കോട്ടയത്തെ ദുരഭിമാനക്കൊലപാതകം; കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വൈകും; വ്യവസ്ഥകളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

KEVIN-1കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ മൂന്നു വ്യവസ്ഥകളുമായി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കണം പോസ്റ്റ്‌മോര്‍ട്ടമെന്നും, നടപടിക്രമങ്ങളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്നും ഏറ്റവും സീനിയറായ ഡോക്ടര്‍ തന്നെ വേണം പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കേണ്ടതെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

‘തിരിമറിയില്ലാത്ത വിധത്തിലുള്ള പോസ്റ്റ്‌മോര്‍ട്ടമാണ് ഉറപ്പാക്കേണ്ടത്. ഒന്നും ഒളിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടാകരുത്. നിബന്ധകളെല്ലാം പാലിച്ച് ഏതു സമയത്തു നടപ്പാക്കാന്‍ പറ്റുമോയെന്നു വേണം നോക്കേണ്ടത്. നാളെയെങ്കില്‍ നാളെ. അതു പകല്‍ സമയത്തു തന്നെ ചെയ്യണമെന്നുണ്ട്. രാത്രിയാണെങ്കില്‍ അതിനുള്ള എല്ലാ സൗകര്യവും ഒരുക്കണം. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ട്, പരുക്കുകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഒന്നും ഒളിച്ചുവയ്ക്കാന്‍ ഇടവരരുതെന്നും’ തിരുവഞ്ചൂര്‍ പറഞ്ഞു

അതിനിടെ കെവിന്റെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ വന്‍ പ്രതിഷേധം നടന്നു. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണു ആംബുലന്‍സ് തടഞ്ഞത്. കെവിന്റെ മൃതദേഹം കാണണമെന്ന ആവശ്യത്തിനിടെ പൊലീസ് ഇടപെടലുണ്ടായി. മൃതദേഹം മോര്‍ച്ചറിയിലേക്കു കയറ്റിയിരിക്കുകയാണിപ്പോള്‍. പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ഇന്നു പോസ്റ്റ് മോര്‍ട്ടം നടക്കാന്‍ സാധ്യതയില്ലെന്നാണറിയുന്നത്. അതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കോട്ടയത്തേക്കു തിരിച്ചിട്ടുണ്ട്.

കെവിന്റെ കൊലപാതകത്തിലും പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്തു നടത്തിയ ജില്ലാ പൊലീസ് ഓഫിസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കെവിന്‍ ജോസഫിന്റെ ദുരഭിമാനക്കൊലയില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് പൊറുക്കാനാകാത്ത കൃത്യവിലോപമെന്ന് മുസ്!ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാതി കിട്ടിയിട്ടും അന്വേഷിക്കില്ലെന്ന പൊലീസിന്റെ ധിക്കാരമാണു സംഭവം കൊലപാതകത്തിലേക്കെത്തിച്ചത്. ഈ സര്‍ക്കാര്‍ ചുമതലയേറ്റശേഷം പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകളുടെ ഘോഷയാത്രയാണ് നടക്കുന്നത്. ഇതു കൈകാര്യം ചെയ്യുന്നതില്‍ എന്തോ കഴിവുകേട് സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രി അതു പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment