കെ.എസ്.സി. – യു.എ.ഇ.എക്സ്ചേഞ്ച് ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര വോളിബോള്‍ മേള; ജുണ്‍ 3 മുതല്‍ 8 വരെ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബില്‍

IMG-20180603-WA0035അബുദാബി: അന്താരാഷ്ട്ര സൗഹൃദത്തിന്റെയും ആഗോള സാഹോദര്യത്തിന്റെയും പ്രചാരകനായിരുന്ന യു.എ.ഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇരുപത്തി രണ്ടാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ കെ.എസ്.സി. – യു.എ.ഇ.എക്സ്ചേഞ്ച് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് റമദാനില്‍ ജൂണ്‍ 3 മുതൽ 8 വരെ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ത്യ, യു.എ.ഇ., ഇറാന്‍, ഇറാഖ്, പാക്കിസ്ഥാന്‍, ഒമാന്‍, ഈജിപ്ത്, ലെബനോന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ദേശീയ – അന്തര്‍ദേശീയ വോളി താരങ്ങള്‍ അണിനിരക്കുന്ന എന്‍.എം.സി. ഹെല്‍ത്ത് കെയര്‍, അല്‍ ജസീറ ക്ലബ്, ദുബായ് ഖാന്‍ ക്ലബ്, ഓഷ്യന്‍ ക്ലബ്, ഒണ്‍‌ലി ഫ്രഷ് ദുബായ്, ബിന്‍ സുബി ദുബായ് എന്നീ ആറ് ടീമുകള്‍ മാറ്റുരയ്ക്കും.

അബുദാബി അല്‍ വഹ്ദയില്‍ ബസ് സ്റ്റേഷനു സമീപമുള്ള എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബില്‍ രാത്രി 9 മണി മുതല്‍ നടക്കുന്ന ആവേശകരമായ വോളിബോള്‍ മത്സരം കാണുവാന്‍ പ്രവേശനം സൗജന്യമായിരിക്കും. ജൂൺ 3, 4, 5, 6 തിയ്യതികളില്‍ രണ്ട് പൂളുകളിലായി രണ്ട് മത്സരങ്ങള്‍ വീതമുണ്ടായിരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകളെ ഉള്‍പ്പെടുത്തിയുള്ള സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ 7 നും ഫൈനല്‍ മത്സരം ജൂണ്‍ 8 നും നടക്കും. വിജയികള്‍ക്ക് യു.എ.ഇ.എക്സ്ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹംസ് സമ്മാനത്തുകയും റണ്ണേഴ്‌സ് അപ്പ് ടീമിന് അയൂബ് മാസ്റ്റര്‍ റോളിംഗ് ട്രോഫിയും 15,000 ദിര്‍ഹംസ് സമ്മാനത്തുകയും ലഭിക്കും. മികച്ച കളിക്കാരന്‍ ഉള്‍പ്പടെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്യും.

ഇറ്റാലിയന്‍ പ്രൊഫഷണല്‍ വോളി ക്ലബ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലെ മിന്നുന്ന താരമായിരുന്ന ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിന്റെ അപകട മരണത്തെ തുടര്‍ന്ന് 1988 ല്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ തുടങ്ങിവെച്ച ഈ വോളിബോള്‍ ടൂര്‍ണമെന്റ്, ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയൊരു കായികോത്സവമായി മാറിയിട്ടുണ്ട്. ഇന്‍ഡോ – അറബ് ബന്ധത്തിന്റെ കൂടി അടയാളമാവുന്ന ഈ മേളക്ക് യു.എ.ഇ.യിലെ വിവിധ മന്ത്രാലയങ്ങളും കായിക സംഘടനകളും വലിയ പിന്തുണയാണ് നല്‍കുന്നത്. ആരംഭം മുതല്‍ ഇതുവരെയും യു.എ.ഇ.എക്സ്ചേഞ്ച് ആണ് ഈ ടൂര്‍ണമെന്റിന് പശ്ചാത്തലമൊരുക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News