Flash News

പ്രണയഗായകന്റെ അക്ഷരക്കൊയ്ത്ത് (ഭാഗം രണ്ട്)

April 14, 2018 , ഡോ. നന്ദകുമാര്‍ ചാണയില്‍

akshara part 2-1പാലൊളി തൂകും ചിരിയുമായി കുഞ്ഞിളം ചുണ്ടിലൊലിച്ചിറങ്ങും (ഒരു നെഞ്ചുവേദനയുടെ കഥ) സങ്കല്‍പ്പലോകത്തില്‍ സഞ്ചരീച്ചീടവേ'(കവിയുടെ ഘാതകര്‍) എന്നീ വരികള്‍ നമ്മുടെ പ്രിയപ്പെട്ട കവി വള്ളത്തോളിന്റെ കവിതകളിലെ ശബ്ദസൗകുമാര്യത്തെ ഒരു ചെറിയ തോതിലെങ്കിലും ഓര്‍മ്മിപ്പിക്കുന്നു.(വയാഗ്രയും, നീലിയും നളിനനും, കവിയുടെ ഘാതകര്‍, ഒരു നെഞ്ചുവേദനയുടെ കഥ.) ഞാന്‍ പാലാക്കാരന്‍’, എന്ന കവിതയില്‍, പാലുപോലുള്ളവര്‍ പാലാക്കാര്‍ ഇത്തിരി വെള്ളം ചേര്‍ത്താലും നിറം തീരെ മങ്ങാത്തോര്‍’, ഈ വരികളിലെ ദ്വയോക്തികളും നര്‍മ്മവും വായനക്കാരെ രസിപ്പിക്കുന്നതിനോടൊപ്പം ചിരിപ്പിക്കാനും വഴിയൊരുക്കുന്നു.

അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായി പിറന്ന യേശുദേവന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി പൊതുജനം ദുര്‍വ്യയം ചെയ്യുന്ന ദുരവസ്ഥയെ, ‘ആട്ടവും പാട്ടുമീ ആര്‍ഭാടവും കൊള്ളാം, നിര്‍മ്മലമാക്കിയോ നിങ്ങള്‍ മനസ്സിനെ? അന്നമില്ലാതെ വലയും ദരിദ്രന്മാര്‍ക്കഷ്ടിക്ക് വല്ലതും നിങ്ങള്‍ കൊടുത്തുവൊ? സ്‌നേഹമാണീശ്വരന്‍ എന്നറിഞ്ഞോ? നിങ്ങള്‍ ചിത്തത്തില്‍ വാഴുമാ ദേവനെ കണ്ടുവോ?’ എന്നീ അര്‍ത്ഥപൂര്‍ണ്ണമായ ചോദ്യശരങ്ങളിലൂടെ ആര്‍ദ്രചിത്തനായ കവി തന്റെ അനുകമ്പയും ദയയും തുറന്നുകാട്ടുന്നു. ഒപ്പം തന്നെ എന്റെ നാമത്തില്‍ കൊളുത്തും വിളക്കുകള്‍, തോരണം ചാര്‍ത്തുന്ന വീഥികള്‍, മേളങ്ങള്‍ നിഷ്ഫലമാണെന്നറിയുക നിങ്ങളില്‍ നിങ്ങളെ തന്നെ അറിയാതിരിക്കുകില്‍’ എന്നു കവി പാടുമ്പോള്‍, നിഷേധാത്മകതയെ ഉണ്മയാക്കി മാറ്റുന്ന സൂചന, തന്നെ താന്‍ അറിയുവിന്‍, അല്ലെങ്കില്‍ അത് നീയാണെന്ന,(തത്വമസി) എന്ന വലിയ ദാര്‍ശനിക സന്ദേശം കവി വായനക്കാര്‍ക്ക് നല്‍കുന്നു.

ഭാഷാസ്‌നേഹം, ദേശസ്‌നേഹം, ആഘോഷങ്ങള്‍, ആദര്‍ശവനിത, സാഹിത്യപ്രതിഭ, സാംസ്‌കാരികസംഘടനകള്‍, സ്ത്രീ, പ്രണയം, പ്രകൃതി, എന്നിങ്ങനെ നിരവധി പ്രമേയങ്ങള്‍, കൊയ്തുകൂട്ടി ഉണക്കിസംഭരിച്ചുവച്ചിരിക്കുന്ന ഈ കവിതാപത്തായത്തിലുണ്ട്. പല കവിതകളിലും തുളുമ്പി നില്‍ക്കുന്ന സുധീറിന്റെ ശൃംഗാരഭാവനകളിലൂടെ കടന്നുപോകുമ്പോള്‍ ഈ ലേഖകനു ഓര്‍മ്മ വരുന്നത് അനശ്വരനായ വൈലോപ്പിള്ളിയുടെ ‘വസന്തം’ എന്ന കവിതയിലെ, ‘പൂന്തേന്‍ കുടിപ്പാന്‍ പുറപ്പെട്ടതോരാതെ നീന്തുണ ശൃംഗാരസാഗരത്തില്‍!’ എന്ന വണ്ടുകളുടെ ആത്മഗതമാണ്. ‘കൊതിയോടെ കാത്തിരിപ്പൂ’എന്ന കവിതയിലെ ‘മറക്കാനാവില്ലെന്നെ മരണം ഗ്രസിച്ചാലും ദേവ ദേവ നീയെന്റെ പ്രാണനില്‍ തിളങ്ങുന്നോര്‍’ എന്ന വരികള്‍ വൈലോപ്പിള്ളിയുടെ ‘കന്നിക്കൊയ്ത്തിലെ, ഹാ വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്്ത്താന്‍’ എന്ന ശാശ്വത സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു.

‘ഒരു നെഞ്ചുവേദനയുടെ കഥയില്‍’ ‘വൈദ്യന്മാര്‍ തീര്‍ക്കുന്ന വ്യാധിയല്ലാത സുഖങ്ങളില്ലെനിക്കന്നുമിന്നും’ എന്ന പ്രസ്താവനയിലൂടെ കീശയില്‍ നോട്ടമിടുന്ന ആധുനിക ഭിഷഗ്വരന്മാര്‍ രോഗമില്ലാത്തവനെ രോഗമുള്ളവനാക്കി അനാവശ്യകീറിമുറിക്കല്‍ നടത്തുന്ന ദുര്‍മ്മോഹികളുടെ വാര്‍ത്തകള്‍ നമുക്ക് ചുറ്റും നടമാടുന്നത് ഓര്‍മ്മയിലെത്തുന്നു. പിന്നെ, അച്ഛന്റെ ചിത്രത്തില്‍ തൊട്ടുനോക്കി ചിത്രമാണെങ്കിലും അവിടെയപ്പോള്‍ ആത്മബന്ധത്തിന്റെ ചരടഴിഞ്ഞു.’ ഇവിടെ നാം ആത്മബന്ധത്തിന്റെ ബന്ധനത്തിന്റെ കുരുക്കഴിക്കുന്ന, ഹൃദയസ്പൃക്കായ വിവരണം ഒരു ചിത്രകാരന്റെ വിരുതോടെ, കവി നമുക്ക് കാണിച്ച് തരുന്നുണ്ട്. കവിയും കലാകാരനും ഒന്നിക്കുന്ന വിചിത്രസംഗമമെന്നല്ലാതെന്തു പറയാന്‍! തുടര്‍ന്നു ‘വൈദ്യശാസ്ത്രത്തിനു ആത്മബന്ധം അളക്കാന്‍ അളവു കോലൊന്നുമില്ലതാനും’ എന്ന നഗ്നസത്യം വിളിച്ചുപറയുമ്പോള്‍ ഹാസ്യോക്തികളിലൂടെ അപ്രിയ സത്യങ്ങള്‍ പറയാനുള്ള ചങ്കൂറ്റം ഈ കവി കാണിക്കുന്നു.

‘സ്വപ്‌ന സുന്ദരിയിലെ’ രണ്ടു വരികളെക്കുറിച്ച് പ്രതിപാദിക്കാതിരുന്നാല്‍ ഈ അപൂര്‍ണ്ണാസ്വാദനത്തിന്റെ അപൂര്‍ണ്ണതക്കായിരിക്കും മികവെന്നതിനാല്‍ പറയാതിരിക്കാന്‍ വയ്യ. മനസ്സറിയാതെ നാം ചോദിച്ച ചോദ്യങ്ങള്‍, മൗനങ്ങള്‍ നല്‍കിയ മറുപടികള്‍’ എന്നു കവി ഉരിയാടുമ്പോള്‍, വിരുദ്ധോക്തികളിലൂടെ കവി പറയാതെ പറയുന്ന വാചാലതയുടെ ചിത്രം അവര്‍ണ്ണനീയം തന്നെ.

പ്രവാസികളുടെ ഈ പ്രണയഗായകനെ, മുഖ്യധാരയിലെ ഏതു കവിയുമായി താരതമ്യതുലനം ചെയ്യാമെന്ന വിലയിരുത്തല്‍, മാന്യവായനക്കാരുടെ ഊഹാപോഹങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് ഈ ലേഖകനു ഹിതം. പുസ്തകത്തിന്റെ പിന്‍ ചട്ടയില്‍ ഒരു സൂചനാ വരിയുണ്ട്.’ ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകുംവിധം രചന നിര്‍വ്വഹിച്ചിട്ടുള്ള ഇതിലെ കവിതകള്‍ ആധുനികതയോട് അകലം പാലിച്ചുകൊണ്ട് കല്‍പ്പനയുടെ പടവുകളിലൂടെ അനുരാഗലോലരായ് കയറിപോകുന്നു എന്ന്. ശരിയാണ് കവേ, ഈ ലേഖകന്‍ ആരംഭത്തില്‍ സൂചിപ്പിച്ചപോലെ ദുരൂഹമായ ആധുനിക കവിതകള്‍ വായിച്ച് ആഗിരണം ചെയ്യുമ്പോഴുള്ള ആയാസം ഓര്‍ത്താല്‍, സുധീര്‍ കവിതകള്‍ വായിച്ചു രസിക്കാന്‍ വിഘാതങ്ങളേതും നല്‍കുന്നില്ല. അത്ര ഋജുവും സരളകോമളമായ ഭാഷയുമാണ് ‘അക്ഷരക്കൊയ്ത്തി’ ന്റെ സവിശേഷത എന്നു എടുത്തു പറയാതിരിക്കാന്‍ വയ്യ. വശ്യമായ ആഖ്യാനശൈലിയും, ചാരുതയാര്‍ന്ന എന്നാല്‍ ചടുലമായ ഭാഷാസ്വാധീനവും ഈ അനുഗ്രഹീത കവിയെ മലയാളവായനക്കാരുടെ ജനപ്രിയ എഴുത്തുകാരനാക്കിയത്് വിദേശമലയാളികളുടെ പുണ്യമെന്നല്ലാതെന്തു പറയാന്‍? ഒരു സാഹിത്യകാരന്‍ അക്ഷരങ്ങളിലൂടെ അനുവാചകര്‍ക്ക് നല്‍കുന്ന അനുഭൂതിയെ വെല്ലാന്‍ ഈ ദുനിയാവില്‍ മറ്റെന്താണുള്ളത്? സര്‍ഗ്ഗപ്രതിഭാധനനായ സുധീറില്‍ നിന്നും അനര്‍ഗ്ഗളമായ കവിതാപ്രവാഹം ഉണ്ടായിക്കൊണ്ടേയിരിക്കാന്‍ വാഗ്‌ദേവത പ്രസാദിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സര്‍വ്വ മംഗളങ്ങളാശംസകളും അദ്ദേഹത്തിനു നേരുന്നു.

ശുഭം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top