Flash News

ഉത്തര കൊറിയ വാക്കു പാലിച്ചു; പര്‍‌വ്വതങ്ങള്‍ക്കടിയില്‍ നിര്‍മ്മിച്ചിരുന്ന ആണവ പരീക്ഷണ കേന്ദ്രം തകര്‍ത്തു

May 24, 2018 , .

180524102130-04-punggye-ri-nuclear-test-site-0523-exlarge-169ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വാക്കു പാലിച്ചു. രാജ്യത്തെ ഏക ആണവപരീക്ഷണ കേന്ദ്രവും സ്‌ഫോടനത്തില്‍ തകര്‍ത്താണ് ഉത്തര കൊറിയന്‍ ഭരണാധികാരി വാക്കു പാലിച്ചത്. അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടര്‍പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു കിം ജോങ് ഉന്നിന്റെ നിര്‍ദേശ പ്രകാരം പന്‍ഗീരിയിലെ ആണവപരീക്ഷണ കേന്ദ്രം തകര്‍ത്തത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നശിപ്പിച്ചതെന്ന് അവകാശപ്പെട്ട് ആണവ പരീക്ഷണ കേന്ദ്രത്തിന്റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു. ആദ്യഘട്ട നശീകരണ പ്രവര്‍ത്തനങ്ങളെന്നു വിശേഷിപ്പിച്ചാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഇവിടെയാണു കഴിഞ്ഞ സെപ്റ്റംബറിലേത് അടക്കം ആറു പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയത്. പര്‍വതം തുരന്നു നിര്‍മിച്ച ഈ ആണവപരീക്ഷണ കേന്ദ്രം വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഉത്തരകൊറിയ തകര്‍ത്തത്. സ്‌ഫോടനത്തിനു പിന്നാലെ തുരങ്കത്തിലേക്കുള്ള വാതിലുകളും അടച്ചു.

റേഡിയോ ആക്ടിവ് വികിരണങ്ങള്‍ പുറത്തേക്കെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സമീപപ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകര്‍ത്തത്. രാജ്യാന്തര തലത്തില്‍ അണ്വായുധ നിര്‍വ്യാപീകരത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് ഇതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയുടെ വിഡിയോഗ്രാഫര്‍മാരെ ഉള്‍പ്പെടെ ആണവകേന്ദ്രം തകര്‍ക്കുന്നതിനു സാക്ഷിയാകാന്‍ ക്ഷണിച്ചിരുന്നു. സ്‌ഫോടന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വൈകാതെ പുറത്തുവരുമെന്നാണു സൂചന. അതേസമയം, രാജ്യാന്തര അണ്വായുധ നിരീക്ഷകരെ ക്ഷണിച്ചിരുന്നില്ല.

ഒന്‍പതു മണിക്കൂറോളം നീണ്ട തുടര്‍ സ്‌ഫോടനങ്ങള്‍ക്കൊടുവിലാണ് ആണവകേന്ദ്രം തകര്‍ത്തത്. പര്‍വതം തുരന്നു മൂന്നു തുരങ്കങ്ങളിലായിട്ടായിരുന്നു പരീക്ഷണകേന്ദ്രം. പര്‍വതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആണവകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടങ്ങളും നിര്‍മിച്ചിരുന്നു. ഇവയും സ്‌ഫോടനത്തില്‍ തകര്‍ത്തു. പ്രാദേശിക സമയം രാവിലെ 11നായിരുന്നു ആദ്യ സ്‌ഫോടനം. ആണവകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ തുരങ്കമാണ് ആദ്യം തകര്‍ത്തത്. 2009നും 2017നും ഇടയ്ക്ക് ഇവിടെ മാത്രം അഞ്ച് ആണവപരീക്ഷണങ്ങളാണു നടത്തിയിരുന്നത്.

ഉച്ചയ്ക്ക് 2.20നും വൈകിട്ട് നാലിനുമായിരുന്നു ശേഷിച്ച രണ്ടു സ്‌ഫോടനങ്ങള്‍. അതില്‍ യഥാക്രമം പടിഞ്ഞാറ്, തെക്കു വശത്തുള്ള തുരങ്കങ്ങള്‍ തകര്‍ത്തു. ഇതോടൊപ്പം മേഖലയില്‍ നിരീക്ഷണത്തിനു സ്ഥാപിച്ച ബാരക്കുകളും മറ്റും തകര്‍ത്തു. കിഴക്കു ഭാഗത്തെ തുരങ്കം 2006ലെ ആദ്യ പരീക്ഷണത്തിനു ശേഷം അടച്ചു പൂട്ടിയിരുന്നു.

ഐക്യരാഷ്ട്ര സംഘടന, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ക്കു നടുവില്‍ കഴിഞ്ഞവര്‍ഷമാണ് ഉത്തര കൊറിയ അവസാനമായി ആണവപരീക്ഷണം നടത്തിയത്. യുഎസ് വരെ എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടര്‍ച്ചയായി നടത്തിയതു മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിരുന്നു.

180524072248-north-korea-test-site-2-exlarge-169


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top