Flash News

വിഷവൃക്ഷത്തിന്റെ തായ്‌വേരു കൊത്താതെ ചില്ലകള്‍ മാത്രം വെട്ടിയൊതുക്കുന്നതുപോലെയാണ് ബിജെപിയെ നേരിടുന്നത്, അത് വീണ്ടും തളിര്‍ത്ത് പൂത്ത് മരണം വിതച്ചു കൊണ്ടിരിക്കും; പിഴുതെറിയുമ്പോള്‍ വേരോടെ പിഴുതെറിയണം: ദീപാ നിശാന്ത്

April 16, 2018

deepa-830x412 (1)

വിഷവൃക്ഷത്തിന്റെ തായ്‌വേരു കൊത്താതെ ചില്ലകള്‍ മാത്രം വെട്ടിയൊതുക്കുന്നതു പോലെയാണ് ബിജെപിയെ നേരിടുന്നത്. അതുകൊണ്ടാണ് ആ മരം വീണ്ടും തളിര്‍ത്ത് പൂത്ത് മരണം വിതച്ചുകൊണ്ടിരിക്കുന്നത്. മരത്തെ വേരോടെ പിഴുതെറിയുകയാണ് വേണ്ടതെന്ന് ദീപാ നിശാന്ത്. കത്വയില്‍ എട്ടു വയസുകാരി ബാലിക ക്ഷേത്രത്തിനുള്ളില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ദീപാ നിശാന്ത് ബിജെപിക്കതിരെ രംഗത്ത് വരുന്നത്. മറ്റൊരു വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ദീപാ നിലപാട് വ്യക്തമാക്കുന്നത്.

കാശ്മീരില്‍ ഹിന്ദുത്വ അഭിഭാഷക സംഘടന അവശ്യ സന്ദര്‍ഭത്തില്‍ ഇടപെട്ടതുപോലെ പല വിഷയങ്ങളും സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ദീപാ പറയുന്നു. ഒരു സവിശേഷ സംഭവത്തില്‍ ഒരു സംഘ പരിവാര്‍ സംഘടനയെങ്കില്‍ അടുത്തതില്‍ വേറൊരെണ്ണം. ഓരോ എപ്പിസോഡിലും മാറി വരുന്ന വില്ലന്‍മാരെപ്പോലെ നാമവരെ വിമര്‍ശിക്കുന്നു, പ്രാകുന്നു .പക്ഷേ അത് ഒരു വിഷവൃക്ഷത്തിന്റെ തായ്‌വേരു കൊത്താതെ ചില്ലകള്‍ മാത്രം വെട്ടിയൊതുക്കുന്നതു പോലെയാണ്. മരം വീണ്ടും തളിര്‍ത്ത് പൂത്ത് മരണം വിതച്ചു കൊണ്ടിരിക്കുമെന്നും ദീപ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

താഴെ തെറിക്കമന്റിട്ടോളൂ….നിങ്ങളെ പൊതു സമൂഹം തിരിച്ചറിയുക തന്നെ വേണം.. എല്ലാ പൊതു ഇടങ്ങളില്‍ നിന്നും നിങ്ങളെ ആട്ടിയോടിക്കുന്ന ഒരു കാലം വരുക തന്നെ ചെയ്യും…

Bilu Padmini Narayanan എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുന്നു… പൂര്‍ണ്ണമായും യോജിക്കുന്നതു കൊണ്ടു തന്നെ…

“സംഘപരിവാര്‍ എന്നും ഹിന്ദുത്വ ശക്തികള്‍ എന്നും മൃദു – തീവ്ര സംഘി എന്നുമൊക്കെ ഇനി പറയുന്നത് ഒരു തരം പൊളിറ്റിക്കല്‍ യൂഫമിസം ആയി കരുതേണ്ടിയിരിക്കുന്നു. ബി.ജെ.പി എന്നു തന്നെയാണ്, RSS എന്നു തന്നെയാണ് നമ്മുടെ ഭാഷയില്‍ വിമര്‍ശനങ്ങളില്‍ വ്യക്തമാകേണ്ടത്.

എഴുപത്തിയാറോളം വരും സംഘപരിവാര്‍ എന്നു പേരു ചാര്‍ത്തിയ, വസുധൈക കുടുംബകം എന്ന ആശയത്തിന്റെ പഞ്ചാര മേമ്പൊടി വിതറിയ ആ ഗ്രൂപ്പിലെ വിവിധ സംഘടനകളുടെ എണ്ണം. എ.ബി.വി.പി., വിശ്വഹിന്ദു പരിഷത്ത്, ഭാരതീയ മസ്ദൂര്‍ സംഘ് ഇങ്ങനെ വിരലിലെണ്ണാവുന്ന കുറച്ചെണ്ണം പൊതു മണ്ഡലത്തില്‍ വിസിബിളായി നില്‍ക്കുമ്പോള്‍ മറ്റനവധി വ്യവഹാര മേഖലകളില്‍ താരതമ്യേന നിശ്ശബ്ദമായി ബാക്കിയുള്ളവ പണിയെടുക്കുന്നു. കാശ്മീരില്‍ ഹിന്ദുത്വ അഭിഭാഷക സംഘടന അവശ്യ സന്ദര്‍ഭത്തില്‍ ഇടപെട്ടതു പോലെ സ്വന്തം മണ്ഡലങ്ങളില്‍ പ്രവര്‍ത്തന പ്രചാരണ പ്രതിരോധങ്ങളുമായി സന്ദര്‍ഭാനുസൃതമായി ഇവ ചലിച്ചുകൊണ്ടിരിക്കുന്നു.

ഒരു സവിശേഷ സംഭവത്തില്‍ ഒരു സംഘ പരിവാര്‍ സംഘടനയെങ്കില്‍ അടുത്തതില്‍ വേറൊരെണ്ണം… ഓരോ എപ്പിസോഡിലും മാറി വരുന്ന വില്ലന്‍മാരെപ്പോലെ നാമവരെ വിമര്‍ശിക്കുന്നു, പ്രാകുന്നു ..

പക്ഷേ അത് ഒരു വിഷവൃക്ഷത്തിന്റെ തായ്‌വേരു കൊത്താതെ ചില്ലകള്‍ മാത്രം വെട്ടിയൊതുക്കുന്നതു പോലെയാണ്. മരം വീണ്ടും തളിര്‍ത്ത് പൂത്ത് മരണം വിതച്ചു കൊണ്ടിരിക്കും.

ദുര്‍ഗ്ഗാവാഹിനിയെന്ന, ക്ഷേത്രങ്ങളിലെ ഭക്ത സ്ത്രീകളെ ചേര്‍ത്ത് രൂപീകരിച്ച സംഘടനയുണ്ട്. ഏതെങ്കിലും പ്രത്യേക സംഭവം വെച്ച് ഇതിനെ എതിര്‍ക്കാനുള്ള അവസരം ഉണ്ടാകും. പക്ഷേ അത് ഭരണകൂടവ്യവസ്ഥയില്‍, തെരഞ്ഞെടുപ്പില്‍ നേരിട്ടു ഇടപെടുന്ന ഒന്നല്ല. രാഷ്ട്രീയ ശത്രുവാകുന്നില്ല. ചിത്രം തെളിഞ്ഞു കഴിഞ്ഞ ഇന്ത്യന്‍ ഫാസിസത്തിന്റെ ആ രാഷ്ട്രീയ മുഖം ബി.ജെ.പി. യാണ്. അതിന്റെ പ്രത്യയശാസ്ത്ര വേര് ആര്‍.എസ്.എസും

മൂന്നു ദിവസം മുന്‍പ് കര്‍ണ്ണാടകത്തില്‍ RSSല്‍ ”പിളര്‍പ്പ്” ഉണ്ടാവുകയും പുറത്താക്കിയവര്‍ ചേര്‍ന്ന് ജനസംഘ് എന്ന പഴയ സംഘടനയെ പൊടി തട്ടി പുനര്‍രൂപീകരിക്കുകയും ചെയ്തു. ഇലക്ഷനില്‍ ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രസ്താവനയും വന്നു. ഒറ്റ നോട്ടത്തില്‍ ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന തല്‍ക്കാല അനുകൂല ഘടകമായി തോന്നിയേക്കാം. പക്ഷേ ഫലത്തില്‍ തറവാട്ടു ഭൂമി ഇത്തിരി കശപിശയൊക്കെ കൂട്ടി വീതം വെച്ച് വേറെ വീടു പണിയുന്ന മച്ചമ്പിമാരെപ്പോലെയാണ് ഇത്. മൊത്തം അതിരിന്റെ കാര്യം വരുമ്പോള്‍ അവര്‍ ഒരുമിക്കും.

ഹോംസ് കഥയിലെ മോറിയാര്‍ട്ടിയെന്ന നേരിട്ട് ഒന്നിലും ഇടപെടാത്ത , എന്നാല്‍ എല്ലാം നിയന്ത്രിക്കുന്ന ആത്യന്തിക ശത്രുവായ യൂണിവേഴ്സിറ്റി ഗണിത പ്രൊഫസറെപ്പോലെയാണ് ആര്‍.എസ്.എസ്. എല്ലാ ഹിംസകളിലും അതിന് ഒരു കള്‍ച്ചറല്‍ എലിബി ഉണ്ടായിരിക്കും.

നമുക്കു നേരിട്ടു കൈ വെയ്ക്കാവുന്നത് വെയ്ക്കേണ്ടത് ബി.ജെ.പി.യില്‍ ആണ്. അതുകൊണ്ടു തന്നെ ബി.ജെ.പി.ക്കാര്‍ വോട്ടു ചോദിച്ച് ഈ വീടിന്റെ പടി കടക്കരുത് എന്ന ചെങ്ങന്നൂരിലെ ഗേറ്റു നോട്ടീസിനെ ഈ സന്ദര്‍ഭത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനമായിത്തന്നെ കാണണം.

ഹിന്ദു രാഷ്ട്ര സംസ്ഥാപനം ആത്യന്തിക ലക്ഷ്യമായി മാനിഫെസ്റ്റോയില്‍ എഴുതി വെച്ച ഒരു ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയെ എതിർക്കുക എന്നത് ഭരണഘടനാപരമായിത്തന്നെ ഒരു പൗരയുടെ ഉത്തരവാദിത്തമാണ്.”

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top