തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് ആശ്വാസം നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരൂ….; കര്‍ണ്ണാടക എം‌എല്‍‌എമാര്‍ക്ക് കേരള ടൂറിസം വകുപ്പിന്റെ ക്ഷണം

image-2തിരുവനന്തപുരം: കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് കോലാഹലങ്ങളില്‍ നിന്നും കഠിനമായ ചൂടില്‍ നിന്നും ആശ്വാസം നേടാന്‍ എം‌എല്‍‌എമാരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് കേരള ടൂറിസം വകുപ്പ്. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ക്ഷണം.

കര്‍ണാടകയിലെ അതികഠിനമായ പോരാട്ടത്തിനു ശേഷം സമ്മര്‍ദത്തില്‍ നിന്നും മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാനാണ് കേരള ടൂറിസം വകുപ്പ് പറഞ്ഞിരിക്കുന്നത്. ‘വരൂ, പുറത്തിറങ്ങി കളിക്കൂ’ എന്നൊരു ഹാഷ്ടാഗും കൂടെയുണ്ട്. തങ്ങളുടെ സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളില്‍ താമസമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ഉല്ലാസത്തിനായ് കേരളത്തിലേക്ക് ക്ഷണിക്കുന്നതായാണ് ട്വീറ്റിലെ വരികളെങ്കിലും ചില രാഷ്ട്രീയ സൂചനകള്‍ അത് നല്‍കുന്നുണ്ട്. കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും കര്‍ണാടകയില്‍ നേടാനാവാത്ത സാഹചര്യത്തില്‍ എംഎല്‍എമാരെ എതിര്‍പാര്‍ട്ടിക്കാര്‍ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ്.

എംഎല്‍എമാരെ എതിര്‍പക്ഷം ചാക്കിട്ടുപിടിക്കുന്നതു തടയാന്‍ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ റിസോര്‍ട്ടുകളിലേക്കു മാറ്റുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിവാണ്. ഗുജറാത്തിലും തമിഴ്‌നാട്ടിലും സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ക്ഷണമെത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News