Flash News

പെണ്‍ ശരീരങ്ങള്‍ ആയുധമാക്കി നടത്തുന്ന അധമ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം; വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നോക്കുകുത്തികളോ?!

April 15, 2018 , ജയ് പിള്ള

VOTINGക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആസിഫാ എന്ന പിഞ്ചുകുഞ്ഞിന്റെ ചിത്രം ചേര്‍ത്ത് പോസ്റ്ററുകള്‍ പതിച്ചു ഇടതുമുന്നണി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ന്യായീകരിക്കുവാന്‍ കഴിയില്ല. അത് മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതും, ശക്തമായ നടപടികളെടുക്കേണ്ടതുമായ ഗുരുതരമായ വിഷയമാണ്. ശോഭനാ ജോര്‍ജിനെപ്പോലെയുള്ള വനിതകള്‍ പ്രവർത്തിക്കുന്ന ചെങ്ങന്നൂര്‍ ഇടതു രാഷ്ട്രീയം ഇത്രയും തരംതാണ പ്രചരണം നടത്തുമ്പോള്‍ നാട്ടിലുള്ള പിഞ്ചുകുട്ടികള്‍ക്കും, അമ്മമാര്‍ക്കുമിടയിലേക്ക് ഭീതി അഴിച്ചു വിടുകയും, മനുഷ്യ മനസ്സുകളില്‍ ജാതി മത സ്പര്‍ദ്ധ വളര്‍ത്തുകയുമാണ് ചെയ്യുന്നത്. കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരും, പ്രതിപക്ഷ പാര്‍ട്ടി യു ഡി എഫും, ഇതുപോലുള്ള ഫോട്ടോ പതിച്ച തരം‌താണ നീച പ്രവര്‍ത്തനങ്ങളെ ഒഴിവാക്കേണ്ടത് സ്വന്തം പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കും. അങ്ങിനെ ഒന്ന് ഇല്ല എങ്കിലും സ്വയം ആശ്വസിക്കാം അവര്‍ക്ക്.

ലോക്കപ്പില്‍ അടിയന്തിരാവസ്ഥയെ വെല്ലുന്ന കൊലപാതകങ്ങള്‍, അമ്മമാരുള്ള വീടുകളില്‍ കടന്നുകയറി നടത്തുന്ന ബലാത്സംഗങ്ങള്‍, കൊള്ള, കൊലപാതകം, ആള് മാറി ജനങ്ങളെ കൊന്നു കൊല വിളിക്കുന്ന പോലീസ്, ആദിവാസികള്‍ പട്ടിണിയില്‍ മരിക്കുന്ന കേരളം, വനത്തില്‍ കഴിയുന്ന ആദിവാസികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ നഗരത്തിലെ പാര്‍ട്ടി ഭക്ഷണശാല എന്ന വ്യാജ രാഷ്ട്രീയം, ചികിത്സ നല്‍കാന്‍ തയ്യാറാവാത്ത ഡോക്ടര്‍മാരുടെ അനധികൃത സമരങ്ങള്‍, പെൻഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്ത കേരളത്തിലെ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ കഥകള്‍, അന്യ ദേശ തൊഴിലാളികള്‍ നടത്തുന്ന ഭവന ഭേദനം, ബലാത്സംഗങ്ങള്‍, കേരളത്തിലെ വിലക്കയറ്റം, നഴ്സുമാര്‍ നടത്തുന്ന ന്യായമായ അവകാശ സമരങ്ങൾ, കേരളത്തിലെ പനി മരണങ്ങള്‍, ഇടതു വലതു പാര്‍ട്ടികള്‍ നടത്തുന്ന സ്വാശ്രയ കൊള്ളകള്‍, കേരളത്തെ പട്ടിണിയിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന പുതിയ മദ്യ നയങ്ങള്‍, ആലപ്പുഴയിലും, ഇടുക്കിയിലും, വയനാട്ടിലും, പാലക്കാട്ടും കമ്യൂണിസ്റ്റ് പാർട്ടികള്‍ നടത്തിയതും, നിരന്തരം നടത്തുന്നതുമായ വനം കൊള്ള, സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍, വിദേശങ്ങളില്‍ പിണറായിയുടെയും കൊടിയേരിയുടെയും മക്കള്‍ നടത്തുന്ന പണമിടപാടുകള്‍, നെല്‍കൃഷിയില്‍ തകര്‍ന്ന കാര്‍ഷിക കേരളം, നാളികേര, റബ്ബര്‍ വിലയിടിവുകള്‍, മന്ത്രിമാരും എം എല്‍ എ മാരും നടത്തുന്ന ചികിത്സാ ധൂര്‍ത്തും ചികിത്സാ ചെലവുകളും, മുണ്ടു മുറുക്കി എല്ലു നുറുങ്ങിയ കേരള ജനതയും യുവ നേതാക്കളെ സാമൂഹിക പ്രവര്‍ത്തകരെ തെരുവില്‍ കൊല്ലാതെ കൊന്നും, കൊന്നും നടത്തുന്ന ഇടതിന്റെ കൊലപാതക പരമ്പര, പള്ളിക്കും, പണക്കാരനും വേണ്ടി വളയുന്ന ഹൈവേയുടെ വികസനം, കരിയോയിലില്‍ മുക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപികയെ പരസ്യമായി അപമാനിക്കുന്ന എസ് എഫ്ഐ യുടെ കോളേജ് രാഷ്ട്രീയം, ലോ അക്കാദമിയിലെ പരസ്യ അഴിമതിയും ഇടതിന്റെ കള്ളക്കളിയും, ഗര്‍ഭിണിയെ ചവിട്ടി കുഞ്ഞിനെ കൊല്ലുന്ന കമ്യൂണിസ്റ് ബ്ലോക്ക് നേതാക്കള്‍, ആശ്രിത നിയമനങ്ങള്‍, മുഖ്യന്റെ ധൂര്‍ത്തും ഹെലികോപ്റ്റര്‍ യാത്രയും, കൊലപാതക പ്രതികള്‍ അനധികൃതമായി ജയിലില്‍ നിന്നും നാട്ടില്‍ ഇറങ്ങി പാര്‍ട്ടി കൊലപാതകങ്ങള്‍ നടത്തുന്ന മലബാറും, തലസ്ഥാനവും, തേന്‍ മുക്കിയ ഫോള്‍ വിളിയില്‍ കുടുങ്ങിയ മന്ത്രി, മന്ത്രിമാരുടെ ഭൂമി കൈയ്യേറ്റം. അങ്ങിനെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെ കോട്ടങ്ങള്‍ തന്നെ ആകട്ടെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ആയുധങ്ങള്‍. നമുക്ക് കേരളത്തെ ചര്‍ച്ച ചെയ്യാം അതുകഴിഞ്ഞു പോരെ കേന്ദ്രവും, അന്യ സംസ്ഥാന പ്രശ്നങ്ങളും. കൊച്ചു കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരും, ഭാരം ക്രമങ്ങളും മറച്ചു പിടിച്ചു, ജാതിയും മതവും ഉരുട്ടി വിളമ്പുന്ന ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെയോ, ദിവസങ്ങളിലെയോ മാത്രം കെടുകാര്യസ്ഥതകള്‍ മാത്രം മതി ചെങ്ങന്നൂരില്‍ ഇടത് മുന്നണിയോട് ജനങ്ങള്‍ പ്രതികരിക്കാനും അത് സമ്മതിദാനത്തിലൂടെ അവരുടെ തോല്‍വി ആയി വിധി എഴുതുവാനും. ആദ്യം സ്വന്തം കണ്ണിലെ കരട് നീക്കൂ എന്നിട്ടു പോരെ അന്യന്റേയും അയലത്തെയും.

സരിതയും ജിഷയും കഴിഞ്ഞു ഇന്ന് അവർ കുട്ടിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് ആയുധമായി ഇറക്കുമ്പോള്‍ സ്വയം ചിന്തിക്കുക… നിങ്ങളുടെ വീട്ടിലും ഇല്ലേ പെണ്ണുടലുകള്‍ ? അവര്‍ കുട്ടികള്‍ ആകാം, മുതിര്‍ന്നവരും ആകാം. നമുക്ക് ദുഖിക്കാം, പ്രതികരിക്കാം, പ്രാർത്ഥിക്കാം കശ്മീരിലെ ദാരുണ സംഭവങ്ങളോട്. അവ ആയുധവും പരസ്യവും ആക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെ എന്ന് സ്വയം തിരിച്ചറിയുക.

പെണ്‍ ശരീരങ്ങള്‍ ആയുധമാക്കി ഇടതു പക്ഷം നടത്തുന്ന അധമ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം ഇടുവാന്‍ സമയമായി. വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും, പോലീസും, ഭരണ നേതൃത്വവും, കോടതിയും നോക്കുകുത്തിയോ?!..എന്ന് മാത്രം അടിവരയിടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top