യുഡിഎഫിന്റെ പരാജയത്തിന് തൊലിപ്പുറത്തെ ചികിത്സ പോര; രോഗമറിഞ്ഞുള്ള ചികിത്സ തന്നെ വേണം: വിഎം സുധീരന്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് തൊലിപ്പുറത്ത ചികിത്സ പോരെന്നും രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്.
ചെങ്ങന്നൂരില്‍ കനത്ത പരാജയമാണ് യുഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നത്, അവിടുത്തെ പ്രത്യേക സാഹചര്യമാകാം ഇതിനു കാരണം, പാര്‍ട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തേണ്ടതാണ്, സുധീരന് വ്യക്തമാക്കി.
പരാജയ കാരണം കോണ്‍ഗ്രസ് പരിശോധിക്കണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം കോണ്‍ഗ്രസും യു.ഡി.എഫും പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ലീഗിന്റെ സ്വാധീന മേഖലകളിലെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും കിട്ടിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എം പിന്തുണ പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫിന് വേണ്ടി പ്രചാരണം നടത്താന്‍ സമയം കിട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ചെങ്ങന്നൂരില്‍ കനത്ത പരാജയമാണ് യുഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നതെന്നും പാര്‍ട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തേണ്ടതാണെന്നും സുധീരന് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞു: കെകെ ശൈലജ
കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണെന്നും നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ജാതിമത ഭേദമില്ലാതെ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണ്. ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം കൊണ്ട് മനസിലാക്കാന്‍ കഴിഞ്ഞത്,’ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
‘ശരിയായ ദിശയിലാണ് നമ്മുടെ സര്‍ക്കാര്‍ എന്നതിന്റെ തെളിവാണിത്. ഈ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് പകരും. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. ഇടതുപക്ഷ മുന്നണിയെ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് നന്ദി, ഒപ്പം സഹപ്രവര്‍ത്തകനായ സഖാവ് സജി ചെറിയാന് ആശംസകളും,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് വിലയില്ലാതായെന്ന് വെള്ളാപ്പള്ളി; ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി
ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരില്‍ ജനം വോട്ട് നല്‍കിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയില്ലാതായതായും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടെ അഹങ്കാരത്തിനേറ്റ ഫലമാണ് അവര്‍ മൂന്നാം സ്ഥാനത്തെത്താന്‍ കാരണം. പി.എസ്. ശ്രീധരന്‍പിള്ള നല്ല സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ബിജെപിയുടെ അഹങ്കാരത്തിന്റെ ബലിമൃഗമാകേണ്ടിവന്നത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം: എംഎം മണി
ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച് മന്ത്രി എം എം മണി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെയാണ് പരിഹാസവുമായി മന്ത്രി രംഗത്തെത്തിയത്. ‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ എന്ന ഒറ്റവരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്.
ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്മാര് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണെന്ന് മണി പറഞ്ഞു. വര്‍ഗീയവാദികളോടും കപട മതേതരവാദികളോടും ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ ചെങ്ങന്നൂര്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും മണി പോസ്റ്റില്‍ കുറിച്ചു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് സജി ചെറിയാന് വിജയിച്ചത്.
എന്നാല്‍ സകലമാന ട്രോളന്മാരെയും കടത്തിവെട്ടുകയായിരുന്നു മന്ത്രി കടകംപള്ളി. ഫ്രണ്ട്സ് അയാം സേഫ് എന്നാണ് അദ്ദേഹം കുറിച്ചത്. മുമ്പ് സംസ്ഥാനത്ത് ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് ട്വിറ്ററില്‍ കുറിച്ചതായിരുന്നു ഇത്. കുമ്മനത്തിന്റെ ഡയലോഗ് സോഷ്യല്‍ മീഡിയയെ അക്കാലത്ത് കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്.
ഇക്കാര്യമാണ് കടകംപള്ളിയും സൂചിപ്പിച്ചത്, പരോക്ഷമായ കുത്ത് കുമ്മനത്തിനുതന്നെ. കുമ്മനം മിസോറാമിലേക്ക് കടന്നതാണ് അദ്ദേഹം സുരക്ഷിതനായി എന്നതുകൊണ്ട് മന്ത്രി ഉദ്ദേശിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply