Flash News

ഉത്തര കൊറിയന്‍ പ്രതിനിധി കിം യോങ് ചോയ് ട്രം‌പുമായി കൂടിക്കാഴ്ച നടത്താന്‍ ന്യൂയോര്‍ക്കിലെത്തുന്നു

May 29, 2018

1525668960-Donald_Trump-Kim_Jong_Unവാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉത്തരകൊറിയയില്‍ നിന്നുള്ള പ്രതിനിധി യുഎസിലെത്തുമെന്നു പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

‘ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ക്കു വേണ്ടി വലിയ സംഘത്തെയാണു തയാറാക്കിയിരിക്കുന്നത്. കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്. ഉത്തരകൊറിയയുടെ വൈസ് ചെയര്‍മാന്‍ കിം യോങ് ചോയ് ന്യൂയോര്‍ക്കിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. എന്റെ കത്തിനു കൃത്യമായ മറുപടി നല്‍കിയതിനു നന്ദിയുണ്ട്’ ട്രംപ് ട്വീറ്റ് ചെയ്തു.

കിം ജോങ് ഉന്നിന്റെ വലംകൈയായാണ് കിം യോങ് ചോയ് അറിയപ്പെടുന്നത്. ഏറെക്കാലമായി ഉത്തരകൊറിയയുടെ ചാരത്തലവനായിരുന്ന അദ്ദേഹം വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും കൂടിയാണ്. ന്യൂയോര്‍ക്കിലേക്കു പോകുന്നതിന്റെ ഭാഗമായി ജനറല്‍ കിം യോങ് ചോയ് ഇന്നുരാവിലെ ബെയ്ജിങ് വിമാനത്താവളത്തിലെത്തി.ഇവിടെ നിന്ന് ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അദ്ദേഹം യുഎസിലേക്കു തിരിക്കുകയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ചാണ് കിം ജോങ് ഉന്നും ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയില്ലെന്ന് ട്രംപ് തന്നെ പിന്നീട് അറിയിച്ചു. നടപടി ക്രമങ്ങള്‍ക്ക് ഉത്തരകൊറിയ സഹകരിക്കുന്നില്ലെന്നായിരുന്നു യുഎസിന്റെ പരാതി. എന്നാല്‍ പിന്നീടു വീണ്ടും ചര്‍ച്ചാ സാധ്യതകള്‍ സജീവമായി. ഇതിന്റെ ഭാഗമായാണ് ഉത്തരകൊറിയന്‍ പ്രതിനിധിയുടെ യുഎസ് സന്ദര്‍ശനമെന്നാണ് കരുതുന്നത്.

കിം യോങ് ചോയ്‌ക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിലെ ചോ കാങ് ഇല്ലും യുഎസിലേക്കു പോകുന്നുണ്ട്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ഉത്തരകൊറിയന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. നേരത്തേ പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top