- Malayalam Daily News - https://www.malayalamdailynews.com -

ട്രം‌പ് വീണ്ടും മനസ്സു മാറ്റുന്നു; ഉത്തര കൊറിയയുമായി ജൂണ്‍ 12-ന് സിംഗപ്പൂരില്‍ തന്നെ ചര്‍ച്ചയാകാമെന്ന്; ഉത്തര കൊറിയയുടെ ആണവ കേന്ദ്രം തകര്‍ക്കുന്ന വീഡിയോ സ്കൈ ന്യൂസ് പുറത്തുവിട്ടു

maxresdefault-1നേരത്തെ പറഞ്ഞതുപോലെ കിം ജോംഗ് ഉന്നുമായി വേണമെങ്കില്‍ ചര്‍ച്ചയാകാമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. ഉത്തര കൊറിയയിലെ ഒരേയൊരു ആണവകേന്ദ്രം സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ട്രം‌പിന്റെ പ്രസ്താവന. ആണവപരീക്ഷണ കേന്ദ്രത്തിലേക്കുള്ള മൂന്നു തുരങ്കങ്ങളും സമീപത്തെ കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ക്കുന്ന വീഡിയോയാണു പുറത്തുവന്നത്. ഒന്‍പതു മണിക്കൂറോളം നീണ്ട തുടര്‍ സ്‌ഫോടനങ്ങള്‍ക്കൊടുവിലാണ് ആണവകേന്ദ്രം തകര്‍ത്തത്. ആണവകേന്ദ്രത്തിന്റെ പ്രധാനപ്പെട്ട മൂന്നു തുരങ്കങ്ങളും മറ്റു കെട്ടിടങ്ങളും തകര്‍ക്കുന്നതിന്റെ നിശ്ചല ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ഇതിനിടെ ഡൊണള്‍ഡ് ട്രംപും കിം ജോങ് ഉന്നുമായുള്ള ഉച്ചകോടി തടസ്സപ്പെട്ട സാഹചര്യത്തില്‍ എന്തു തുടര്‍ നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഉത്തര-ദക്ഷിണ കൊറിയ തലവന്മാര്‍ രഹസ്യകൂടിക്കാഴ്ച നടത്തി. കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള അതീവസുരക്ഷാ പ്രദേശത്തായിരുന്നു ശനിയാഴ്ച നടന്ന കൂടിക്കാഴ്ച. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയുടെ വിശദ വിവരങ്ങള്‍ ഞായറാഴ്ച പുറത്തുവിടുമെന്ന് മൂണ്‍ ജെ ഇന്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഉത്തരകൊറിയയുമായി നടത്തിയ ഫോണ്‍ സംഭാഷണം ഫലപ്രദമായിരുന്നെന്ന ട്വീറ്റുമായി ട്രംപ് രംഗത്തെത്തി. പറഞ്ഞുറപ്പിച്ചതു പ്രകാരം ജൂണ്‍ 12നു സിംഗപ്പൂരില്‍ വച്ചു തന്നെ ചര്‍ച്ച നടന്നേക്കാം. എന്നാല്‍ ആവശ്യമെങ്കില്‍ തീയതി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണു ട്രംപിന്റെ മനംമാറ്റം. ഇതിനെ ദക്ഷിണ കൊറിയയും സ്വാഗതം ചെയ്തു.

സിംഗപ്പൂരില്‍ ഉച്ചകോടി ഒരുക്കങ്ങള്‍ക്കായി എത്തിയ യുഎസ് സംഘത്തെ ഏറെസമയം കാത്തിയിരുത്തിയത് അടക്കം ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങളാണ് ഉച്ചകോടി റദ്ദാക്കാന്‍ കാരണമെന്നായിരുന്നു നേരത്തേ വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ ചര്‍ച്ച മാറ്റാനിടയില്ലെന്ന ട്രംപിന്റെ പുതിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ആണവകേന്ദ്രം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവാദം നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ പുറത്തുവന്നത്. പര്‍വതം തുരന്നു മൂന്നു തുരങ്കങ്ങളിലായിരുന്നു പരീക്ഷണകേന്ദ്രം. പര്‍വതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആണവകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടങ്ങളും നിര്‍മിച്ചിരുന്നു. ഇവയും സ്‌ഫോടനത്തില്‍ തകര്‍ത്തു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11 നായിരുന്നു ആദ്യ സ്‌ഫോടനം. ആണവകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ തുരങ്കമാണ് ആദ്യം തകര്‍ത്തത്. 2009 നും 2017നും ഇടയ്ക്ക് ഇവിടെ മാത്രം അഞ്ച് ആണവപരീക്ഷണങ്ങളാണു നടത്തിയത്.

ഉച്ചയ്ക്ക് 2.20നും വൈകിട്ട് നാലിനുമായിരുന്നു മറ്റ് രണ്ടു സ്‌ഫോടനങ്ങള്‍. അതില്‍ പടിഞ്ഞാറ് വശത്തും, തെക്കു വശത്തുമുള്ള തുരങ്കങ്ങള്‍ തകര്‍ത്തു. ഇതോടൊപ്പം മേഖലയില്‍ നിരീക്ഷണത്തിനു സ്ഥാപിച്ച ബാരക്കുകളും മറ്റും തകര്‍ത്തു. അതേസമയം, ഉത്തരകൊറിയ ഇതിന്റെ ചിത്രങ്ങള്‍ മാത്രമാണു പുറത്തുവിട്ടത്. സ്‌ഫോടനത്തില്‍ പര്‍വതത്തോടു ചേര്‍ന്നുള്ള മണ്ണിടിഞ്ഞു താഴുന്നതും മരങ്ങള്‍ ഉള്‍പ്പെടെ പൊട്ടിച്ചിതറുന്നതും വീഡിയോയില്‍ കാണാം.

അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടര്‍പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കിം ജോങ് ഉന്നിന്റെ നിര്‍ദേശ പ്രകാരം ആണവപരീക്ഷണ കേന്ദ്രം തകര്‍ത്തത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]