ആസാറാം ബാപ്പുവും പിണറായിയിലെ കൊലകളും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

asaramകുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ അത്യസാധാരണമെന്ന് അടയാളപ്പെടുത്തേണ്ട രണ്ട് സംഭവങ്ങള്‍ ബുധനാഴ്ച പുറത്തുവന്നു. യോഗിവര്യനെന്ന് ലോകത്താകെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ആസാറാം ബാപ്പു എന്ന 77കാരന് ശിഷ്ടകാലവും ജയിലില്‍ കഴിയണമെന്ന ജോധ്പൂര്‍ കോടതി വിധി. മകളെയും തന്റെ മാതാപിതാക്കളേയും വിഷംകൊടുത്തു കൊന്നെന്ന പിണറായിയിലെ യുവതിയുടെ വെളിപ്പെടുത്തലും അറസ്റ്റും.

കുറ്റവാളികളുടെ പ്രായഭേദത്തിനോ ലിംഗഭേദത്തിനോ ശിക്ഷയ്ക്കുമുമ്പില്‍ വകഭേദമില്ല. സമൂഹത്തിനു മാതൃകയാകത്തക്കവിധം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.

ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ചെയ്തികളെപ്പറ്റി വിദേശങ്ങളില്‍പോലും സംവാദമുയര്‍ന്നു കഴിഞ്ഞു. ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ ആള്‍ദൈവത്തിന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 19 രാജ്യങ്ങളില്‍ നാലുകോടി വിശ്വാസികള്‍ അദ്ദേഹത്തിനുണ്ട്. 400 ആത്മീയ ആശ്രമങ്ങളും 10,000 കോടി രൂപയുടെ സാമ്പത്തിക സാമ്രാജ്യവും. അതിലേറെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും അത്യുന്നത രാഷ്ട്രീയ – ഭരണ നേതാക്കളുടെ ശിഷ്യത്വവും വിശ്വാസ പിന്‍ബലവും മൂലധനമായും.

എന്നിട്ടും അതിക്രൂരനായ കുറ്റവാളിയായി നീതിപീഠം ആസാറാമിനെ കണ്ടെത്തി. ഇന്ത്യന്‍ സമൂഹതലത്തില്‍ അതുണ്ടാക്കുന്നത് വിസ്മയം മാത്രമല്ല വിശ്വാസ സംഘട്ടനംകൂടിയാണ്. അതുകൊണ്ടാണ് ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോധ്പൂരിലെ പ്രത്യേക സെഷന്‍സ് കോടതി അതിന്റെ 453 പേജുള്ള വിധിന്യായത്തില്‍ ഇങ്ങനെ എഴുതിയിട്ടുള്ളത്: ഈ ആള്‍ദൈവം നീചവും നികൃഷ്ടവുമായ കുറ്റകൃത്യത്തിലൂടെ തന്റെ ഭക്തരുടെ വിശ്വാസം മാത്രമല്ല സാധാരണ ജനങ്ങള്‍ക്കിടയില്‍ യോഗികള്‍ക്കുള്ള മാന്യതകൂടിയാണ് തകര്‍ത്തത്.

ബാപ്പുവിനെപോലെ ശിക്ഷിക്കപ്പെട്ട കുറ്റവാളിയല്ല പിണറായിയിലെ കൂട്ടമരണത്തിലെ ആസൂത്രകയും കൊലയാളിയുമെന്ന് സ്വയം വെളിപ്പെടുത്തി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന 29കാരി. തെളിവുകള്‍ സ്വരുക്കൂട്ടി കുറ്റപത്രം സമര്‍പ്പിക്കാനും അതു സാധൂകരിക്കാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാനും ഇനിയും സമയമെടുക്കും. അതിനു മുമ്പുതന്നെ മരണപ്പെട്ട രണ്ടു കുട്ടികളുടെ അമ്മയും കൊല്ലപ്പെട്ട അമ്മ-അച്ഛന്മാരുടെ ഇളയമകളുമായ ഈ യുവതിയെ സമൂഹം കൂകിവിളിച്ച് അസഹ്യത വെളിപ്പെടുത്തിക്കഴിഞ്ഞു.

ഈ പശ്ചാത്തലത്തില്‍ സംഭവവുമായി ചേര്‍ത്ത് സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട മറ്റൊന്നുണ്ട്. വ്യക്തികളെന്ന നിലയില്‍ രണ്ടുപേരും ചെയ്ത കൊടുംക്രൂരകൃത്യത്തിലേക്ക് ഇവരെ വളര്‍ത്തി എത്തിച്ച സാമൂഹിക വ്യവസ്ഥയും അവസ്ഥയും സംബന്ധിച്ച, ഒഴിവാക്കാന്‍ പറ്റാത്ത പരിശോധനയും വിശകലനവുമാണത്.

180425110857-02-asaram-bapu-file-exlarge-169തന്റെ രാഷ്ട്രീയ ഉയര്‍ച്ചയുടെ ആത്മീയ ഊര്‍ജ്ജമായി പ്രധാനമന്ത്രി മോദി അംഗീകരിച്ചും ആദരിച്ചുംപോന്ന ആള്‍ദൈവമാണ് ആസാറാം ബാപ്പു. ഇദ്ദേഹത്തിന്റെ ദുരൂഹമായ ആത്മീയ പശ്ചാത്തലം ബി.ജെ.പിയിലെ മാത്രമല്ല കോണ്‍ഗ്രസിലെയും മുഖ്യമന്ത്രി മാരുള്‍പ്പെട്ടവരുടെ ആത്മീയ ബന്ധങ്ങളുമായി ഇഴചേര്‍ന്നതാണ്. അതിന്റെ മറവിലാണ് ആശ്രമങ്ങള്‍ ഉയര്‍ന്നത്. അതിനകത്തെ ഭക്തിപരിസരത്ത് മാനഭംഗങ്ങളും പീഢനങ്ങളും കൊലപാതകങ്ങള്‍പോലും നടന്നത്.

അതുപോലെ തുലനംചെയ്യാവുന്ന രാഷ്ട്രീയ – ആത്മീയ പശ്ചാത്തലം പിണറായി സംഭവത്തിനില്ല. എങ്കിലും കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു ചുകപ്പന്‍ പാര്‍ട്ടി ഗ്രാമത്തിലെ സവിശേഷ സാമൂഹിക ഘടനയും പരിതസ്ഥിതിയും ഇത്തരം ക്രൂരമായ ഒരു കൊല നടത്തുന്നതിന് എങ്ങനെ വേദിയായി എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് രണ്ട് പ്രത്യേകതരം വ്യക്തികളെ പറിച്ചെടുത്ത് പ്രത്യേകം പരിശോധിക്കലാകും ഫലം. ക്രിമിനല്‍ കുറ്റത്തിന്റെ സവിശേഷതകളും വ്യക്തികളുടെ സ്വഭാവ വിശേഷവും മാത്രംചേര്‍ത്ത് നടത്തുന്ന സംവാദവും വിധിയെഴുത്തുമായി ഇത് ചുരുങ്ങും.

രണ്ടുപേര്‍ക്കും കിട്ടുന്ന ശിക്ഷയോടെ കുറ്റകൃത്യങ്ങളിലേക്ക് വ്യക്തികളെ വളര്‍ത്തിക്കൊണ്ടുവന്ന സമൂഹം മാന്യമായി കൈകഴുകി പിന്നോട്ട് മാറിനില്‍ക്കും. ഇതുപോലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുനിമിഷം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇതുപോലുള്ള കുറ്റവാളികളും കൃത്യങ്ങളും കൂടുതല്‍ കൂടുതല്‍ പ്രത്യക്ഷപ്പെടും. അത് അടയാളപ്പെടുത്തല്‍ മാത്രമായി സാമൂഹിക വിമര്‍ശനം പരിമിതപ്പെടും.

സബര്‍മതി നദിയുടെ തീരത്ത് 1917ല്‍ ആശ്രമം സ്ഥാപിച്ചുകൊണ്ടാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന്റെ വിമോചകനും ബാപ്പുജിയുമായി ക്രമേണ മാറുന്നത്. അവിടെനിന്നാണ് ഗാന്ധിജി ദണ്ഡിയാത്ര നടത്തിയതും സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടതും.

ഗുജറാത്തിലെ അതേ സബര്‍മതി നദിയുടെ തീരത്താണ് 1972ല്‍ അസുമല്‍ ഹര്‍പലാനി എന്ന 31കാരന്‍ ഒരു ആശ്രമം സ്ഥാപിച്ചത്. ഇപ്പോള്‍ പാക്കിസ്താനിലുള്ള സിന്ധ് മേഖലയിലെ ബര്‍ണായി ഗ്രാമത്തില്‍നിന്ന് അഹമ്മദാബാദ് നഗരത്തില്‍ കുടിയേറിയവരായിരുന്നു ഹര്‍പലാനിയുടെ കുടുംബം. പല ഗുരുക്കളില്‍നിന്നും ആധ്യാത്മിക പരിശീലനം നേടി സബര്‍മതി തീരത്തെത്തുകയായിരുന്നു അയാള്‍. ഗുരുക്കളില്‍ ഒരാളാണ് അസുമല്‍ ഹര്‍പലാനിക്ക് ആസാറാം എന്ന പേരുനല്‍കിയത്.

ഗുജറാത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് ആസാറാമിന്റെ പേരും പ്രശസ്തിയും പടര്‍ന്നപ്പോള്‍ വിശ്വാസികളും ഭക്തരും അദ്ദേഹത്തെ തേടി ഒഴുകിയെത്തി. അക്കൂട്ടത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രമുഖ ഭരണകക്ഷിനേതാക്കളും ഉണ്ടായിരുന്നു. അവരുട വരവോടെയും സാഷ്ടാംഗപ്രണാമത്തോടെയും ആസാറാം സബര്‍മതി തീരത്തെ ആശ്രമത്തിലെ രണ്ടാമത്തെ ബാപ്പുവായി.

Capture-36സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി യെര്‍വാദ ജയില്‍മുതല്‍ ഇന്ത്യയുടെ വിവിധ ജയിലുകളില്‍ ബാപ്പുജി കിടന്നപ്പോള്‍ തുറന്ന കോടതികളിലാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നത്. ആസാറാം ബാപ്പുവിനെ ശിക്ഷിക്കാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈച്ചപോലും കടക്കാത്ത സുരക്ഷിതത്വത്തില്‍ കോടതി പ്രവര്‍ത്തിക്കേണ്ടിവന്നു. സ്‌പെഷ്യല്‍ ജഡ്ജ് മധുസൂദന്‍ ശര്‍മ്മയ്ക്ക് കനത്ത സുരക്ഷിതത്വത്തില്‍ അവിടെയെത്തി വിധി പ്രസ്താവിക്കേണ്ടതായും. ഗുജറാത്തിനു പുറമെ രാജസ്ഥാന്‍, ഉത്തരപ്രദേശ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയും പൊലീസ് ജാഗ്രതയും ഏര്‍പ്പെടുത്തേണ്ടിവന്നു. ആസാറാമിനെതിരെ തെളിവ് നല്‍കാന്‍ ധൈര്യപ്പെട്ട ഒമ്പത് സാക്ഷികളില്‍ മൂന്നുപേരെ ആള്‍ദൈവത്തിന്റെ അനുയായികള്‍ ആക്രമിക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

2013ലെ സ്വാതന്ത്ര്യദിന രാത്രിയിലാണ് രാജസ്ഥാനിലെ ജോധ്പൂരിലെ തന്റെ ആശ്രമത്തിലാണ് 16 വയസുകാരിയായ പെണ്‍കുട്ടിയെ ആസാറാം ബാപ്പു ഭീഷണിപ്പെടുത്തി പീഢിപ്പിച്ചത്. മധ്യപ്രദേശിലെ ചിന്ത് വാര സ്വദേശികളും ആസാറാമിന്റെ അടുത്ത അനുയായികളും വിശ്വാസികളുമായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ചിന്ത് വാരയില്‍ ആസാറാമിന്റെ ആശ്രമം സ്ഥാപിച്ചതിന്റെ മുന്‍കൈപോലും പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു. കൊച്ചു ബാലികയായപ്പോള്‍ മുതല്‍ ബാപ്പുവിനെ വന്ദിച്ച് വളര്‍ന്നവളായിരുന്നു ആ പെണ്‍കുട്ടി. വിശ്വാസത്തിന്റെ പേരില്‍ ആധ്യാത്മിക കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആസാറാമിന്റെ മധ്യപ്രദേശിലെ വിദ്യാലയത്തിലെ ഹോസ്റ്റലില്‍ രക്ഷിതാക്കള്‍ അവളെ പ്രവേശിപ്പിച്ചതായിരുന്നു.

പെണ്‍കുട്ടിക്ക് ചില പ്രേതബാധ ഉണ്ടെന്ന് രക്ഷിതാക്കളെ അറിയിക്കുകയും അവളെക്കൂട്ടി രോഗം മാറ്റാന്‍ ജോധ്പൂരിലെ ആശ്രമത്തില്‍ മാതാപിതാക്കള്‍ ആസാറാം ബാപ്പുവിനെ കാണാനെത്തുകയുമായിരുന്നു. ആസാറാമിന്റെ അടച്ചിട്ട മുറിയില്‍ 16കാരിയുടെ പ്രേതബാധ ഒഴിപ്പിക്കുമ്പോള്‍ ഭക്തിലഹരിയില്‍ ആത്മാര്‍ത്ഥമായി അച്ഛനും അമ്മയും വാതിലിനു പുറത്തുനിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. തന്റെ ലൈംഗിക തൃഷ്ണയ്ക്കു വഴങ്ങിയില്ലെങ്കില്‍ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകില്ലെന്നും സംഭവം പുറത്തറിയിക്കരുതെന്നും ഭീഷണിപ്പെടുത്തിയാണ് 77വയസുള്ള ആള്‍ദൈവം പെണ്‍കുട്ടിയെ പീഢിപ്പിച്ചത്. പീഢനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പെണ്‍കുട്ടി പിറ്റേന്നുതന്നെ മാതാപിതാക്കളെ അറിയിച്ചു. അങ്ങനെയാണ് അഞ്ചുവര്‍ഷംമുമ്പ് നടന്ന പീഢനകേസില്‍ ആദിവാസി പീഢനവിരുദ്ധ നിയമംകൂടി ഉള്‍പ്പെടുത്തി മരണംവരെ ആള്‍ദൈവം ജയിലില്‍ കിടക്കട്ടെ എന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കട്ടെയെന്നും വിധിച്ചത്. രണ്ടു പ്രതികളെക്കൂടി ആസാറാമിനൊപ്പം 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. രണ്ടുപേരെ വിട്ടയച്ചു.

2013 സെപ്റ്റംബര്‍ 1നാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ആസാറാമിനെ അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനും മറ്റുമായി ഗുജറാത്തിലും മറ്റും വേറെയും കേസുകളുണ്ടായിരുന്നു.

imagesഈ ഭൗതിക വളര്‍ച്ചയുടെയും രാഷ്ട്രീയ പിന്‍ബലത്തിന്റെയും മീതെ ഭക്തിയുടെയും വിശ്വാസത്തിന്റെയും വൈകാരികത പ്രയോഗിച്ചാണ് ആസാറാം ബാപ്പു ലൈംഗിക ചൂഷണവും പീഢനവും നടത്തിപ്പോന്നത്. സ്വന്തം മകളുടെ അനുഭവം ബോധ്യപ്പെട്ടാണ് ഉറച്ച അനുയായിയും പെണ്‍കുട്ടിയുടെ അച്ഛനുമായ പരാതിക്കാരന്‍ നീതിതേടിയത്. വിധി വന്നപ്പോള്‍ സന്തോഷമായെന്നും നീതി കിട്ടിയല്ലോയെന്നും ആശ്വസിച്ചത്. തെരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തില്‍ വോട്ടുബാങ്കുകള്‍ നിര്‍ണ്ണായകമാകുമ്പോള്‍ ആള്‍ദൈവങ്ങളെ രാഷ്ട്രീയനേതാക്കള്‍ ആശ്രയിക്കുന്നതിന്റെ ദുരന്തങ്ങളിലൊന്നാണ് ആസാറാം ബാപ്പു സംഭവം.

കഴിഞ്ഞവര്‍ഷം ഹരിയാണയില്‍ ഗുര്‍മിത് റാം റഹിം സിംഗിനെ അറസ്റ്റു ചെയ്തതും 20 വര്‍ഷത്തേക്ക് ബലാത്സംഗ കേസില്‍ ജയിലില്‍ അടച്ചതും ആള്‍ദൈവ പരമ്പരകളിലെ അവസാന സംഭവങ്ങളിലൊന്നാണ്. അമേരിക്കയിലടക്കം വലിയ ആരാധകരും വിശ്വാസികളുമുണ്ടായിരുന്നു 1990ല്‍ മരണപ്പെട്ട ഭഗവാന്‍ ശ്രീ രജനീഷിന്. അദ്ദേഹത്തിന്റെ അനുയായികള്‍ പിന്നീട് അമേരിക്കയില്‍ ഭീകരാക്രമണവും കൊലപാതകവും നടത്തുന്നവരായി മാറി.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹത്തില്‍ സമാന്തരമായ കുറ്റകൃത്യങ്ങളുടെയും നിയമലംഘനങ്ങളുടെയും സാമ്രാജ്യം സൃഷ്ടിക്കുന്നതിന്റെ പാഠമാണ് ആസാറാമും നല്‍കുന്നത്. എന്നിട്ടും സമൂഹം തിരിച്ചറിയുന്നില്ല. തങ്ങളുടെ ബാപ്പുവിനോട് നിയമവും നീതിപീഠവും അന്യായം കാണിച്ചു എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നു, പരാതിപ്പെടുന്നു. ആള്‍ദൈവങ്ങളും അനുയായികളും പെരുകുന്നു.

soumya-pinarayi-gang-murderപിണറായിയിലെ കൊലകള്‍ പെണ്‍ക്രൂരതയായോ സ്ത്രീയുടെ ജൈവപ്രകൃതത്തിന്റെ തകര്‍ച്ചയായോ സമൂഹത്തിന്റെ അവസ്ഥയുടെ കേവല കാഴ്ചയായോ മാത്രം കണ്ടാല്‍പോര. ആധ്യാത്മികതയുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍ ക്രൂരമായ ബലാത്സംഗം നടക്കുന്നതുപോലെ മറ്റൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പിണറായിയിലെ സംഭവവും.

കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിറന്നുവീണ ഗ്രാമം. മൂല്യബോധവും സമസൃഷ്ടിബോധവുമുള്ള തൊഴിലാളിവര്‍ഗ നേതാക്കളെ സൃഷ്ടിച്ച സര്‍വ്വകലാശാലകളായിരുന്നു മുമ്പ് പാര്‍ട്ടി ഗ്രാമങ്ങളിലെ വീടുകള്‍. കാറ്റും വെളിച്ചവും കടക്കാത്ത, മനുഷ്യബന്ധങ്ങളും വികാരങ്ങളുമില്ലാത്ത ലിംഗഭേദമില്ലാതെ കൊലയാളികളെ സൃഷ്ടിക്കുന്ന ഇടങ്ങളായി അവ മാറുന്നതെങ്ങനെ. ആഴത്തില്‍ കേരളം പരിശോധിക്കേണ്ട ഒരു അവസ്ഥാചിത്രമാണ് പിണറായി ഗ്രാമത്തില്‍നിന്ന് പുറത്തുവന്നത്.

തുടര്‍ മരണങ്ങള്‍ വാര്‍ത്തയായപ്പോള്‍ പിണറായിക്കാരനായ മുഖ്യമന്ത്രിതന്നെ രണ്ടുതവണ ആ വീട് സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പരിവാരങ്ങളും പോയിരിക്കും. ഒരു സ്ത്രീയുടെ കാമാസക്തിയുടെയും അത് വെളിപ്പെടുന്നതിലുള്ള ഉത്ക്കണ്ഠയുടെയും സൃഷ്ടിയായി മാത്രമാണ് ഇപ്പോള്‍ മന:ശാസ്ത്രജ്ഞരടക്കം സംഭവം വിലയിരുത്തുന്നത്.

സ്വന്തം വ്യക്തിത്വവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും സുഖജീവിതം ഉറപ്പുവരുത്താനും മാത്രം ഒരു സ്ത്രീ ഈ വഴി സ്വീകരിച്ചു എന്നു മാത്രമാണോ കേരളം ഇതില്‍നിന്നു പഠിക്കേണ്ടത്?

soumya-1-470x253

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment