Flash News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആര്‍‌ടി‌എഫുകാരെ ബലിയാടാക്കിയതാണെന്ന് നിര്‍ണ്ണായക വെളിപ്പെടുത്തല്‍

April 19, 2018

1_189കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ ആര്‍.ടി.എഫ്.ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കേസില്‍ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം മാതൃഭൂമി ന്യൂസ് ചാനലാണ് പുറത്ത് വിട്ടത്‌. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നീ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടേതാണ് പോലീസിനെതിരെ ഗുരതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ.

നുണ പരിശോധനയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂ. ഞങ്ങളെ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങള്‍ക്കും നീതി ലഭിക്കണമെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.

കൈയിലുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോടുള്ള ആത്മാര്‍ഥയുള്ളതിനാലാണ്. മേലുദ്യോഗസ്ഥരില്‍ നിന്ന് ഇതിന് അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ആര്‍.ടി.എഫുകാര്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരിച്ചതാണ് വീഡിയോ.

ഏഴോളം വീടുകളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ശ്രീജിത്തിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയുമാണ് തങ്ങള്‍ക്കൊപ്പം ശ്രീജിത്തിനെ വിട്ടതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ നുണപരിശോധന നടത്തണമെന്ന് ആര്‍.ടി.എഫുകാരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. ആരുടെയൊക്കെയോ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പറവൂര്‍ സിഐയുടെ നിര്‍ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസുകാര്‍ക്ക് കൈമാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

വൈകിട്ട് ഏഴരയോടെയാണ് ആലുവ റൂറൽ എസ്പി എ വി ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ ആര്‍ടിഎഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രാഥമികമായി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും തുടർ നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ മര്‍ദിക്കുന്നത് കണ്ടുവെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുള്‍പ്പെടെയുള്ള നടപടിയുണ്ടായത്. പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുപോകുന്നതിനിടെ ശ്രീജിത്തിനെ വഴിയില്‍ വച്ചും മതിലില്‍ ചേര്‍ത്ത് വച്ചും മര്‍ദിച്ചതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. രാവിലെ മുതല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയായിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ കൃത്യമായ സാക്ഷി മൊഴികളുടെ പിന്‍ബലം ഈ ശ്രമങ്ങളെ തകര്‍ക്കുകയായിരുന്നു.

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കഴിയവേ ആശുപത്രിയിൽ വെച്ച് മരിച്ച ശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറിയാണെന്ന ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തത വരുത്തിയത്. വീടാക്രമണക്കേസിലെ പരാതിക്കാരന്റേതടക്കം നിരവധി സാക്ഷിമൊഴികൾ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം കേസ് രേഖകളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളുമാറിയുള്ള അറസ്റ്റാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരൻ ഗണേശൻ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെയും സഹോദരനെയും രാത്രി ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ടെത്തൽ.

ശ്രീജിത്തിനെ കൈകാര്യം ചെയ്യണമെന്ന് സിപിഐഎം നേതാക്കള്‍ നിര്‍ദേശിച്ചുവെന്ന് ശ്രീജിത്തിന്റെ കുടുംബം

പ്രാദേശിക സിപിഐഎം നേതൃത്വത്തിനെതിരെ വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബം. ശ്രീജിത്തിനെ കൈകാര്യം ചെയ്യണമെന്ന് സിപിഐഎം നേതാക്കള്‍ നിര്‍ദേശിച്ചുവെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത്. എന്നാല്‍ ഇത് തുളസീദാസെന്ന ശ്രീജിത്തിനെ ആയിരുന്നു. സിപിഐഎം നിര്‍ദേശിച്ച ശ്രീജിത്തെന്ന ധാരണയിലാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top