Flash News

വീണുടയുന്ന വിഗ്രഹങ്ങള്‍ (ലേഖനം) : പി. ടി. പൗലോസ്

May 6, 2018 , പി. ടി. പൗലോസ്

yesu banner1“സെല്‍ഫി ഈസ് സെല്‍ഫിഷ്” കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ദേശീയ സിനിമാ അവാര്‍ഡ് വാങ്ങാന്‍ ചെന്ന ഗാനഗന്ധര്‍വന്‍ യേശുദാസിനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ യേശുദാസ് ഉരുവിട്ട വാക്കുകളാണിത്. മൊബൈല്‍ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. രാഷ്ട്രപതി എല്ലാവര്‍ക്കും അവാര്‍ഡ് നേരിട്ട് കൊടുക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള കലാകാരന്മാരോടൊപ്പം ചടങ്ങു് ബഹിഷ്ക്കരിക്കുമെന്ന നിവേദനത്തില്‍ യേശുദാസും ഒപ്പിട്ടു. വിജ്ഞാന്‍ ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി നേരിട്ട് കൊടുക്കുന്നത് പതിനൊന്ന് പേര്‍ക്കും മറ്റുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സ്മൃതി ഇറാനിയും ആണ് എന്ന് (രാഷ്ടീയ ) തീരുമാനമായി. പതിനൊന്നു പേരില്‍ തന്റെ പേരും ഉള്ളതുകൊണ്ട് യേശുദാസ് തന്റെ അവാര്‍ഡും വാങ്ങി മറ്റുള്ള കലാകാരന്മാരെ തഴഞ്ഞ് സ്വാര്‍ത്ഥതക്ക് മാതൃക കാട്ടി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പിന്‍‌ഗാമിയായി സ്ഥലം വിട്ടു.

യേശുദാസ് ഈ യുഗത്തിലെ ഒരു അത്ഭുതമാണ്. സ്വരരാഗങ്ങളുടെ ഗംഗാപ്രവാഹമായി കോടാനുകോടി ജനമനസ്സുകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ യേശുദാസ് ഗാന ഗന്ധര്‍വനായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായി. സംഗീതത്തിന്റെ സ്വരവീഥികളിലെ വേറിട്ട ശബ്ദ മാധുര്യം ജനഹ്രദയങ്ങളില്‍ ആസ്വാദനത്തിന്റെ കുളിര്‍മഴ പെയ്യിച്ചു. സ്വര്‍ഗ്ഗകവാടങ്ങളെ പോലും പാടി തുറപ്പിക്കുവാന്‍ കെല്‍പ്പുള്ള തന്റെ അത്ഭുതസിദ്ധി സ്വപ്രയത്‌നത്തിലൂടെ ആര്‍ജിച്ചതാണ്. തന്റെ ഉയരങ്ങളിലേക്കുള്ള കുതിപ്പില്‍ വിജയം തനിക്കു മാത്രമാകണമെന്ന സ്വാര്‍ത്ഥത എപ്പോഴും ഉണ്ടായിരുന്നു. ആരെയും തന്നോടൊപ്പം വളരുവാന്‍ അനുവദിച്ചിട്ടില്ല. ആരെങ്കിലും അതിനു ശ്രമിച്ചാല്‍ ചവിട്ടിത്താഴ്ത്തി മൂലക്കിരുത്തുകയും ചെയ്യും. മാര്‍ക്കോസും ഉണ്ണി മേനോനും മറ്റും ചില ഉദാഹരണങ്ങള്‍ മാത്രം.

അറുപതുകളുടെ തുടക്കത്തില്‍ അഥവാ യേശുദാസിന്റെ വളര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ ദാസിന്റെ സ്വരമാധുരിക്കൊപ്പമോ അതിനും അപ്പുറമോ നില്‍ക്കുന്ന ഒരു ശബ്ദത്തിന്റെ ഉടമയുണ്ടായിരുന്നു സാക്ഷാല്‍ എം.ജി. രാധാകൃഷ്ണന്‍. യേശുദാസിന്റെ വളര്‍ച്ചയില്‍ രാധാകൃഷ്ണന്‍ വഴിമാറി സംഗീത സംവിധായകന്റെ കുപ്പായമണിയേണ്ടി വന്നു. തരംഗിണി സ്റ്റുഡിയോയുടെ മുറ്റത്തു മുറുക്കി തുപ്പിയതിന് എം.ജി. രാധാകൃഷ്ണന് യേശുദാസിന്റെ ശകാരമേല്‍ക്കേണ്ടി വന്നതും ചരിത്രം.

മറ്റക്കര സോമന്‍ എന്ന ഒരു പാവം പാട്ടെഴുത്തുകാരന്റെ പത്തു ക്രിസ്തീയ ഗാനങ്ങള്‍ (യഹൂദിയായിലെ ഒരു ഗ്രാമത്തില്‍….ഉള്‍പ്പടെ ) പാട്ടൊന്നിന് ആയിരം രൂപ നിരക്കില്‍ വില നിശ്ചയിച്ചു തരംഗിണി വാങ്ങുകയും സ്‌നേഹദീപം എന്ന കാസറ്റിറക്കുകയും ചെയ്തു. വിധിയുടെ ക്രൂരതയില്‍ സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടര വര്‍ഷത്തിന് ശേഷം സുഖം പ്രാപിച്ചു സോമന്‍ തിരികെ വന്നപ്പോള്‍ കാസറ്റിറങ്ങിക്കഴിഞ്ഞു. ഗാന രചയിതാവ് മറ്റൊരാളും. കരാറെഴുതിയ പാട്ടൊന്നിനു ആയിരം രൂപ പോലും സോമന് കിട്ടിയില്ല. നേരില്‍ കണ്ട് സോമന്‍ വിവരം പറഞ്ഞപ്പോള്‍ യേശുദാസ് പറഞ്ഞത് “ഈ രംഗത്ത് ഇത് സാധാരണയാണ്. സോമന്‍ ചെറുപ്പമാണല്ലോ ഇനിയും അവസരമുണ്ടാകും.” യേശുദാസും സുജാതയും പാടിയ ആ കാസറ്റ് അന്നും ഇന്നും ഹിറ്റായി കോടികള്‍ വാരി കൂട്ടുന്നു. സംഭവം നടന്നിട്ട് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു. സോമന്‍ എന്ന പാവം മനുഷ്യന്‍ നഷ്ടബോധത്തില്‍ നെഞ്ചുരുകി എവിടെയോ ഇരുന്ന് ഇന്നും പാട്ടെഴുതുന്നുണ്ടാകാം.

മക്കളില്‍ ആരോ പറഞ്ഞു യേശുദാസിന്റെ പാട്ടുകള്‍ ആര് പാടിയാലും റോയല്‍റ്റി വേണമെന്ന്. ഉത്സവ പറമ്പുകളിലും വഴിയോരങ്ങളിലും തീവണ്ടികളിലും നെഞ്ചത്തടിച്ചു പാടുന്ന ഭിക്ഷക്കാരില്‍ നിന്നും റോയല്‍റ്റിയോ? മക്കള്‍ പറഞ്ഞ വിവരക്കേട് അച്ഛനെങ്കിലും തിരുത്തണ്ടേ? അതുണ്ടായില്ല. വയലാര്‍ സ്മാരകത്തിന് പിരിവു ചോദിച്ചപ്പോള്‍ യേശുദാസ് പറഞ്ഞെന്നു കേട്ടു “കുടിച്ചു നശിച്ച ആ മനുഷ്യന് വേണ്ടി ഞാന്‍ ഒരു പൈസയും തരില്ല.” വയലാറിന്റെ പാട്ടുകള്‍ പാടി കോടികള്‍ സമ്പാദിച്ച ശുഭ്രവസ്ത്രധാരി, നിങ്ങള്‍ വെള്ള തേച്ച ശവമാടങ്ങളെ ഓര്‍മിപ്പിക്കുന്നു !

ഓര്‍ത്തെടുത്ത് എഴുതുവാന്‍ ഒരുപാട് ഉണ്ട്. കാലടി ഗോപിയുടെ ഏഴു രാത്രികള്‍ എന്ന നാടകത്തില്‍ കഴുത്തിലെ വെന്തിങ്ങയില്‍ ഒരു വശത്തു വേളാങ്കണ്ണി മാതാവും മറു വശത്തു ഗുരുവായൂരപ്പനുമായി ജീവിക്കാന്‍ ശ്രമിക്കുന്ന “പാഷാണം വര്‍ക്കി” എന്ന കഥാപാത്രത്തെ സ്മരിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top