ഹ്യൂസ്റ്റണ്‍: ഏപ്രില്‍ 22-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ കൂടിയ കേരളാ റൈറ്റേഴ്സ് ഫോറം പ്രതിമാസ ചര്‍ച്ചാ യോഗത്തില്‍ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ സണ്ണി എഴുമറ്റൂരായിരുന്നു മോഡറേറ്റര്‍. ടെക്നോളജി യുഗത്തില്‍ ഡിജിറ്റല്‍ സംസ്കാരം എന്ന വിഷയത്തെ ആധാരമാക്കി പ്രശസ്ത ശാസ്ത്ര ഗവേഷകനും ജര്‍മ്മനിയിലെ ബര്‍ലിന്‍ യൂനിവേഴ്സിറ്റി റിട്ടയേര്‍ഡ് പ്രൊഫസറുമായ ഡോക്ടര്‍ രാജപ്പന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളാ റൈറ്റേഴ്സ് ഫോറം അംഗവും മുന്‍ സി ബി ഐ ഓഫീസറുമായ ജോസഫ് പൊന്നോലി സമീപകാലത്ത് ഇംഗ്ലീഷില്‍ രചിച്ച “ഗെയിറ്റ്വേ ടു ദ കോണ്ടം എയ്ജ്” എന്ന പുസ്തകമായിരുന്നു പ്രഭാഷണത്തിനും ചര്‍ച്ചക്കും വഴി തെളിയിച്ചത്. മനുഷ്യന്റെ ബുദ്ധിക്കും സങ്കല്‍പ്പത്തിനും മീതെ അതിവേഗം ടെക്നോളജിയും ഡിജിറ്റല്‍ സംസ്കാരവും മുന്നേറ്റങ്ങള്‍ക്ക്, പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് നന്മക്കും, നിയന്ത്രണമില്ലെങ്കില്‍ തിന്മക്കും കാരണമായി തീരുന്നു എന്ന വസ്തു ഡോക്ടര്‍ രാജപ്പന് നായര്‍ ചൂണ്ട ിക്കാട്ടി.
ഈ യോഗത്തില്‍ വെച്ച് രണ്ടു പുതിയ പുസ്തകങ്ങള്‍ കൂടി പ്രകാശനം ചെയ്തു. കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ 15-ാമത്തെ സാഹിത്യ സമാഹാരമായ “ഭൂമിയിലെ നക്ഷത്രങ്ങള്‍ കാട്ടു പൂക്കള്‍” എന്ന പുസ്തകം, റൈറ്റേഴ്സ് ഫോറം പുസ്തക പ്രസിദ്ധീകരണ വിഭാഗം തലവന്‍ മാത്യു നെല്ലിക്കുന്ന് മുഖ്യാതിഥി ഡോക്ടര്‍ രാജപ്പന് നായര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കേരളാ റൈറ്റേഴ്സ് ഫോറം അംഗങ്ങളും പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളുമായ വിവിധ എഴുത്തുകാരുടേയും സാഹിത്യ പ്രതിഭകളുടേയും ലേഖനം, കഥ. കവിത, നിരൂപണം തുടങ്ങിയ രചനകളാണീ പുസ്തകത്തിലുള്ളത്.
രണ്ടാമത്തെ പുസ്തകം റൈറ്റേഴ്സ് ഫോറം ഭാരവാഹിയും പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ മാത്യു പലപ്പോഴായി രചിച്ച ലേഖനപരമ്പരയിലെ രണ്ടാം ഭാഗം പുസ്തകരൂപത്തിലാക്കിയ നിറമണിയും നിമിഷങ്ങള്‍ 2-ാംഭാഗം. പ്രസിദ്ധീകരിച്ചിരിക്കുന്നത് യുവമേള പബ്ലിക്കേഷന്‍സ് കൊല്ലം ആണ്. ജോണ്‍ മാത്യുവിന്റെ സഹധര്‍മ്മിണി ബോബി മാത്യു പുസ്തകത്തിന്റെ ഒരു കോപ്പി റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ സണ്ണി എഴുമറ്റൂരിന് നല്കി പ്രകാശനം നടത്തി.
യോഗത്തിലും ചര്‍ച്ചയിലും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരും, ചിന്തകരും, സാഹിത്യ പ്രതിഭകളുമായ അനേകര്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ടി.ജെ. ഫിലിപ്പ്, ബോബി മാത്യു, നയിനാന്‍ മാത്തുള്ള, കുര്യന് മ്യാലില്‍, ഡോക്ടര്‍ മാത്യു വൈരമണ്, റോഷന് ഈശൊ, ദേവരാജ് കുറുപ്പ്, ജോസഫ് തച്ചാറ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍, ഡോക്ടര്‍ രാജപ്പന് നായര്‍, ശശിധരന് നായര്‍, ടി.എന്‍. സാമുവേല്‍, എ.സി. ജോര്‍ജ്, തോമസ് കെ. വര്‍ക്ഷീസ്, ഗ്രേസി നെല്ലിക്കുന്ന്, ബാബു കുരവക്കല്‍, ഇന്ദ്രജിത്ത് നായര്‍, പീറ്റര്‍ പൗലോസ്, ഈശൊ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായിരുന്നു. ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയാണ് കേരളാ റൈറ്റേഴ്സ് ഫോറം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply