കോഴിക്കോട്: അപൂര്‍വ്വ പനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം കൂടുന്നു. പേരാമ്പ്രയിലെ പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് തന്നെയെന്ന് പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണമുള്ളത്. പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു പേര് കൂടി ഇന്ന് മരിച്ചു. പേരാമ്പ്ര സ്വദേശി ജാനകി, കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന് എന്നിവരാണ് അപൂര്‍വ പനി ബാധിച്ച് ഇന്ന് മരണമടഞ്ഞത്. വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ ആറായി.
കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയീലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച ഇസ്മായിലും വേലായുധനും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.
തലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. പനിബാധിച്ച് കഴിഞ്ഞ കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശികള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂസയെന്നായുളുടെ നില ഗുരുതരാവസ്ഥയിലാണ്. ഇയാളുടെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരും സഹോദര ഭാര്യ മറിയവുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്.
ഇവരോടൊപ്പം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളടക്കം 25 പേര് ഐസൊലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മരിച്ച സാബിത്ത് അടക്കമുള്ളവരെ ആദ്യ ഘട്ടത്തില്‍ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സിന്റെ നിലയും ഗുരുതരമാണെന്നാണ് അറിയുന്നത്.
വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ ജനതിക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് മരണകാരണമായി കണക്കാക്കുന്ന നിപ്പാ വൈറസ്. അതേസമയം ജില്ലയില്‍ പ്രത്യക്ഷപ്പെട്ട പനി മരണങ്ങള് പഠിക്കുവാനും ചികിത്സ പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്ജിതപ്പെടുത്തുവാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ ഗൗരവമായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഇവര്‍ നാളെ കോഴിക്കോട്ടെത്തും.
നിപ്പാ വൈറസ്
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
ലോകത്തിന്റെ പലഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2001 മുതലുള്ള കണക്കാണിത്.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല് കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന് ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news