യാപ്തങ്ങളാണ്. മുഗ്ധമായ ഭാവനാവിലാസത്തില്‍, വായനക്കാരനേയും ആറാടിക്കുന്ന കാവ്യ സൗഭഗം ഒന്നു വേറെ തന്നെ.

(തുടരും)

Print Friendly, PDF & Email

Related News

Leave a Comment