തന്റെ മകളെ കൊന്നവന്‍ സെന്‍‌ട്രല്‍ ജയിലില്‍ ബിരിയാണിയും ചിക്കനുമൊക്കെ കഴിച്ച് സുഖമായി ജീവിക്കുന്നു; അവനെ ഉടന്‍ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ

jisha-mother-1പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മ തന്റെ മകളെ കൊന്ന അമീറുള്‍ ഇസ്ലാമിനെ ഉടന്‍ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി രംഗത്ത്. മകള്‍ കൊല്ലപ്പെട്ടിട്ട് ഏപ്രില്‍ 28ന് രണ്ടു വര്‍ഷമായി. എന്നാല്‍ കൊലയാളി ജയിലില്‍ സുഭിക്ഷമായി ബിരിയാണിയും ചിക്കനുമൊക്കെ കഴിച്ച് സുഖിക്കുകയാണ്. ഇത്ര ക്രൂരമായി കൊലപാതകം ചെയ്തയാളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ചോദിച്ചു.പ്രതിയെ സംരക്ഷിക്കുന്നതു കാണുമ്പോള്‍ ഇതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അവരെയും കണ്ടെത്തണം. തൂക്കിക്കൊല്ലാമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. കൊലയാളി ഇപ്പോഴും സെന്‍ട്രല്‍ ജയില്‍ ബിരിയാണിയും ചിക്കനും ചപ്പാത്തിയുമൊക്കെ തിന്ന് കഴിയുകയാണ്. അവനെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിന് കത്തയച്ചിട്ടുണ്ട്.

മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ശാരീരികപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വസ്ത്രങ്ങള്‍ പുറത്ത് അലക്കാന്‍ കൊടുക്കുന്നത്. അവിടെനിന്ന് അമ്പലത്തില്‍ പോകാന്‍ സെറ്റുടുത്തതും തല ചീകിയതുമെല്ലാം ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതായി ചിത്രീകരിച്ചു. പുറത്തിറങ്ങി നിന്നാല്‍ ആളുകള്‍ മോശമായ രീതിയില്‍ മൊബൈലില്‍ ഫോട്ടോ എടുക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് മോശമായ പ്രചാരണങ്ങള്‍ ഉണ്ടായെന്നും അവര്‍ പ്രതികരിച്ചു.

മകള്‍ കൊല്ലപ്പെട്ടതിനുശേഷം ജീവന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രാജേശ്വരിക്ക് പോലീസ് സുരക്ഷയൊരുക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ രാജേശ്വരിയുടെ സ്വഭാവം മാറി. തികഞ്ഞ അവജ്ഞയോടെയാണ്
തങ്ങളോട് പെരുമാറിയിരുന്നതെന്ന് ഇവര്‍ക്കുവേണ്ടി സുരക്ഷയൊരുക്കിയ വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.

24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു. കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു പതിവ്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News