ബിജെപിയോ കോണ്‍ഗ്രസ്സോ?; കര്‍ണാടകയില്‍ പോളിങ് തുടങ്ങി

1_209ബെംഗളൂരു:  സംസ്ഥാനത്തെ ഇനി ആരു മുന്നോട്ടു നയിക്കണമെന്നതില്‍ കര്‍ണാടകയിലെ ജനം വിധിയെഴുത്തു തുടങ്ങി. രാവിലെ ഏഴു മുതല്‍ തുടങ്ങിയ പോളിങ് വൈകിട്ട് ആറു വരെ നീളും.വോട്ടെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങളെത്തും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ‘ശനി’ നാളിലെ ഈ തിരഞ്ഞെടുപ്പു വിധിയെഴുത്തെന്നാണു വിലയിരുത്തല്‍.

രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. 2013നേക്കാള്‍ 12 ശതമാനം അധികം വോട്ടര്‍മാരാണ്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാര്‍ഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഏഴിടത്ത് എം 3 മോഡല്‍ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യന്ത്രത്തില്‍ എന്തെങ്കിലും ക്രമക്കേടു നടന്നാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ മോഡല്‍.

ആകെ 56,695 പോളിങ് സ്‌റ്റേഷനുകള്‍. ഇതില്‍ 450 എണ്ണം പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. മൂന്നര ലക്ഷത്തിലേറെ പോളിങ് ഉദ്യോഗസ്ഥരെയും നിയമിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി. മേയ് 15നാണു കര്‍ണാടകയില്‍ വോട്ടെണ്ണല്‍.

Print Friendly, PDF & Email

Leave a Comment