Flash News

പുകവലി വെടിയൂ ഹൃദ്രോഗം പ്രതിരോധിക്കൂ: ആന്റി സ്‌മോക്കിംഗ് സൊസൈറ്റി

May 31, 2018

PH 1

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ആന്റി സ്‌മേക്കിംഗ് സൊസൈറ്റി പൊതുജനാരോഗ്യ മന്ത്രാലയവുമായി സംയുക്തമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ടൊബാക്കോ കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍ ഡോ. മജ്ദീ യൂസുഫ് അശൂര്‍, കമ്മ്യൂണിറ്റി ആന്റ് ബിഹേവിയറല്‍ ചെയിഞ്ച് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് സോഫിയ ബീഗം, ആന്റി സ്‌മോക്കിംഗ് ഇന്‍സെപെക്ടര്‍മാരായ ബദര്‍ അല്‍ റുമൈഹി, അഹ്മദ് അല്‍ നുഐമി, പരിപാടിയുടെ പ്രായോജകരായ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: പുകവലിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും ഈ രംഗത്ത് വ്യക്തികളും സമൂഹവും ഉത്തരവാദിത്തം നിറവേറ്റണമെന്നും ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര ഉദ്ഘാടനം ചെയ്തു.

പുകയിലയും ഹൃദ്രോഗവുമെന്ന സുപ്രധാനമായ പ്രമേയം ചര്‍ച്ചക്ക് വെച്ചാണ് ലോകാരോഗ്യ സംഘടനയും അനുബന്ധ സ്ഥാപനങ്ങളും ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനം ആചരിക്കുന്നതെന്നും ലോകാടിസ്ഥാനത്തില്‍ തന്നെ ആരോഗ്യ രംഗത്തെ ശക്തമായ വെല്ലുവിളിയായി മാറിയ ഹൃദ്രോഗത്തിന്റെ വ്യാപനത്തില്‍ പുകയില ഉല്‍പന്നങ്ങളുടെ പങ്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗം തടയാനാകുമെന്ന സന്ദേശമാണ് ഈ പ്രമേയം മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗം കാരണമായാണ്. രക്ത സമ്മര്‍ദ്ധം കഴിഞ്ഞാല്‍ ഹൃദ്രോഗത്തിന് ആക്കം കൂട്ടുന്ന പ്രധാന വില്ലന്‍ പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗവുമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഏകദേശം 12 ശതമാനം ഹൃദ്രോഗങ്ങള്‍ക്കും പുകവലി നേരിട്ടോ അല്ലാതെയോ കാരണമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പുകയില ഹൃദയങ്ങള്‍ തകര്‍ക്കുന്നു. അതിനാല്‍ ആരോഗ്യം തെരഞ്ഞെടുക്കുക. പുകയിലയെയല്ല എന്ന ലോക പുകയില വിരുദ്ധ ദിന സന്ദേശം ഏറെ കാലിക പ്രാധാന്യമുളളതാണ്.

PH 2

ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി ഹസന്‍ കുഞ്ഞി പുകയില വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കുന്നു

വൈദ്യശാസ്ത്ര പരമായി ലോകം പുരോഗമിക്കാത്ത കാലത്ത് മനുഷ്യന്‍ അനുഭവിച്ച മിക്ക പ്രയാസങ്ങളും മാറാരോഗങ്ങള്‍, അണുബാധ, മരുന്നുകളുടെ ദൗര്‍ലഭ്യത എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാല്‍ ശാസ്ത്രീയരംഗത്തും വൈദ്യ മേഖലയിലും കൈവരിച്ച പുരോഗതി ഈ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സഹായിച്ചെങ്കിലും മനുഷ്യന്റെ ബിഹേവിയറല്‍ ഡിസ് ഓര്‍ഡറുകളും അശാസ്ത്രീങ്ങളായ ജീവിത രീതികളും എല്ലാവര്‍ക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ മുന്നില്‍ വലിയ തടസ്സമായി നിലകൊള്ളുകയാണ്. ഈ രംഗത്ത് ഏറ്റവും വലിയ വില്ലനായി നിലകൊള്ളുന്ന ഒരു ദുസ്വഭാവമാണ് പുകവലി. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ അനിവാര്യമാണെന്ന് ചടങ്ങില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ച സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് പറഞ്ഞു.

ഏതൊരു സാമൂഹ്യ തിന്മയുടെ നിര്‍മാര്‍ജനത്തിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. സമൂഹ ഗാത്രത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന പുകവലി അവസാനിപ്പിക്കുന്നതിലും ഗവണ്‍മെന്റ് തലത്തിലുള്ള എല്ലാ നിയമപരമായ സഹായങ്ങളോടുമൊപ്പം സമൂഹത്തിന്റെ കൂട്ടായ്മക്ക് വമ്പിച്ച സ്വാധീനം ചെലുത്താന്‍ കഴിയും. പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും സവിശേ,മായ ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ സ്ഥിരമായി നടക്കേണ്ടതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍കുഞ്ഞി പുകവലി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥി സഅദ് അമാനുല്ല, മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, ഐ.സി.ബി. എഫ്. വൈസ് പ്രസിഡണ്ട് പി. എന്‍. ബാബു രാജന്‍ എന്നിവര്‍ സംസാരിച്ചു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.

പുകയില വിരുദ്ധ പ്രമേയത്തില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെയാണ് പുകയില വിരുദ്ധ ദിനാചരണ പരിപാടികള്‍ തുടങ്ങിയത്. പ്രദര്‍ശനം ആരോഗ്യ മന്ത്രാലയത്തിലെ ടൊബാക്കോ കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍ ഡോ. മജ്ദീ യൂസുഫ് അശൂര്‍, കമ്മ്യൂണിറ്റി ആന്റ് ബിഹേവിയറല്‍ ചെയിഞ്ച് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് സോഫിയ ബീഗം, ആന്റി സ്‌മോക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബദര്‍ അല്‍ റുമൈഹി, അഹ്മദ് അല്‍ നുഐമി, പരിപാടിയുടെ പ്രായോജകരായ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണ പ്രക്രിയക്ക് ആഹ്വാനം ചെയ്തുകൊണ്ടും ഗുണപരമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കാനുദ്ദേശിച്ചുകൊണ്ടും 1988 ലാണ് ലോകാരോഗ്യ സംഘടന മെയ് 31 ലോക പുകവലി വിരുദ്ധ ദിനമായി നിശ്ചയിച്ചത്. പുകവലിയുടെ മാരകവിപത്തുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി ഈ ദുശ്ശീലത്തിന്നെതിരെ ആവശ്യമായ മുന്നേറ്റങ്ങള്‍ക്കായി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നായി മുറവിളിയുയരുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായ പ്രവര്‍ത്തന രീതിയും തുടര്‍ച്ചയായ ഫോളോഅപ്പുവര്‍ക്കുകളുടേയും അഭാവത്തില്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തുന്നില്ല. കേവലം പ്രഖ്യാപനങ്ങള്‍ക്കും പ്രചാരവേലകള്‍ക്കുമുപരിയായി ആത്മാര്‍ഥമായ കൗണ്‍സിലിംഗ്, മെഡിസിന്‍ സൗകര്യങ്ങളോടെയുള്ള ചികില്‍സ എന്നിവയിലൂടെ മാത്രമേ പുകവലിയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ലോകോരോഗ്യ സംഘടന കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top