Flash News

വ്യാജ ഹര്‍ത്താല്‍; മുസ്ലിം യുവാക്കളെ പ്രതികളാക്കാനുള്ള ഗൂഢാലോചന: എസ്. ഇര്‍ഷാദ്

April 18, 2018 , കെ.എം. സാബിര്‍ അഹ്സാന്‍

flagഏപ്രില്‍ 16ന് നടന്ന ഹര്‍ത്താല്‍ മുസ്ലിം യുവാക്കളെ മനഃപ്പൂര്‍‌വ്വം പ്രതികളാക്കാനുള്ള ഗൂഢാലോചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് എസ്. ഇർഷാദ്.

ഹർത്താലുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍ വ്യാപകമായ അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹര്‍ത്താലിന് ആഹ്വാനവും പ്രചരണവും മുസ്‌ലിം യുവാക്കള്‍ നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയായി വരുത്തിത്തീര്‍ക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും ലീഗും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലനില്‍ക്കുന്ന സംഘടന ചട്ടക്കൂടുകള്‍ക്കകത്തും പുറത്തുമുള്ള യുവസമൂഹം പ്രാദേശികമായി ഒത്തുചേര്‍ന്ന് ഉയര്‍ത്തിയ ഒരു പ്രതിഷേധം മുസ്‌ലിം യുവാക്കളുടെ അക്രമമായി വ്യാഖ്യാനിക്കപ്പെടുന്നത് ദുരുദ്ദേശ്യപരമാണ്. സംഘടന ചട്ടക്കൂടുകള്‍ക്കു പുറത്തുനടക്കുന്ന രാഷ്ട്രീയമായ ഉണര്‍വുകളും സംഘാടനങ്ങളും അംഗീകരിക്കില്ലെന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സങ്കുചിതത്വവും ജനാധിപത്യ വിരുദ്ധതയുമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഗെയ്ല്‍ സമരത്തിലും ദേശീയപാത സമരത്തിലും ആരോപിച്ചതു പോലെ മുസ്‌ലിം തീവ്രവാദ ആരോപണങ്ങളാണ് ഹര്‍ത്താല്‍ അനുകൂലികളായ ചെറുപ്പക്കാര്‍ക്കെതിരെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികള്‍ ഉന്നയിച്ചിരിക്കുന്നത്. ആര്‍.എസ്.എസിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും ഹിന്ദു മതസമൂഹത്തിനെതിരിലാണെന്നു വരുത്തിത്തീര്‍ക്കുന്നതിലൂടെയും അക്രമസംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ചു അവതരിപ്പിക്കുന്നതിലൂടെയും സംഘ്പരിവാര്‍ പ്രചരണങ്ങളെയാണ് ഇവര്‍ ശക്തിപ്പെടുത്തുന്നത്.

സമീപകാലത്തു കൂടുതല്‍ പ്രത്യക്ഷവത്കരിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രീയ ഉണര്‍വുകളെ അരികുവത്കരിക്കാനുള്ള ഭരണകൂടശ്രമത്തിന്റെ ഭാഗം കൂടിയാണിത്. വര്‍ഗീയ കലാപശ്രമവും സാമുദായിക ധ്രുവീകരണ ശ്രമവും ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി അര്‍ധരാത്രിയിലും മറ്റും പോലീസ് തുടരുന്ന നരനായാട്ട് ഉടന്‍ അവസാനിപ്പിക്കണം. സമീപകാലത്തു ഉയര്‍ന്നു വന്ന ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് ആക്രമിച്ച ഭരണകൂട നടപടികളുടെ തുടര്‍ച്ച തന്നെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരായ നടപടികളിലും കാണാനാവുന്നത്. തങ്ങളുടെ കര്‍തൃത്വത്തിലല്ലാതെ ഉയിരെടുക്കുന്ന രാഷ്ട്രീയ ഉണര്‍വുകളെ സാമുദായിക ധ്രുവീകരണ ശ്രമമെന്നും വര്‍ഗീയ കലാപത്തിനുള്ള ഗൂഢാലോചനയെന്നും ചിത്രീകരിക്കുന്ന ഭരണകൂട ഭാഷ്യങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നീതി നിഷേധങ്ങളും വിവേചനങ്ങളും ഉന്നയിക്കുന്ന സിവില്‍ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാനുള്ള വിശാലമായ ജനാധിപത്യഭാവനയാണ് നമുക്കുണ്ടാവേണ്ടത്. ഈ പോലീസ് വേട്ടയെ ചെറുത്തു തോല്‍പ്പിക്കല്‍ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. പൗരാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന പോലീസ് രാജിനെയും കൂട്ടുനില്‍ക്കുന്ന പരമ്പരാഗത പാര്‍ട്ടി ആഖ്യാനങ്ങളെയും ചെറുക്കുവാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top