ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയ്ക്കൊരുങ്ങി ഹൈക്കമാന്റ്

kpccചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പു കേടാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ജയിക്കാന്‍ കഴിയാത്തത് പാര്‍ട്ടി പ്രതിപക്ഷ നേതൃത്വങ്ങളുടെ പിടിപ്പുകേടാണെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. ഇതേ തുടര്‍ന്ന് സമഗ്രമായ തലമുറമാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എംഎം ഹസനെ മാറ്റി പുതിയ കെ.പി.സി.സി അധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ മാറ്റുമെന്നും സൂചന പുറത്തുവന്നിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളാകണം പ്രസിഡന്റെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. കേരളത്തിലെ നേതാക്കളുടെ താത്പര്യം പരിഗണിച്ച് മാത്രമേ ഇത്തവണ പ്രസിഡന്റിനെ നിശ്ചയിക്കൂ. കെ. മുരളീധരന്‍ എംഎല്‍എയ്ക്കും വിഡി സതീശനുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ള നേതാക്കള്‍. മുല്ലപ്പള്ളി രാമചന്ദ്രനെയും കെപിസിസി പ്രസിഡന്റായി പരിഗണിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ താത്പര്യം. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറിയായി ആന്ധ്രയുടെ ചുമതല ഏറ്റെടുത്തതോടെ അതിനുള്ള സാധ്യത ഇല്ലാതായിട്ടുണ്ട്. എന്നാലും ഉമ്മന്‍ ചാണ്ടിയെ വീണ്ടും കേരളത്തില്‍ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ചെങ്ങന്നൂരിലെ കനത്ത പരാജയത്തെതുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലേറ്റ വന്‍ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതി പ്രളയം. വിദേശത്തുള്ള അധ്യക്ഷന്‍ രാഹുലിന്റെ മുന്നിലും, തോല്‍വി നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് വ്യക്തമാക്കുന്ന പരാതികള്‍ ചെന്നു കഴിഞ്ഞു.

ജയിക്കാമായിരുന്ന തിരഞ്ഞെടുപ്പില്‍ ചില നേതാക്കന്മാരുടെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് തിരിച്ചടി നേരിട്ടതെന്നാണ് പരാതി. സംഘടനാപരമായ ദൗര്‍ബല്യവും തോല്‍വിക്ക് കാരണമായതായി പരാതിയില്‍ പറയുന്നു. താഴേത്തട്ടിലുള്ള പ്രചാരണം ഫലപ്രദമായില്ലെന്നും പരാതികളില്‍ വ്യക്തമാക്കുന്നുണ്ട്.

പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും ഗ്രൂപ്പ് പോര് പരാജയത്തിലേക്ക് നയിച്ചെന്നും പരാതികളില്‍ ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി വിജയകുമാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സംഘടനാ പരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചു. പലബൂത്തുകളിലും കോണ്‍ഗ്രസുകാര്‍ ബൂത്ത് ഏജന്റുമാരായി ഇരുന്നില്ല. താല്‍പര്യമില്ലാത്തവരെ ബൂത്ത് ഏജന്റുമാരാക്കിയത് എന്തിനാണെന്ന് അന്വേഷിക്കണം. കോണ്‍ഗ്രസിന്റെ പരാമ്പരാഗത വോട്ടുകള്‍ നഷ്ടമായതിനെക്കുറിച്ചും അന്വേഷിക്കണമെന്നും വിജയകുമാര്‍ പറഞ്ഞു.

90 ശതമാനം ബൂത്തു പ്രസിഡന്റുമാരേയും തിരഞ്ഞെടുത്തെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അവകാശപ്പെടുമ്പോഴാണ് പല ബൂത്തുകളിലും ബൂത്ത് ഏജന്റുമാരുപോലും ഇല്ലായിരുന്നെന്ന് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നത്. ചെങ്ങന്നൂരില്‍ ജയിപ്പിച്ചാല്‍ പള്ളിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കി തരാമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ സഭാ നേതൃത്വം വീണുവെന്നും വിജയകുമാര്‍ ആരോപിച്ചു.

യുഡിഎഫിന്റെ തന്നെ മണ്ഡലമായ ചെങ്ങന്നൂരില്‍, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലടക്കം എല്‍ഡിഎഫാണ് ലീഡ് നേടിയത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ പോലും പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തില്‍ വലിയ അതൃപ്തിയാണ് നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ തോല്‍വിയുടെ പശ്ചാത്തലം ഹൈക്കമാന്‍ഡ് ഇടപെട്ട് പരിശോധിക്കുമെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് സ്ഥാനമടക്കം നേതൃനിരയില്‍ വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്.

കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി ഈ മൂന്നും ചേര്‍ത്ത് അടുത്തയാഴ്ച ഹൈക്കമാന്‍ഡ് പ്രഖ്യാപനം വരാനാണ് സാധ്യത.

Print Friendly, PDF & Email

Related News

Leave a Comment