Flash News

തൂത്തുക്കുടിയിലെ വെടിവെപ്പ് ആസൂത്രിതമായിരുന്നുവെന്ന്; കൊല്ലപ്പെട്ട എല്ലാവരുടേയും മൃതദേഹങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സൂക്ഷിക്കണമെന്ന് കോടതി; കളക്ടര്‍ക്കും എസ്‌പിക്കും സ്ഥാന ചലനം

May 24, 2018

gചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തിനു നേരെ രണ്ടാം ദിവസവും പൊലീസ് നടപടി തുടര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത്. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കു നേരെനടത്തിയെ പൊലീസ് നരനായാട്ടിന്റെ പശ്ചാതലത്തില്‍ തൂത്തുകുടി ജില്ലാ കളക്ടറെയും എസ്പിയെയും സ്ഥലം മാറ്റി. രണ്ട് ദിവസങ്ങളിലായി നടന്ന പൊലീസ് വെടിവെയ്പ്പില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കളക്ടര്‍ എന്‍ വെങ്കിടേശ്, എസ്പി പി മഹേന്ദ്രന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. തിരുനല്‍വേലി കലക്ടറായിരുന്ന സന്ദീപ് നന്ദൂരിയായിരിക്കും തൂത്തുക്കുടിയിലെ പുതിയ കലക്ടര്‍. എസ്പി പി.മഹേന്ദ്രനു പകരം മുരളി രംഭയായിരിക്കും എസ്പിയെന്ന് അഡീ.ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തൂത്തുക്കുടി കലക്ടര്‍ക്കും എസ്പിക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിക്കു മുന്‍പാകെ മൂന്ന് അഭിഭാഷകര്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേയാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. നൂറ് ദിവസത്തോളം സമാധാനപരമായി പ്രക്ഷോഭം നടത്തിയിരുന്നവര്‍ക്ക് നേരെ ഇന്നലെ ഒരു പ്രകോപനവുംകൂടാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

അതിനിടെ, ബുധനാഴ്ചയും സമരക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായി. അണ്ണാനഗറില്‍ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. വെടിയേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി ജില്ലകളില്‍ അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റിനും വിലക്കുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ എസ്പി മഹേന്ദ്രനു ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

sterlite-2-759 (1)അതേസമയം, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സൂക്ഷിച്ചു വയ്ക്കണമെന്നു മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ സംഘം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും അതു വീഡിയോയില്‍ പകര്‍ത്തണമെന്നും ആവശ്യപ്പെട്ടു അഭിഭാഷകര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. ഹര്‍ജിയിന്മേല്‍ മേയ് 30നകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാലു മജിസ്‌ട്രേറ്റുമാര്‍ റീ-പോസ്റ്റ്‌മോര്‍ട്ടത്തിനു സാക്ഷ്യം വഹിക്കുമെന്ന് അഡീ.അഡ്വ. ജനറല്‍ നര്‍മദ സമ്പത്ത് കോടതിയെ അറിയിച്ചു. വെടിവെപ്പ് അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും സ്വീകാര്യനായ ഒരു ഡോക്ടറുടെ സാന്നിധ്യത്തില്‍ വേണം പോസ്റ്റ്‌മോര്‍ട്ടമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. പൊലീസല്ലാത്ത ചിലര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വെടിവെപ്പു വിദഗ്ധരായ അവരാണ് അക്രമത്തിനു പിന്നില്‍. ഇതിനെപ്പറ്റി ജുഡീഷ്യല്‍ തലത്തില്‍ അന്വേഷണം വേണം. സംഭവവുമായി ബന്ധപ്പെട്ട് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നവരെ പുറത്തുവിടണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു മതിയായ ധനസഹായം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടു. സമരക്കാര്‍ക്കു നേരെ മനഃപൂര്‍വമായ കൊലപാതകശ്രമമാണു നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

ഒരു മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ലോങ്ങ് മാര്‍ച്ച് പ്ലാന്റിനു മുന്നില്‍ പൊലീസ് തടഞ്ഞതോടെ ആരംഭിച്ച അക്രമങ്ങള്‍ പൊലീസ് വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പടെ 11 പേരാണ് പൊലീസ് വെടിവെയ്പ്പില്‍ ഇന്നലെ കൊല്ലപ്പെട്ടത്. അതേസമയം പൊലീസ് നടത്തിയ വെടിവെയ്പ്പ് ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതു കൊണ്ടൊന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്ലാന്റ് അടച്ച് പൂട്ടും വരെ സമരം തുടരുമെന്ന നിലപാടിലാണ് നാട്ടുകാര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top