ഞങ്ങള്‍ക്കും പെണ്ണു കെട്ടണം; വ്യത്യസ്തമായ കൂട്ടായ്മ സംഘടിപ്പിച്ച് അവിവാഹിതരായ പുരുഷന്മാര്‍

kasaragod-bachelorsകെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത പുരുഷന്‍മാരുടെ കൂട്ടായ്മ നടത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍. കാസര്‍ഗോഡ് മടിക്കൈ പഞ്ചായത്തിലാണ് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്‍മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. സ്ത്രീകളാണ് കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്. അവിവാഹിതരായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ഒരു സാമൂഹിക പ്രശ്‌നമാണെന്ന് തിരിച്ചറിയുകയും ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് വേദിയൊരുക്കുകയെന്നതുമായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.

പെണ്‍കുട്ടികളുടെ ഭര്‍ത്തൃസങ്കല്‍പ്പങ്ങള്‍ മാറിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണിതെന്നായിരുന്നു ചിലരുടെ അഭിപ്രായം. മറ്റു ചിലര്‍ പുരുഷാധിപത്യ ലോകത്തു നിന്നുള്ള തിരിച്ചുനടത്തമായും ഈ വിഷയത്തെ വിലയിരുത്തി.

അമ്മമാരെയും പെണ്‍കുട്ടികളെയും ബോധവല്‍ക്കരിക്കാനും പുരുഷന്‍മാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനുമാണ് കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്‍മാര്‍ ഒരു സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നമാണ് മടിക്കൈ പഞ്ചായത്തും അഭിപ്രായപ്പെട്ടു.

അവിവാഹിതരായ പുരുഷന്‍മാരുടെ വേറിട്ട ഈ സംഗമത്തില്‍ എത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പ്രശ്‌നത്തെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചയൊക്കെ നടന്നെങ്കിലും ഒരു പ്രശ്‌നപരിഹാരം നിര്‍ദേശിക്കാന്‍ കഴിയാതെയാണ് കൂട്ടായ്മ പിരിഞ്ഞത്.

Print Friendly, PDF & Email

Leave a Comment