വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിന് സ്ഥലം മാറ്റം. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. രാഹുല്‍ ആര് നായര്‍ക്കാണ് പകരം ചുമതല. ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. സ്ഥലം മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എ.വി ജോര്‍ജ്ജ്. തന്റെ കീഴില്‍ നാല് ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉള്ളതെന്ന് പ്രതികരിച്ചു. സ്ഥലം മാറ്റം അച്ചടക്കനടപടിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതിരോധത്തിലായ ആഭ്യന്തര വകുപ്പ് മുഖം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ മൂന്നു പൊലീസുകാരാണ് കൊലക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. എറണാകുളം റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) സ്ക്വാഡ് അംഗങ്ങളായ സന്തോഷ്കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരെയാണു പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
എന്നാല്‍ കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി നല്കിയ നിര്‍ദ്ദേശം. ശ്രീജിത്തിനെ മര്‍ദ്ദിച്ച എല്ലാ പൊലീസുകാരെയും പ്രതി ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ സൂത്രധാരനെന്ന് ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ വരാപ്പുഴ എസ്ഐ ദീപക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പറവൂര്‍ സിഐ, റൂറല്‍ എസ്പി എന്നിവരും ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികള്‍ ആണെന്ന് കുടുംബം ആരോപിച്ചിരുന്നു. കൂടാതെ നിലിവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സബിഐയ്ക്ക് കൈമാറിയാല്‍ അത് സര്‍ക്കാരിനെ രാഷട്രീയമായും പ്രതിരോധത്തിലാക്കും ഇത് മറികടക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ എസ്പിയെ സ്ഥലം മാറ്റിയിരിക്കുന്നത്.
വരാപ്പുഴയില്‍ വീടാക്രമണത്തെത്തുടര്‍ന്നു ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലെ മര്‍ദനത്തെത്തുടര്‍ന്നു ചികില്‍സയിലിരിക്കേ ഈ മാസം ഒന്‍പതിനാണു മരിച്ചത്.