Flash News

ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ വഞ്ചിക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

May 27, 2018 , കെ.എം. സാബിര്‍ അഹ്‌സന്‍

fraternityകോഴിക്കോട്: ബിരുദ കോഴ്സുകളില്‍ എല്ലാ വര്‍ഷവും സര്‍ക്കാറില്‍ നിന്ന് അനുവദിച്ചു കിട്ടാറുള്ള സീറ്റ് വര്‍ധന ഇപ്രാവശ്യം സിന്‍ഡിക്കേറ്റിന്റെ നിസംഗത മൂലം നഷ്ടപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ വഞ്ചിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷഫ്രിന്‍ ആവശ്യപ്പെട്ടു.

ഡിസംബറില്‍ സിന്‍ഡിക്കേറ്റ് ഇന്‍സ്പെക്ഷന്‍ നടത്തി സീറ്റ് വര്‍ധനവിനായി കോളേജുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും മാര്‍ച്ച് 31നകം അത് സര്‍ക്കാറിന് കൈമാറുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ മെയ് അവസാനമായിട്ടും ഇത് ചെയ്യാത്തതിനാല്‍ വയനാട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലായി 5000 ത്തില്‍ പരം സീറ്റ് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. പൊതുവെ മലബാര്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറിക്കു ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ പതിനായിരക്കണക്കിന് വിദ്യാർത്ഥികള്‍ പുറന്തള്ളപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി ഭീകരമാക്കുന്ന നടപടി യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.

നിരവധി വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ ഇല്ലാതാകുമെന്നതിനാല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് സീറ്റ് വര്‍ധനവ് സാധ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും മറിച്ച് എല്ലാ വര്‍ഷവും നടത്താറുള്ള പെര്‍മനന്റ് സീറ്റ് ഇന്‍ക്രീസിങ്ങിന് അധികൃതര്‍ മനഃപൂര്‍വം തയ്യാറാവാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മൂല്യ നിര്‍ണയത്തിന് അധ്യാപകര്‍ ഹാജരാകാത്തതിന്റെ പേരില്‍ 8 കോളേജുകളിലെ ബിരുദ ഫലങ്ങള്‍ തടഞ്ഞുവെച്ച യൂണിവേഴ്സിറ്റി നടപടി നീതീകരിക്കാനാവില്ല. അധ്യാപകര്‍ ചെയ്ത തെറ്റിന് വിദ്യാര്‍ത്ഥികളെ ബലിയാടാക്കരുത്. വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടാതെ ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top